മരട്: നിര്മ്മണചട്ടത്തിലെ വ്യവസ്ഥകള്‍ പലിക്കാതെ പണിതുയര്‍ത്തുന്ന കെട്ടിടങ്ങള്‍ റോഡ് വികസനത്തിന് തടസമാവുന്നതായി ആക്ഷേപം. മരട് നഗരസഭയിലെ കുണ്ടന്നൂര്‍ ജംഗ്ഷനിലും പരിസരങ്ങളിലുമാണ് കെട്ടിടനിര്‍മ്മാണ ചട്ടലംഘനം വ്യാപകമായിരിക്കുന്നത്. ദേശീയപാതയില്‍നിന്നും നിശ്ചിത അകലം പാലിച്ച് മാത്രമേ കെട്ടിടനിര്‍മ്മാണങ്ങള്‍ പാടുള്ളൂ എന്നാണ് ചട്ടം അനുശാസിക്കുന്നത്. റോഡിന്റെ 250 മീറ്റര്‍ പരിധിക്കുള്ളില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ രണ്ടരമീറ്റര്‍ അകലം പാലിച്ചു മാത്രമേ നിര്‍മ്മിക്കാന്‍ പാടുള്ളൂ എന്നാണ് വ്യവസ്ഥ. എന്നാല്‍ നിലവില്‍ കുണ്ടന്നൂര്‍ ജംഗ്ഷനിലും മരട് നഗരസഭയില്‍ ഉള്‍പ്പെടുന്ന പല ഭാഗത്തും നടന്നുവരുന്ന കെട്ടിട നിര്‍മ്മാണങ്ങള്‍ ഇത് പാടെ ലംഘിക്കുന്ന തരത്തിലാണെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
മരട് നഗരസഭാ കാര്യാലയത്തിന് പരിസരത്തുതന്നെ ചട്ടവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ വ്യാപകമാണെന്ന് നാട്ടുകാര്‍ പറയുന്നു. സമീപത്തു തന്നെയുള്ള കുണ്ടന്നൂര്‍ ജംഗ്ഷനിലാവട്ടെ, വികസനത്തിന് വഴിമുടക്കായി പത്തോളം അനധികൃത കെട്ടിടങ്ങജളാണ് പണിതിരിക്കുന്നത്. കൂടാതെ ജംഗ്ഷന്റെ കിഴക്കുവശത്തായി പേട്ട ബൈപ്പാസിലേക്ക് തിരിയുന്ന ഭാഗത്തും കയ്യേറ്റം നടത്തി കെട്ടിടം നിര്‍മ്മിച്ചിരിക്കുകയാണ്. ഇതോടെ ‘ഫ്രീ ലെഫ്റ്റ്’ ലഭിക്കാതെ വാഹനങ്ങള്‍ കുരുക്കില്‍പ്പെടുന്നതും പതിവ് കാഴ്ചയാണ്.
കുണ്ടന്നൂര്‍ ജംഗ്ഷനില്‍ ഫ്ലൈഓവറിനുവേണ്ടി വീണ്ടും മുറവിളി ഉയരുന്നുണ്ട്. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാവുന്നതിന് തടസമായാണ് ചട്ടവിരുദ്ധമായി കെട്ടിടങ്ങള്‍ പണിയുന്നതും നിരത്ത് കയ്യേറ്റവും തുടര്‍ക്കഥയായി മാറിയിരിക്കുന്നത്. മരട് നഗരസഭയില്‍ ചട്ടവിരുദ്ധമായി നിര്‍മ്മിച്ച നിരവധി കെട്ടിടങ്ങളുണ്ടെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വന്‍കിട ഫ്ലാറ്റുകളും വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളും ഹോട്ടലുകളും ഇതില്‍ ഉള്‍പ്പെടുന്നു. മരട് ഗ്രാമപഞ്ചായത്തായിരുന്ന കാലയളവില്‍ ഇടത് ഭരണത്തിലാണ് നിയമം ലംഘിച്ചുള്ള പല കെട്ടിടങ്ങള്‍ക്കും നിര്‍മ്മാണാനുമതി നല്‍കിയത്. എന്നാല്‍ പിന്നീട് മുനിസിപ്പാലിറ്റിയായി മാറി യുഡിഎഫ് അധികാരത്തില്‍ വന്നെങ്കിലും ചട്ടലംഘനങ്ങള്‍ തടയാന്‍ നടപടിയുണ്ടായില്ല.
നഗരസഭാ ഭരണനേതൃത്വവും ഉദ്യോഗസ്ഥരും റിയല്‍എസ്റ്റേറ്റ് മാഫിയകളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ചട്ടലംഘനങ്ങള്‍ക്ക് പിന്നിലെന്നാണ് ആക്ഷേപം. ദേശീയപാതയുടെയും കുണ്ടന്നൂര്‍ ജംഗ്ഷന്റേയും വികസനം ഇതോടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: