പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ പ്രദീപ് രാജിവെച്ചു. കേന്ദ്രമന്ത്രി കെ.വി.തോമസ് വിഭാഗക്കാരിയായ ഉഷാ പ്രദീപിന്റെ രാജി കൊച്ചി ബിഷപ്പിന്റെ സമ്മര്‍ദ്ദ ഫലമാണെന്ന് സൂചനയുണ്ട്.
എംഎല്‍എ ഡൊമിനിക് പ്രസന്റേഷന് വിഭാഗവും കെ.വി.തോമസ് വിഭാഗവുമായി ഇവിടെ കടുത്ത ശീതസമരമാണ് നടക്കുന്നത്. ഡൊമിനിക് പ്രസന്റേഷന് വിഭാഗക്കാരിയായ സൂസന് ജോസഫിനെ പഞ്ചായത്ത് പ്രസിഡന്റാക്കുന്നതിന്റെ ഭാഗമായാണ് ഉഷാ പ്രദീപിനെ രാജിവെപ്പിക്കുന്നത്. മൂന്നുവര്‍ഷം മുമ്പാണ് ഉഷാ പ്രദീപ് ഇവിടെ പഞ്ചായത്ത് പ്രസിഡന്റായി വരുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പഞ്ചായത്തായ ഇവിടെ മറ്റൊരു മതവിഭാഗത്തില്‍ പെട്ടവര്‍ പ്രസിഡന്റാകുന്നതിനെ കൊച്ചി രൂപത ആദ്യകാലം മുതല്‍ക്കെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നതാണ്.
എന്നാല്‍ ഭൂരിപക്ഷം പഞ്ചായത്തംഗങ്ങളും ആദ്യഘട്ടത്തില്‍ പിന്തുണച്ചതിനാല്‍ രൂപതയുടെ സമ്മര്‍ദ്ദതന്ത്രം ഫലിച്ചില്ല. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡൊമിനിക് പ്രസന്റേഷന് വിജയിച്ചതോടെ പഴയ ആവശ്യത്തിന് ശക്തിയാര്‍ജ്ജിച്ചു. ഇതിനിടയില്‍ ആദ്യഘട്ടത്തില്‍ ഉഷാ പ്രദീപിനെ പിന്തുണച്ചിരുന്ന പഞ്ചായത്തംഗങ്ങള്‍ മറുപക്ഷത്തേക്ക് ചാഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് അവിശ്വാസത്തിന് നോട്ടീസ് നല്കി. പിന്നീട് ഡിസിസി ഇടപെട്ട് വിപ്പ് നല്‍കിയതോടെ അവിശ്വാസം ചര്ച്ചയ്ക്കെടുക്കാനാവാതെ തള്ളുകയായിരുന്നു. അവസാനഘട്ടത്തില്‍ കൊച്ചി ബിഷപ്പ് കെ.വി.തോമസിനെ വിളിച്ച് ഉഷാ പ്രദീപിനെ പിന്തുണച്ചാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദുഃഖിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇതോടെ അയഞ്ഞ കെ.വി.തോമസ് ഉഷാ പ്രദീപിനോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ഉഷ കുമ്പളങ്ങി പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചു.
ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിച്ച ഘട്ടത്തില്‍ ഉഷാ പ്രദീപിനെ തല്‍സ്ഥാനത്ത് നിര്‍ത്തിയാല്‍ പകരം താന്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് ഡൊമിനിക് പ്രസന്റേഷന് കെപിസിസി പ്രസിഡന്റിനെ രേഖാമൂലം അറിയിച്ചതായും കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: