കൊച്ചി : പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ സന്ദര്‍ശനം വലച്ചത് അക്ഷരാര്‍ത്ഥത്തില്‍ കൊച്ചിയിലെ സാധാരണ ജനങ്ങളെയാണ്. ഇന്നലെ രണ്ടുമണിമുതല്‍ വൈകിട്ടു ആറു മണിവരെ സെക്യൂരിറ്റി കാരണങ്ങളാല്‍ നഗരത്തില്‍ വാഹനങ്ങള്‍ വഴി കടത്തി വിട്ടിരുന്നില്ല. പ്രധാന ജംഗ്ഷനുകളിലെല്ലാം വാഹനം കിട്ടാതെ അമ്മമാരും കുട്ടികളും പ്രായമായവരുമൊക്കെ കാത്തുനില്ക്കുന്ന കാഴ്ചയായിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് യഥാര്‍ത്ഥത്തില്‍ അപ്രഖ്യാപിത ബന്ദാണ് ഇന്നലെ കൊച്ചിയില്‍ നടന്നത്. പ്രധാനമന്ത്രി യാത്രചെയ്യുന്ന വഴികളിലെ കടകളെല്ലാം അടപ്പിച്ചതിനാല്‍ കാല് നടയായി കിലോമീറ്ററുകള്‍ യാത്രചെയ്യേണ്ടി വന്ന യാത്രക്കാര്‍ വെള്ളംപോലും കിട്ടാതെ വലഞ്ഞു. ഓട്ടോറിക്ഷകളോ ഇരുചക്രവാഹനങ്ങളോ പോലും കടത്തിവിടാന്‍ പോലീസ് അനുവദിക്കാതിരുന്നതാണ് യാത്രക്കരെ വലച്ചത്. എം.എം.ജേക്കബിന്റെ ശതാഭിഷേകാഘോഷം നടന്ന വേദിക്കടുത്തുള്ള പള്ളിയില്‍ വിവാഹിതരാകാന്‍ എത്തിയ വധുവിനേയും വരനേയും മറ്റു ബന്ധുക്കളെയും ഏകദേശം ഒരു കിലോമീറ്ററിലേറെ നടത്തിച്ചാണ് പോലീസ് പ്രധാനമന്ത്രിക്കു വഴിയൊരുക്കിയത്. ഒരു ദിവസംകൊണ്ടുതീര്ക്കാവുന്ന പരിപാടികള്‍ രണ്ടുദിവസം ആക്കിയതിലുള്ള ചെലവിനേക്കാള്‍ വലുതാണ് പ്രധനമന്ത്രിയുടെ സന്ദര്‍ശനം ജനങ്ങള്‍ക്കു നല്കിയ മാനസീകവും ശാരീരികവുമായ പീഡനം.
തിരുവനന്തപുരത്തുനിന്നും ശനിയാഴ്ച ഉച്ചയോടെ വിമാനമാര്‍ഗ്ഗം നാവികസേനയുടെ വിമാനതാവളത്തിലെത്തിയ പ്രധാനമന്ത്രി വൈകിട്ടു 4വരെ താജ് മലബാര്‍ ഹോട്ടലില്‍ വിശ്രമിക്കുകയായിരുന്നു. എല്‍ എന്‍ ജി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മാത്രമാണ് ശനിയാഴ്ച ആദ്ദേഹം പങ്കെടുത്തത്. ഇന്നലെയും ഇതുതന്നെയായിരുന്നു സ്ഥിതി. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പുറത്തുവന്ന കണക്കനുസരിച്ച് 642 കോടി രൂപയാണ് യാത്രക്കായ് പ്രധാനമന്ത്രി ചെലവഴിച്ചത്. അതിനുശേഷം അദ്ദേഹം നടത്തിയ യാത്രകളുടെ ചെലവ് പുറത്തു വന്നിട്ടില്ല. അദ്ദേഹത്തോടൊപ്പം യാത്രചെയ്യുന്നവരുടെ ചെലവും, സെക്യൂരിററി ഇനത്തില്‍ വരുന്ന ചെലവും ഇതിനു പുറമെയാണ്. പ്രധാനമന്ത്രിയുടെ യാത്രാചെലവ് പൂര്‍ണ്ണമായും വഹിച്ചത് സംസ്ഥാനമായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ രീതിയാണ് തുടരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ നട്ടം തിരിയുന്ന കേരളത്തിന് ഗുണകരമായ ഒരു പ്രഖ്യാപനവും നടത്താതിരുന്ന പ്രധാനമന്ത്രിയുടെ വരവ് അധികബാധ്യതയാണ് സമ്മാനിച്ചത് എന്നും ആക്ഷേപമുണ്ട്.
കെ.എം. കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: