പറവൂര്‍: പറവൂര്‍ മേഖലയില്‍ ഏഴിക്കര, കോട്ടുള്ളി, വരാപ്പുഴ, കടമക്കുടി പ്രദേശങ്ങളിലെ ചെമ്മീന്‍ കെട്ടുകളില്‍ വൈറസ്ബാധ മൂലം ചെമ്മീന്‍ ചത്തൊടുങ്ങുന്നു. 40-50 ദിവസം മാത്രം പ്രായമുള്ള ചെമ്മീനുകളാണ് ഇങ്ങനെ ചത്തുകൊണ്ടിരിക്കുന്നത്. കുറഞ്ഞത് 90-100 ദിവസത്തെയെങ്കിലും വളര്ച്ചയെത്തിയാല് മാത്രമേ ചെമ്മീന്‍ ശരിയായ വില കിട്ടുകയുള്ളൂ. പകുതി വളര്‍ച്ചയെത്തിയപ്പോഴാണ് ചെമ്മീന്‍ വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. രോഗം ബാധിച്ചതിനാല്‍ ഇപ്പോള്‍ പിടിച്ചെടുക്കുന്ന ചെമ്മീന്‍ വില കിട്ടുന്നില്ലെന്നതും തിരിച്ചടിയാണ്.
സര്‍ക്കാര്‍ ഹാച്ചറിയില്‍ നിന്നും സ്വകാര്യ ഹാച്ചറികളില്‍നിന്നും പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയാണ് ചെമ്മീന്‍കുഞ്ഞുങ്ങളെ വിതരണം നടത്തിയിട്ടുള്ളതെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്. ഇത് വിശ്വസിച്ച് ചെമ്മീന്‍ കുഞ്ഞുങ്ങളെ വാങ്ങി കൃഷി നടത്തിയവരാണ് ഇപ്പോള്‍ നഷ്ടത്തിന്റെ നടുക്കടലിലായിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലും ഇതുപോലെ രോഗബാധയുണ്ടായപ്പോള്‍ അക്വാ-ഫാര്‍മേഴ്സ് ഫെഡറേഷന് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല.
ഗുണമേന്മ ഉറപ്പുവരുത്തിയ ചെമ്മീന്‍ കുഞ്ഞുങ്ങളെ മാത്രമേ ഹാച്ചറികള്‍ വിതരണം ചെയ്യാന്‍ പാടുള്ളൂവെന്നാണ് സര്‍ക്കാര്‍ നയം. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കാന്‍ നടപടികളില്ലാത്തതാണ് ചെമ്മീന്‍ കൃഷിയില്‍ ഓരോവര്‍ഷവും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കാത്തതും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നു.
ഓരോ വര്‍ഷവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചെമ്മീന്‍ കൃഷിനാശം ചെമ്മീന്‍ കൃഷിമേഖലയെതന്നെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വൈറസ് ബാധയെക്കുറിച്ചും സമഗ്രമായ പഠനം നടത്തി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വൈറസ് ബാധ മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ഫെഡറേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: