ആലുവ: രാഷ്ട്രപിതാവിന്റെ പേരിലുള്ള മുന്‍സിപ്പല്‍ ടൗണ്‍ഹാളിന്റെ വാടകനിരക്ക് വര്‍ധിപ്പിച്ചത് പൊതുജനങ്ങള്‍ക്ക് ഇരുട്ടടിയായി. മഹാത്മാഗാന്ധി ടൗണ്‍ഹാളിന് വിവാഹാവശ്യത്തിന് ഈടാക്കിയ വാടക നികുതി ഉള്‍പ്പെടെ 10871 രൂപയായിരുന്നു. ഇത് 16989 രൂപയാക്കി. പ്രിയദര്‍ശിനി ടൗണ്‍ ഹാളിന്റെത് 12401 രൂപയില്‍നിന്ന് 18519 രൂപയാക്കി. മീറ്റിങ്ങുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള വാടകനിരക്ക് എംജി ടൗണ്‍ ഹാളിന്റെ 5354 രൂപയില്‍നിന്ന് 11472 രൂപയായും പ്രിയദര്‍ശനി ടൗണ്‍ ഹാളിന്റെത് 4466 രൂപയില്‍നിന്ന് 10584 രൂപയായും കൂട്ടി. ടിക്കറ്റ് വില്‍പ്പനയിലൂടെ നടത്തുന്ന പരിപാടികള്‍ക്ക് എംജി ഹാളില്‍ 6271 രൂപയില്‍നിന്ന് 12389 രൂപയായും കോംപ്ലിമെന്ററി പരിപാടിക്ക് 6901 രൂപയില്‍നിന്ന് 13019 രൂപയായും ഉയര്‍ത്തി.
പ്രിയദര്‍ശിനി ടൗണ്ഹാളിന്റെത് 5200 രൂപയില്‍നിന്ന് 11318 രൂപയായും കോപ്ലിമെന്ററി 5721 രൂപയില്‍ നിന്ന് 11839രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് നിരക്ക് കൂട്ടിയിട്ടും ജനറേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. വര്‍ഷം കഴിഞ്ഞിട്ടും നവീകരണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല. ടോയ്ലറ്റുകള് പലതും മൂക്കുപൊത്താതെ കയറാന്‍ പറ്റാത്ത സ്ഥിതിയിലാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും കുറവാണ്. എംജി ടൗണ്‍ഹാളിന്റെ സ്ഥിതിയാണ് ഏറെ പരിതാപകരം. മാലിന്യം ശേഖരിക്കുന്ന നഗരസഭ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നത് ടൗണ്‍ഹാള്‍ മുറ്റത്താണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന ആഹാരാവശിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യങ്ങളും പാര്‍ക്കില്‍ നിറച്ച് കൂട്ടിയിട്ടിരിക്കുന്നത് പ്രധാന ഗേറ്റിന് സമീപത്താണ്. നാറ്റം സഹിക്കാനാകാതെ ജനങ്ങള്‍ പ്രതിഷേധത്തെത്തുടര്‍ന്ന് കുറച്ചുദിവസം മുമ്പ് മാത്രമാണ് ഇത് നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: