കൊച്ചി: ദേശീയപാത അതോറിറ്റിക്കു കീഴിലുള്ള കളമശ്ശേരി – വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിന് മുളവുകാട് ഭാഗത്ത് സര്‍വീസ് റോഡ് നിര്‍മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. റോഡ് നിര്‍മാണം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജില്ല കളക്ടാര് പി.ഐ. ഷെയ്ക്ക് പരീതിനെ യോഗം ചുമതലപ്പെടുത്തി. കളക്ടറുടെ നേതൃത്വത്തില്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദേശീയപാത അതോറിറ്റി, കൊച്ചി തുറമുഖ ട്രസ്റ്റ് എന്നീ ഏജന്‍സികളുടെ സഹകരണത്തോടെയാണ് കളക്ടാര് പഠനം നടത്തുക. എസ്. ശര്‍മ എം.എല്‍.എ, ജില്ല പഞ്ചായത്ത് അംഗം എം.ജെ. ജോമി, മുളവുകാട് ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍, ജനകീയ സമിതി പ്രതിനിധികള്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
കണ്ടെയ്നര്‍ റോഡ് നിര്‍മാണത്തിനായി മുളവുകാട് മേഖലയില്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ സര്‍വീസ് റോഡ് സംബന്ധിച്ച് ആവശ്യം ജനപ്രതിനിധികള്‍ ഉന്നയിച്ചിരുന്നതാണെന്ന് എസ്. ശര്‍മ എം.എല്‍.എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് പലവട്ടം ദേശീയപാത അതോറിറ്റി, തുറമുഖ ട്രസ്റ്റ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. കണ്ടെയ്നര്‍ റോഡ് നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി തേടി ദേശീയപാത അതോറിറ്റി സമര്‍പ്പിച്ച അപേക്ഷയില്‍ സര്‍വീസ് റോഡ് നിര്‍മാണം ഉള്‍പ്പെടുത്തിയെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. കണ്ടെയ്നര്‍ റോഡ്, റെയില്‍പാത എന്നിവയുമായി ബന്ധപ്പെട്ട് ഒഴിവാക്കിയ ലൈസന്‍സുള്ള ഊന്നിവലകള്‍ക്ക് നഷ്്ടപരിഹാരം നല്‍കണമെന്നും ശര്‍മ ആവശ്യപ്പെട്ടു.
മുളവുകാട് മേഖലയില്‍ നിലവിലുള്ള ഹൈവെയ്ക്ക് സമീപം സര്‍വീസ് റോഡ് നിര്‍മിച്ചാല്‍ കല്‍വര്‍ട്ട് നികത്തേണ്ടി വരുമെന്നും ഇതിനായി പാരിസ്ഥിതിക അനുമതി തേടേണ്ടി വരുമെന്നും ദേശീയപാത അതോറിറ്റി അധികൃതര്‍ പറഞ്ഞു.
എന്നാല്‍ സര്‍വീസ് റോഡ് നിര്‍മിക്കുന്നതിന് എല്ലാ സഹായവും അതോറിറ്റി നല്‍കുമെന്നും അവര്‍ വ്യ്ക്തമാക്കി. സര്‍വീസ് റോഡ് നിര്‍മാണത്തിന് സാങ്കേതികവും പാരിസ്ഥിതികവുമായ അനുമതി ലഭിച്ചാല്‍ സഹകരിക്കുമെന്ന് തുറമുഖ ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: