കൊച്ചി: കൊച്ചി രാജകുടുംബത്തിന്റെ പ്രൗഢി പേരില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒരു സ്കൂള്‍ , അതാണിന്ന് കൊച്ചിയിലെ ആദ്യ സ്കൂളായ ശ്രീ രാമവര്‍മ ഹായ് സ്കൂള്‍. എസ് ആര് വി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സ്കൂള്‍ കെട്ടിലും മട്ടിലും ആ പെരുമ അവകാശപ്പെടാന്‍ ആവാത്ത വിധം ആകെ മാറിയിരിക്കുന്നു. പൈതൃക സ്വത്തായി സംരക്ഷിക്കപ്പെടേണ്ടുന്ന സ്ഥാപനങ്ങളില്‍ ഒന്നായി കണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണം. 1845 ല്‍ കൊച്ചി രാജകുടുംബം സ്ഥാപിച്ച ഈ സ്കൂള്‍ 1875 ല്‍ ഒരു കോളേജിന്റെ പദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഈ കോളേജാണ് മഹാരാജാസ് കോളേജ് എന്ന് ഇന്ന് അറിയപ്പെടുന്നത്. പിന്നീട് 1932 ലാണ് സ്കൂള്‍ ഇപ്പോള്‍ ഇരിക്കുന്നിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നത്. ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗന്‍, ചങ്ങമ്പുഴ കൃഷ്ണപിള്ള, എന്‍.എസ്.മാധവന്, സ്വാമി ചിന്മയാനന്ദ, ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍, എ.കെ ആന്റണി തുടങ്ങി പ്രശസ്തരായ ഒട്ടനവധി പേര് പഠിച്ചിറങ്ങിയ ഈ കലാലയത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് നേരെ കണ്ണടയ്ക്കുന്ന സമീപനമാണ് കൊച്ചി നഗരസഭയും സ്വീകരിച്ചിരിക്കുന്നത്.
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇരുനില കെട്ടിടം ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, പ്രശ്നം പരിഹരിക്കുന്നതിന് നഗരസഭ കണ്ട മാര്‍ഗ്ഗം മുകള്‍ ഭാഗത്തെ ഓടുകള്‍ പൂര്‍ണമായും നീക്കം ചെയ്ത് അലുമിനിയം ഷീറ്റ് വിരിക്കുകയെന്നതാണ്. 20 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചത്. ഈ പണിക്ക് കോണ്‍ട്രാക്ട് ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ക്രിസ്മസ് വെക്കേഷന് സമയത്ത് ഷീറ്റ് വിരിക്കുന്നതിനാണ് പദ്ധതിയിട്ടിരുന്നത്.
എന്നാല്‍ ഓട് പൊളിച്ചു മാറ്റി ഷീറ്റ് വിരിക്കുന്നതിനോട് സ്കൂള്‍ അധികൃതര്‍ക്കും ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കും യാതൊരു താല്പര്യവും ഇല്ലെന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് ടി.ജി. വിലാസിനി പറയുന്നു. ഇവരുടെ ഭാഗത്ത് നിന്നും ശക്തമായ എതിര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്ന് കോര്പ്പറേഷന് ഈ ഉദ്യമത്തില്‍ നിന്നും പിന്മാറിയതായി അറിയിക്കുകയായിരുന്നു.
ചോര്‍ച്ച പരിഹരിക്കുന്നതിനായി ബദല്‍ മാര്‍ഗ്ഗം കണ്ടെത്തണമെന്നാണ് അധ്യാപകരടക്കമുള്ളവരുടെ ആവശ്യം. നിലവിലുള്ള കെട്ടിടത്തിന്റെ റൂഫ് നിലനിര്‍ത്തിക്കൊണ്ട് മുകളിലായി അലുമിനിയം ഷീറ്റ് വിരിക്കുകയോ അല്ലെങ്കില്‍ ഓടുകള്‍ മാറ്റി പ്രശ്നം പരിഹരിച്ച ശേഷം വീണ്ടും യഥാസ്ഥാനത്ത് വയ്ക്കുകയോ വേണമെന്ന നിര്‍ദ്ദേശമാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. തേക്കിന് തടികൊണ്ടാണ് ഇതിന്റെ മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത്. വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഈ തടികള്ക്കൊന്നും അധികം കേടുപാടുകള്‍ സംഭവിച്ചിട്ടുമില്ല.
രണ്ട് നിരകളിലായി ഓടുകള്‍ പാകിക്കൊണ്ടുള്ള രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. പൊളിച്ച് മേയുമ്പോള്‍ ആ പഴയ മാതൃകയില്‍ ഓടുകള്‍ പാകുന്നതിന് വൈദഗ്ധ്യം നേടിയ തൊഴിലാളികള്‍ ഇല്ല എന്നതും മറ്റൊരു പ്രശ്നമാണ്. സാധാരണ ഓടിന് കീഴെ ചിത്രപ്പണികളുള്ള ഓടാണ് പാകിയിരിക്കുന്നത്. ഓടുകള്‍ മുഴുവന്‍ നീക്കം ചെയ്ത് അലുമിനിയം ഷീറ്റ് വിരിക്കുകയാണെങ്കില് വിദ്യാര്‍ത്ഥികളും അധ്യാപകരും അസഹനീയമായ ചൂട് സഹിക്കേണ്ടിയും വരും. കൂടാതെ മഴക്കാലമായാല്‍ ഷീറ്റിന് മീതെ മഴവെള്ളം വീഴുമ്പോള്‍ പഠിപ്പിക്കുന്നതൊന്നും കേള്‍ക്കാനാവാത്ത അവസ്ഥയിലുമാവും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച ശേഷമാവണം ചോര്‍ച്ച ഒഴിവാക്കുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗത്തെ കുറിച്ച് ചിന്തിക്കാന്‍.
കൊച്ചി നഗരസഭയുടെ കീഴിലുള്ള സ്കൂള്‍ ആയിട്ടുപോലും അധികൃതര്‍ ഈ സ്കൂളിന്റെ സംരക്ഷണത്തിനായി യാതൊന്നും ചെയ്തിട്ടില്ല. നിറം മങ്ങിയ ചുമരുകളില്‍ പലയിടത്തും ചായക്കൂട്ടുകള്‍ ഇളകിപ്പോയ സ്ഥിതിയിലാണ്. ചുറ്റുമതിലോ സ്കൂള്‍ കെട്ടിടമോ പെയിന്റ് അടിച്ച് വൃത്തിയാക്കാന്‍ പോലും അധികാരികള്‍ ശ്രദ്ധിക്കുന്നില്ല. പ്രധാന കവാടം തുറക്കണമെങ്കില്‍ ആരുടെയെങ്കിലും സഹായം വേണമെന്ന അവസ്ഥയിലാണ്. ഇതിന്റെ ഒരു ഭാഗം പൊളിഞ്ഞുപോയിരിക്കുകയാണ്. റോഡിന്റെ മറുഭാഗത്ത് എത്തുന്നതിനുള്ള കുറുക്കുവഴിയായും ഇത് മാറിയിരിക്കുന്നു. ഇതാണ് സ്ഥിതിയെങ്കില്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: