കോതമംഗലം: പൂയംകുട്ടി വാരിയം ഉറിയംപെട്ടി പ്രദേശങ്ങളിലെ ആദിവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കണ്ടംപാറയിലും പരിസരപ്രദേശത്തുമായി താമസിക്കുന്ന ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നിരവധി വര്‍ഷങ്ങളായി ഇവര്‍ സര്‍ക്കാരിന്റെയും ഫോറസ്റ്റ് ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെയും കരുണയ്ക്കായി ഓഫീസുകളില്‍ കയറിയിറങ്ങുന്നു. മുമ്പ് താമസിച്ചിരുന്ന വാരിയം ഉറിയംപെട്ടി മേഖലയില്‍ അഞ്ച് മുതല്‍ പതിനെട്ട് ഏക്കര്‍ വരെ ഭൂമിയില്‍ കൃഷി ചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ് ഇവര്‍ ജീവിച്ചിരുന്നത്. വന്യജീവികളുടെ ശല്യം മൂലം കൃഷി ചെയ്യുവാനോ ചെയ്ത കൃഷിയില്‍നിന്നും ആദായം എടുക്കുവാനോ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
അടിസ്ഥാന സൗകര്യങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സൗകര്യങ്ങളൊരുക്കുന്നതിന് സര്‍ക്കാരിനും സാധിക്കുന്നില്ല. കൊടിയ പട്ടിണിയും ദാരിദ്ര്യവും രോഗങ്ങളും കൂടിയപ്പോള്‍ ജോലിതേടി കണ്ടംപാറയിലും പരിസരത്തുമായി താമസം തുടങ്ങിയവരാണേറെയും. കുടിവെള്ളത്തിനോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോ ഉള്ള സൗകര്യങ്ങളില്ലാതെ കഷ്ടത അനുഭവിച്ചും ബുദ്ധിമുട്ടിയുമാണ് ഇവരുടെ ജീവിതം. റേഷനല്ലാതെ മറ്റൊരു സഹായവും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണിവരുടെ പരാതി.
പ്രകൃതിസൗന്ദര്യം ആസ്വദിക്കുവാന്‍ വരുന്ന ടൂറിസ്റ്റുകളുടെ ശല്യംനിമിത്തം കുടിലിലുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടിലിന് പുറത്തിറങ്ങുവാന്‍ പോലും പറ്റാത്ത സാഹചര്യവുമാണ്. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുമായി നടന്ന ചര്‍ച്ചയുടെ ഫലമായി വാരിയം, മാപ്പിളപ്പാറ, മീന്‍കുളം, ചേമ്പുംകണ്ടം, കൂടല്ലാര്‍, വെട്ടിവര, മാനിക്കുടി, കണ്ടത്തിക്കുടി, തുമ്പിമേട്, ഉറിയംപെട്ടി തുടങ്ങിയ പ്രദേശത്ത് താമസിച്ചിരുന്ന 218 കുടുംബങ്ങളുടെ കൈവശമിരുന്ന 939 ഏക്കര്‍ ഭൂമി ഫോറസ്റ്റിന് വിട്ടുകൊടുത്തു. ഈ ഭൂമിക്ക് പകരമായി ആവാസയോഗ്യമായ പ്രദേശത്ത് തതുല്യമായ ഭൂമി നല്‍കാമെന്നും അവിടെ പ്രാഥമിക ആരോഗ്യകേന്ദ്രവും വിദ്യാഭ്യാസ സൗകര്യങ്ങളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കി നല്‍കാമെന്നും ധാരണയുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉരുളന്‍തണ്ണിയിലെ 545 ഏക്കര്‍ സ്ഥലം അനുവദിക്കാന്‍ ധാരണയായി. തേക്കുംപ്ലാന്റേഷനിലെ മരങ്ങള്‍ മുറിച്ചുമാറ്റി ആറ് മാസത്തിനുള്ളില്‍ ഓരോരുത്തര്‍ക്കും അവകാശപ്പെട്ട ഭൂമി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇപ്പോള്‍ ഈ സ്ഥലത്തിന്മേല് വനംവകുപ്പ് അവകാശം ഉന്നയിച്ചിരിക്കുകയാണ്. തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. ആദ്യപടിയായി ഇന്ന് രാവിലെ 10ന് കളക്ടറേറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണാ സമരം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്യും. വനവാസി കല്യാണ ആശ്രമം സംസ്ഥാന ഹിത രക്ഷാപ്രമുഖ് പി.കൃഷ്ണന്, സംസ്ഥാന കമ്മറ്റി അംഗം എം.പി.അപ്പു, അംഗം ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്, കെ.രാധാകൃഷ്ണന്, ഇ.ടി.നടരാജന് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: