അങ്കമാലി : അങ്കമാലിയില്‍ പിടികൂടിയ കള്ളനോട്ട് കേസില്‍ പിടിയിലായവര്‍ക്ക് തീവ്രവാദബന്ധമുള്ളതായി പോലീസിന് സംശയം. പാക്കിസ്ഥാനിലെ ക്വൊറ്റ എന്ന സ്ഥലത്താണ് നോട്ടുകള്‍ പ്രിന്റ് ചെയ്തിരിക്കുന്നതെന്നാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. അവിടെനിന്ന് ബംഗ്ലാദേശ് വഴിയാണ് കള്ളനോട്ടുകള്‍ ബംഗാളിലേക്ക് എത്തുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സി കള്ളനോട്ട് കേസ് ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ഈ കേസില്‍ പിടിയിലായവരെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ സംഘം അങ്കമാലിയില്‍ എത്തിയിരുന്നു. ഇവര്‍ പ്രാഥമിക വിവരങ്ങള്‍ ഇവരില്‍നിന്നും ശേഖരിച്ചിട്ടുണ്ട്.
പാക്കിസ്ഥാനില്‍ നിന്നും വന്ന നോട്ടുകളാണ് അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്തത് എന്നുള്ളതുകൊണ്ടാണ് കള്ളനോട്ട് കേസ് ഉന്നതസംഘം അന്വേക്ഷിക്കുവാന്‍ തയ്യാറാകുന്നത്. കള്ളനോട്ടുകേസില്‍ പിടിയിലായ വെസ്റ്റ് ബംഗാള്‍ മൂര്ഗിദാബാദ് ജില്ലയിലെ ദൗലത്താബാദ് സ്വദേശികളായ ജോയ്ത് ഷേക് മകന് മുകള്‍ ഷേയ്ക് (26), മുഹറം ഷേയ്ഖ് മകന് നജ്മല്‍ ഷേയ്ഖ് (26), ജാഫര്‍ അലി ഷേയ്ഖ് മകന് മിറാജ്ജൂല്‍ (27) എന്നിവര്‍ മൂന്ന് മാസത്തിലൊരിക്കല്‍ നാട്ടില്‍ പോയി വരാറുള്ളവരാണ്.
നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോഴാണ് കള്ളനോട്ടുകള്‍ കൊണ്ടുവരുന്നതെന്നും എറണാകുളം ജില്ലയില്‍ രണ്ട് ലക്ഷത്തോളം കള്ളനോട്ട് മാറിയതായും ഇവര്‍ സമ്മതിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ പലസ്ഥലങ്ങളിലും കള്ളനോട്ട് മാറിയിട്ടുള്ള ഇവര്‍ ആദ്യമായിട്ടാണ് അങ്കമാലിയില്‍ മാറുവാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 80000 രൂപയോളം ഒന്നാം പ്രതി മുകുള്‍ ഷേയ്ക് ബീഹാറിലേക്ക് അയച്ചിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും അന്വേഷണ വിധേയമായിട്ടുണ്ട്. പിടിയിലായ മിറാജ്ജുല് കല്പണിക്കാരനും മുകുള്‍ ഷേയ്ക്, അജ്മല്‍ എന്നിവര്‍ ഹെല്പര്മാരായാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. പിടിയിലായ ബംഗാളികള്‍ കള്ളപണം വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികള്‍ മാത്രമാണ്. ഇവര്‍ക്ക് പണം നല്കുന്ന സംഘങ്ങളെകുറിച്ചും വ്യക്തികളെകുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.
ഇവരെ പിടികൂടുന്നതിനായി അന്വേഷണ സംഘം വലവിരിച്ചിരിക്കുകയാണ്. കള്ളപണം കൊണ്ടുവന്ന വഴിയും കൊടുത്തുവിട്ടവരെയും മനസിലാക്കിയാല്‍ മാത്രമെ അന്വേഷണം ഇനി മുന്നോട്ട് പോകുവാന്‍ കഴിയുകയുള്ളൂ. ഇതിനുള്ള പരിശ്രമത്തിലാണ് അന്വേഷണ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: