കൊച്ചി: ജില്ലയെ പുകയിലപരസ്യ രഹിത ജില്ലയായി പ്രഖ്യാപിച്ചു. പുകയില രഹിത എറണാകുളം പദ്ധതിയുടെ ഭാഗമായി ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ജില്ലയെ പുകയില ഉത്പന്ന പരസ്യരഹിത ജില്ലയായി പ്രഖ്യാപിക്കാന്‍ സഹായിച്ചത്. 2013ല്‍ പുകയില പരസ്യങ്ങള്‍ക്ക് എതിരെ സുപ്രീം കോടതിയുടെ വിധി ശക്തമായി നടപ്പിലാക്കാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജോസഫ് സാജു, ജില്ല നോഡല്‍ ഓഫിസര്‍ ഡോ.ഡാലിയ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിയമ നടത്തിപ്പില്‍ പരിശീലനം നല്‍കുകയും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന 618 കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. മൂന്ന് കടകള്‍ക്ക് എതിരെ മാത്രമാണ് നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വന്നത്. വ്യാപാരി വ്യവസായികള്‍ പരസ്യ നിരോധനത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുകയും, ജില്ലാ ഭരണകൂടത്തിന് പിന്തുണ നല്‍കുകയും ചെയ്തതായി കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ എവിടെയെങ്കിലും പുകയില പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ നാര്‍ക്കോട്ടിക് സെല്‍ ഓഫീസിനെയോ, അടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ജോസ്ഫ് സാജു അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസഫ് സാജു, അസിസ്റ്റന്റ് കമ്മീഷണര്‍, നാര്‍ക്കോട്ടിക് സെല്‍, 9497990065 എന്ന നമ്പറിലോ സാജു ഇട്ടി, പുകയില രഹിത എറണാകുളം പദ്ധതി, 9847819080 എന്ന നമ്പറലോ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: