കൊച്ചി : വായനയുടെ കാലം അസ്തമിച്ചിട്ടില്ലെന്ന് എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ കഴിഞ്ഞ പത്തു ദിവസമായി നടന്നു വന്ന 17-ാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ തിരക്കു പറയുന്നത്. കേരളത്തിലെയും ഇന്ത്യയിലെ മറ്റ് എട്ടു സംസ്ഥാനങ്ങളിലെയും 300 ഓളം വന്‍കിട പുസ്തകപ്രസാധകരാണ് ഇവിടെ അണിനിരന്നിരിക്കുന്നത്. ഓരോ സ്റ്റാളുകളിലും അഭുതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. യുവാക്കളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വലിയൊരു നിരയാണ് ഇക്കുറി പുസ്തകോത്സവത്തിന്റെ പ്രത്യേകത എന്നാണ് പങ്കെടുക്കുന്ന ഓരോ സ്റ്റാളും അഭിപ്രായപ്പെട്ടത്. അതുകാണിക്കുന്നത് വായനയുടെ ലോകം ഇനിയും അസ്തമിച്ചിട്ടില്ല എന്നു തന്നെയാണ്. പുസ്തകവായന ഇല്ലാതായി എന്നു പറയുന്നതിനെക്കാള്‍ എന്റെ പുസ്തകങ്ങള്‍ ആരും വായിക്കുന്നില്ല എന്ന് എഴുത്തുകാര്‍ മാറ്റിപറയേണ്ടിയിരിക്കുന്നു എന്നാണ് മുഖ്യസംഘാടകനായ ഇ.എന്‍. നന്ദകുമാര്‍ അഭിപ്രായപ്പെട്ടത്. കരുത്തുററ പുസ്തകങ്ങള്‍ ജനിക്കാത്തതാണ് വായനനശിക്കാനുള്ള കാരണമായി അദ്ദേഹം ചൂണ്ടികാട്ടിയത്. ചിന്ത പബ്ലിക്കേഷന്‍സ് തുടങ്ങി മാതൃഭൂമിബുക്സില് അവസാനിക്കുമ്പോള്‍ എല്ലാത്തരത്തിലുമുളള പുസ്തകങ്ങളും വായനക്കാരിലേക്കെത്തിക്കാന്‍ കഴിയുന്നു പുസ്തകോത്സവത്തിന്.
ചൗകംബ സാന്സ്ക്രറ്റ് സന്സ്ഥാന്, സെന്‍ട്രന്‍ ഹിന്ദി ഡയറക്ടറേറ്റ്, നാഷണല്‍ ബുക്ക് ട്രസ്റ്റ്, കേന്ദ്ര സാഹിത്യ അക്കാദമി തുടങ്ങിയവരുടെ പങ്കാളിത്തവും 17-ാമത് പുസ്തകോത്സവത്തിന്റെ പ്രത്യേകതയായി എടുത്തുപറയാം എന്ന് സംഘാടകര്‍ പറഞ്ഞു. കൂടാതെ ഹിറ്റാഡ്ഷേ, പെന്ഗ്വിന് തുടങ്ങിയ വിദേശ പ്രസാധകരുടെ പുസ്തകവും ഈ വര്‍ഷം ഉണ്ടായിരുന്നു. 1997ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ 50-ാം വാര്‍ഷികത്തിനാണ് ആദ്യമായി പുസ്തകോത്സവം ആരംഭിച്ചത്. 17 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയിലെതന്നെ ഒന്നാമത്തെ എക്സിബിഷനായിമാറി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം. എറണാകുളത്തു മാത്രം ഒതുങ്ങിനില്ക്കാതെ ആലപ്പുഴയില്‍ ആഗസ്തിലും, തലശ്ശേരിയില്‍ ഫെബ്രുവരിയിലും പുസ്തകോത്സവം സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി. പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യസംഗമം, കവിയരങ്ങ് തുടങ്ങിയ പരിപാടികള്‍ വളരെ ജനശ്രദ്ധയാകര്‍ഷിച്ചു.
കുട്ടികളിലെ വായനാശീലം വളര്‍ത്തിയെടുക്കാന്‍ കുട്ടികളുടെ പുസ്തകോത്സവവും സംഘടിപ്പിക്കുന്നുണ്ട് പുസ്തകോത്സവ സമിതി. കുട്ടികള്‍ അവരുടെ വിട്ടിലുള്ള പുസ്തകങ്ങള്‍ സ്കൂളിലെത്തിച്ചായിരുന്നു പ്രദര്‍ശനം നടത്തിയത്. അങ്ങിനെ 100 സ്കൂളുകളില്‍ നടത്തിയ എക്സിബിഷനില്‍ ഒരു ലക്ഷം പുസ്തകങ്ങള്‍ വരെ പ്രദര്‍ശിപ്പിച്ച സ്കൂളുകള്‍ വരെയുണ്ടായി എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഒരു ദിവസത്തെ അവധികൊടുത്താണ് എല്ലാ പ്രമുഖ സ്കൂളുകളും പങ്കെടുത്തത്. ഏറ്റവും കൂടുതല്‍ പുസ്തകം എത്തിച്ച കുട്ടിക്കും, ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ച സ്കൂളിനും സമ്മാനവും നല്‍കിയിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കുട്ടികളുടെ അന്താരാഷ്ട്ര പുസ്തകോത്സവം എന്ന ആശയം രൂപം കൊണ്ടത്.
മികച്ച സാഹിത്യത്തിനുള്ള സമഗ്രസംഭാവനയായി കഴിഞ്ഞ 10 വര്‍ഷമായി ബാലാമണിയമ്മ പുരസ്കാരം നല്കി വരുന്നുണ്ട്. ഇത്തവണത്തെ പുരസ്കാരം പി.വല്സലക്കാണ് ലഭിച്ചത്. സുഗതകൂമാരി, എം.ലീലാവതി, കോവിലന്, അക്കിത്തം, കാക്കനാടന്, വിഷ്ണുനാരായണന്‍ നമ്പൂതിരി, എം.പി.വിരേന്ദ്രകുമാര്‍, സി.രാധാകൃഷ്ണന്, യുസഫലി കേച്ചേരി തുടങ്ങിയവര്‍ക്കാണ് മുന്‍പ് ബാലാമണിയമ്മ പുരസ്കാരം ലഭിച്ചിട്ടുള്ളത്. കൂടാതെ കഴിഞ്ഞ വര്‍ഷം മുതല്‍ മാധ്യമ പുരസ്കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക പ്രതിബധതയുള്ള ഫീച്ചറുകള്‍ക്കാണ് അവാര്‍ഡു നല്‍കുന്നത്. പത്രമാധ്യമത്തിനും, ദൃശ്യമാധ്യമത്തിനും പ്രത്യേകം പുരസ്കാരങ്ങളാണ് നല്‍കുന്നത്. പ്രാസാധകര്ക്കും അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പുരസ്കാരം നല്‍കുന്നുണ്ട്. ഈ വര്‍ഷത്തെ പുരസ്കാര ജേതാവ് കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടാണ്.
17-ാമത് അന്താരാഷ്ട്ര പുസ്തകോത്സവ ആഘോഷ സമിതിയുടെ അദ്ധ്യക്ഷന്‍ ജസ്റ്റിസ് പി.ആര്.രാമന് ആയിരുന്നു. കെ.രാധാകൃഷ്ണന് ഡയറക്ടര്‍, ബി.പ്രകാശ്ബാബു ജനറല്‍ കണ്‍വീനര്‍, അഡ്വ.എം.ജയശങ്കര്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയവര്‍ പുസ്തകോത്സവത്തിനു നേതൃത്ത്വം നല്കി.
18-ാമതു അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 8 വരെ നടത്താന്‍ തീരുമാനിച്ചതായി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ജനറല്‍ സെക്രട്ടറി ഇ.എന്‍.നന്ദകുമാര്‍ പറഞ്ഞു. വിദേശത്തു നിന്നുള്‍പ്പെടെ ആയിരം പ്രസാധകരെ എത്തിക്കുകയാണ് 18-ാമതു അന്താരാഷ്ട്ര പുസ്തകോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്.
കെ.എം.കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: