കൊച്ചി: പച്ചാളം മേല്‍പ്പാലം സംബന്ധിച്ച വിഷയത്തില്‍ നഗരസഭ കൗണ്‍സിലില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വീണ്ടും അഭിപ്രായഭിന്നത. കൊച്ചിയുടെ സമഗ്ര വികസനത്തിനായി മുന്‍കാല കൗണ്‍സില്‍ അവതരിപ്പിച്ച പച്ചാളം ആര് ഒ ബിയും ഗോശ്രീ-മാമംഗലം റോഡും 22 മീറ്ററില്‍ തന്നെ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വീതി 10 മീറ്ററാണ്. ഇതുകൊണ്ട് വടുതലയ്ക്കോ കൊച്ചി നഗരത്തിനോ യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത്.
കൊച്ചിയുടെ സമഗ്ര വികസനത്തിന് മേല്‍പ്പാലം 22 മീറ്ററില്‍ തന്നെ പണിയണമെന്നും ഇത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് അജണ്ടയില്‍ പറഞ്ഞിരുന്നതാണെന്നും കെ.ജെ.ജേക്കബ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ജനങ്ങളുടെ സ്വപ്ന പദ്ധതിയാണിതെന്നും അവരെ കബളിപ്പിക്കുന്ന നടപടിയാണ് കോര്പ്പറേഷന് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേല്‍പ്പലം 22 മീറ്റര്‍ വീതിയില്‍ തന്നെ പണിയണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് സന്നദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ വഞ്ചിക്കുന്ന സമീപനം ഉപേക്ഷിക്കണമെന്നും ആര്‍ക്ക് വേണ്ടിയാണ് പദ്ധതി അട്ടിമറിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കൗണ്‍സിലര്‍ സി.എ.ഷക്കീര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പ്രമേയത്തെ എതിര്‍ക്കുന്നതായി ഭരണപക്ഷ കൗണ്‍സിലര്‍ ഡെലീന പിന്‍ഹീറോ പറഞ്ഞു. റെയില്‍വേ ഗെയ്റ്റിന് മുകളില്‍ കൂടി പാലം വന്നാല്‍ മാത്രമേ നിലവിലെ ഗതാഗത പ്രശ്നത്തിന് പരിഹരിക്കപ്പെടുകയുള്ളുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. 10 മീറ്ററില്‍ മേല്‍പ്പാലം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഡെലീന ആവശ്യപ്പെട്ടു.
10 മീറ്റര്‍ വീതിയില്‍ മേല്‍പ്പാലം പൂര്‍ത്തിയാക്കുന്നതിന് 33 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നതെന്നും ഇതിനായി 52 സെന്റ് സ്ഥലം ഏറ്റെടുത്താല്‍ മതിയെന്നും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ടി.ജെ വിനോദ് പറഞ്ഞു. ഇതിനായി പതിനാറര കോടി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പദ്ധതിയുടെ രണ്ടര ശതമാനം റെയില്‍ വേ നല്‍കും. നഗരത്തിന്റെ വികസനത്തെ തടയരുതെന്നും പ്രമേയം പിന്‍വലിക്കണമെന്നും വിനോദ് ആവശ്യപ്പെട്ടു.
കൊച്ചി വികസിക്കുമ്പോള്‍ ആ കാഴ്ചപ്പാടോടെയാവണം പുതിയ പദ്ധതി ആവിഷ്കരിക്കാനെന്നും ഇതുമായി ബന്ധപ്പെട്ട് സമാന്തരപാതകള്‍ വേണ്ടെയെന്നും കൗണ്‍സിലര്‍ സുനില്‍ കുമാര്‍ ചോദിച്ചു. 22 മീറ്ററില്‍ പാലം വേണമെന്നാണ് ആവശ്യമെന്ന് കൗണ്‍സിലര്‍ സുനിത ശെല്‍വനും പറഞ്ഞു.
10 മീറ്ററില്‍ പദ്ധതി നടപ്പിലാക്കാവുന്നതാണെന്നും പ്രമേയം പിന്‍വലിക്കണമെന്നും ലിനോ ജേക്കബ് ആവശ്യപ്പെട്ടു. എന്നാല്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതി നടപ്പാക്കണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു. പണം ഇല്ലാത്തതിന്റെ പേരില്‍ പാലത്തിന്റെ വീതി കുറയ്ക്കുന്നത് നീതികരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. മേയര്‍ക്ക് ജനാധിപത്യ മര്യാദയില്ലെന്നും മേയര്‍ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്നും കൗണ്‍സിലര്‍ അനില്‍ കുമാര്‍ ആരോപിച്ചു.
പുതിയ മേല്‍പ്പാലം സംബന്ധിച്ച ശുപാര്‍ശകള്‍ ഡിഎംആര്‍സി നഗരസഭയെ ഏല്പ്പിച്ചിട്ടണ്ടെന്നും ഭൂമി ഏറ്റെടുക്കലിന്റെ ചെലവ് കൂടുതലയാതിനാല്‍ ഭൂമി ലഭ്യത ഉറപ്പാക്കാന്‍ സാധിച്ചില്ല എന്നും അതിനാലാണ് വീതി കുറയ്ക്കുന്നതിനുള്ള ആലോചന വന്നതെന്നും മേയര്‍ ടോണി ചമ്മണി വിശദീകരിച്ചു. പച്ചാളം പ്രദേശത്തെ ജനങ്ങള്‍ക്ക് അടിയന്തിരമായി വേണ്ടത് റെയില്‍വേ ക്രോസിംഗില്‍ നിന്ന് രക്ഷപെടലാണെന്ന് മേയര്‍ ടോണി ചമ്മിണി പറഞ്ഞു. ജനറം പദ്ധതിയില്‍ അംഗീകാരം ലഭിച്ച പദ്ധതിയ്ക്ക് ഏകദേശം 9 ഏക്കര്‍ ഭൂമി ആവശ്യമാണ്. കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ ആവശ്യം പരിഗണിച്ച് പ്രായോഗിക പ്രപ്പോസല്‍ ഇ.ശ്രീധരന് തയ്യാറാക്കിയതായും ടൗണ്‍പ്ലാനിംഗ് കമ്മറ്റി മുമ്പാകെ ഈ പ്ലാന്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ.ശ്രീധരനെ തെറ്റിദ്ധരിപ്പിച്ച് വീതി കുറഞ്ഞ പാലം നിര്‍മിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ ഈ നടപടിയ്ക്കെതിരെ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷത്തെ കൗണ്‍സിലര്‍മാര്‍ കരിങ്കൊടി കാട്ടി. വടുതല മേഖലയിലെ കൗണ്‍സിലര്‍മാരായ ഡെലീന പിന്‍ഹീറോ, മണികണ്ഠരാജ്, ലെസ്ലി സ്ററീഫന്‍ എന്നിവരാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: