ആലുവ: നഗരം കൊള്ള പലിശക്കാരുടെ വിഹാര കേന്ദ്രമായി മാറുന്നു. അറിയപ്പെടുന്ന ചില രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും വരെ പലിശ ഇടപാടുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിയേകാന്‍ ഗുണ്ടാ സംഘങ്ങളും രൂപമെടുക്കുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളം യാഥാര്‍ത്ഥ്യമായപ്പോള്‍ അതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത് ആലുവ നഗരത്തിനായിരുന്നു.
എന്നാല്‍ സമീപത്തെ പല പഞ്ചായത്തുകള്‍ വരെ നഗരപ്രദേശങ്ങളേക്കാള്‍ അഭിവൃദ്ധി നേടിയപ്പോള്‍ ആലുവ നഗരം സ്ഥലപരിമിതി ചൂണ്ടിക്കാട്ടി എന്നും നിശ്ചലാവസ്ഥ തുടരുകയായിരുന്നു. ആലുവ നഗരത്തിലെ കച്ചവടമാന്ദ്യമുള്പ്പെടെ പല പ്രശ്നങ്ങളെ സംബന്ധിച്ചും വിശദമായി പരിശോധിച്ചാല്‍ കൊള്ളപലിശ മാഫിയയുടെ സ്വാധീനമാണ് ഇതിനൊക്കെ പ്രധാന കാരണങ്ങളിലൊന്ന്. രാഷ്ട്രീയ നേതാക്കളും കൊള്ള പലിശയിലൂടെ ഉപജീവനം നടത്തുന്നുവെന്നതിനാല്‍ കൊള്ള പലിശയ്ക്കെതിരെ നടപടിയെടുക്കാന്‍ മാറി മാറി വരുന്ന പോലീസുദ്യോഗസ്ഥരും ഭയപ്പെടുകയാണ്. മണല്‍മാഫിയയ്ക്കും കരിമണല്‍ മാഫിയയ്ക്കും രാഷ്ട്രീയ പിന്തുണ നിര്‍ലോഭമാണ്. മണല്‍മാഫിയക്കെതിരെ കര്‍ശനമായി റെയ്ഡ് നടത്തിയ ഒരു എസ്പിയെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയ ഒരു വിപ്ലവ നേതാവ് എസ്പിയുടെ ഹസ്ത താടനം ഏറ്റുവാങ്ങിയ കഥയും ആലുവയ്ക്ക് പറയാനുണ്ട്. അതുപോലെ മറ്റൊരു പോലീസുദ്യോഗസ്ഥനെ സ്ത്രീയെ അസഭ്യം പറഞ്ഞുവെന്ന കേസിലും കുടുക്കി നാടുകടത്തി.
ഗുണ്ടാസംഘങ്ങളുടെ പിന്‍ബലത്തോടെ സര്‍വമേഖലയിലും ആധിപത്യം നേടിയെടുക്കാന്‍ ഈ മാഫിയ വളര്‍ന്നു കഴിഞ്ഞു. ഇതിനുവേണ്ടി രാഷ്ട്രീയത്തില്‍ സമുദായത്തില്‍ എന്നുവേണ്ട പോലീസില്‍ വരെ സ്വാധീനമുറപ്പിക്കുകയും ചെയ്തു. കൊള്ളപലിശക്കാര്‍ക്കെതിരെ ആരെങ്കിലും പരാതിപ്പെട്ടാല്‍ പോലീസില്‍നിന്നു തന്നെ പലിശക്കാര്‍ക്ക് വിവരം ലഭിക്കും. ഭീഷണിപ്പെടുത്തി നിമിഷങ്ങള്‍ക്കകം പരാതി പിന്‍വലിപ്പിക്കുകയും ചെയ്യും. കച്ചവടം നടത്താന്‍ പണം പലിശക്കെടുത്ത് ക്രമേണ പലിശക്കാരന് കച്ചവടസ്ഥാപനം വില്‍പ്പന നടത്തി അവിടുത്തെ തൊഴിലാളിയായി മാറേണ്ടി വന്നിട്ടുണ്ട്. ഇവിടെ ചിലര്‍ക്ക് ആലുവ ചന്തയുടെ പരിസരത്തുള്ള ഒട്ടേറെ ഭൂമി സ്വന്തമാക്കാന്‍ കൊള്ളപലിശ സംഘങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.
ചന്തയിലെത്തുന്ന കച്ചവടക്കാര്‍ക്ക് നിത്യ പലിശയ്ക്ക് വായ്പ നല്‍കിയാണ് പലരും ഇത്രയേറെ പണം സമ്പാദിച്ചത്. ക്രമേണ ആലുവ നഗരത്തില്‍ നിന്നും സമീപപ്രദേശങ്ങളിലേക്കും കൊള്ള പലിശ സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. മറ്റ് തൊഴിലുകളിലേര്‍പ്പെട്ട് ഇതില്‍നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത വിഹിതം പലിശയ്ക്ക് നല്കി ക്രമേണ ജോലിയുപേക്ഷിച്ച് പലിശ ഇടപാട് മാത്രം ഉപജീവനമാര്‍ഗമാക്കിയ ഒട്ടേറെ പേരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: