ആലുവ: സഹകരണബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡുകളിലേക്കും കൊള്ളപലിശ സംഘങ്ങള്‍ കയറിപറ്റുന്നു. ബിനാമികളെ ഉപയോഗിച്ച് കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്തശേഷം കൊള്ളപലിശക്ക് നല്‍കിയാണ് കൂടുതല്‍ വരുമാനമുണ്ടാക്കുന്നത്. ആലുവക്കടുത്തുള്ള ഒരു ബാങ്കില്‍ ചിലഡയറക്ടര് ബോര്‍ഡംഗങ്ങളും ജീവക്കാരും ഒത്തുചേര്‍ന്ന് മുക്കുപണ്ടം പണയം വച്ചുപോലും വായ്പയെടുത്ത സംഭവമുണ്ടായി. സഹകരണ ബാങ്കില്‍നിന്നും വായ്പയെടുത്ത് തവണമുടങ്ങുന്നവരെ ജപ്തിയൊഴിവാക്കാന്‍ സാവകാശം നല്കി അവര്‍ക്ക് അമിത പലിശയ്ക്ക് പണം നല്കി സഹായിക്കുന്ന ചിലരുമുണ്ട്.
താല്‍ക്കാലികമായി ജപ്തിഭീഷണിയില്‍ നിന്നും മോചിതരാകുന്ന ഇവരെ പിന്നീട് കൊള്ളപലിശമാഫിയ തങ്ങളുടെ വലയില്‍ കുരുക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ആലുവായിലെ മുതിര്‍ന്ന പോലീസുദ്യോഗസ്ഥന് ലഭിച്ച പരാതിയനുസരിച്ച് പറവൂരിലെ ഒരു വനിതയായ കൊള്ളപലിശക്കാരിയെകുടുക്കാന് റെയ്ഡ് നടത്തിയെങ്കിലും പോലീസില്‍ നിന്നുതന്നെ റെയ്ഡിനു മുമ്പേവിവരം ചോരുകയായിരുന്നു. പോലീസില്‍ നിന്നുള്‍പ്പെടെ സര്‍വ്വീസുകളില്‍ നിന്നും വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുകയുപയോഗിച്ചും പലിശ ഇടപാട് നടത്തുന്നവരേറെയുണ്ട്. പലിശക്കാര്‍ക്കെതിരെ നടപടി തുടങ്ങിയപ്പോള്‍ ചിട്ടിമറയാക്കിയാണ് ഇപ്പോള്‍ ചിലര്‍ ഇടപാടുകള്‍ നടത്തിന്നത്.
എന്നാല്‍ രജിസ്റ്റര്‍ ചെയ്യാതെ ചിട്ടിനടത്തുന്നത് കുറ്റകരമായതിനാല്‍ രേഖകളൊന്നും നല്‍കാതെയാണ് ഇടപാട് പൊടിപൊടിക്കുന്നത്. രണ്ട് ലക്ഷത്തിന്റെ വരെ ചിട്ടിയാണ് ആവശ്യക്കാരന് ഒരു ലക്ഷം രൂപയ്ക്ക് നല്‍കുക. ഇത് വഴി കൊള്ളപലിശയേക്കാള് കൂടുതല്‍ ലാഭം ലഭിക്കുകയും ചെയ്യും.
ചിട്ടിയുടെ തവണമുടങ്ങിയാല്‍ പുതിയ ചിട്ടിയില്‍ ചേര്‍ത്ത് വീണ്ടും വിളിച്ചെടുപ്പിക്കും. ഏതെങ്കിലും തരത്തിലുള്ള കച്ചവടങ്ങളിലേര്പ്പെട്ടിട്ടുള്ളവരെയാണ് ഇത്തരം ചിട്ടികളില്‍ ചേര്‍ക്കുക. രണ്ടോ മൂന്നോചിട്ടികളാകുമ്പോഴേക്കും തവണകള്‍ മുടങ്ങി കച്ചവടസ്ഥാപനം വില്പന നടത്തേണ്ടഗതികേടിലുമാകും. വനിതകള്‍ കൂടുതലായി പലിശ ഇടപാടിലേക്ക് കടന്നുവരുന്നതായി രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിട്ടുണ്ട്. കുടുംബശ്രീവഴിയും സമുദായസംഘടനകളുടെയും മറ്റും സ്വാശ്രയ സംഘങ്ങള്‍വഴിയും കുറഞ്ഞ പലിശക്ക് ലഭിക്കുന്ന പണമാണ് ചിലവനിതകള് കൊള്ളപലിശക്ക് നല്‍കുന്നത്. ഗ്രാമപ്രദേശങ്ങളിലും മറ്റും പണം പലിശക്ക് നല്കുന്ന തമിഴ് സംഘങ്ങള്‍ ഇപ്പോള്‍ പഴയതുപോലെ സജീവമല്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പലിശക്ക് പണം നല്കുന്ന ചില സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങള്‍കൂടി സഹകരിച്ചാല്‍ മാത്രമെ കൊള്ളപലിശാസംഘത്തെ അടിച്ചമര്‍ത്താന്‍ കഴിയുകയുള്ളുവെന്ന് ആലുവ റൂറല്‍ എസ്പി എസ്.സതീഷ് ബിനോ പറഞ്ഞു.
കൊള്ളപലിശ സംഘത്തിനെതിരെ പരാതിലഭിച്ചാല്‍ യഥാസമയം നടപടിയെടുക്കും. വിവരാവകാശ നിയമമുപയോഗപ്പെടുത്തിയും മറ്റും പരാതികളിന്മേലുള്ള നടപടികള്‍ വൈകുന്നതിനെ ചോദ്യം ചെയ്യാനും കഴിയും. തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തുവാനാണ് തീരുമാനം. ഇതനുസരിച്ച് പരാതി നല്‍കുന്നവരുടെ വസ്തുതകള്‍ പരിശോധിച്ച് കൊള്ളപലിശക്കാരുടെ ഇടപാടുകള്‍ പ്രത്യേക മഫ്തിപോലീസിനെ ഉപയോഗിച്ച് നിരീക്ഷിക്കും. തെളിവുകളോടെ പിടികൂടാനാണ് പോലീസ് ശ്രമിക്കുന്നത്. മൂന്നുതവണ ഇത്തരത്തില്‍ പിടിക്കപ്പെട്ടാല്‍ ഗുണ്ടാനിയമമോ കാപ്പനിയമമോ ചുമത്തുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: