തിരുവൈരാണിക്കുളം: തിരുവാതിര നാളുകള്‍ക്ക് പുണ്യം പകര്‍ന്ന് ഭക്തിയുടെ സ്വര്ണദീപങ്ങള് തെളിഞ്ഞ തിരുവൈരാണിക്കുളം ശ്രീപാര്‍വതിദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് സമാപനമായി. നടയടയ്ക്കുന്ന ദിവസങ്ങളില്‍ തിരക്ക് അനുഭവപ്പെടാറില്ലെങ്കിലും ഇന്നലെ അവധി ദിവസമായതിനാല്‍ പുലര്‍ച്ചെ നാലുമണി മുതല്‍ നല്ല തിരക്കായിരുന്നു.
നടയടയ്ക്കും മുമ്പ് ക്ഷേത്രം മേല്‍ശാന്തി നാരായണന് നമ്പൂതിരിപ്പാട് മഹാദേവന് പ്രസന്ന പൂജ നടത്തി. തുടര്‍ന്ന് പാട്ടുപുരയില്‍ ഏഴ് ഇലകളില്‍ അവല്, മലര്, പഴം, ശര്‍ക്കര എന്നിവ ദേവീദേവന്മാര്ക്ക് നേദിച്ച് മേല്‍ശാന്തി പാട്ടുപുരയില്‍നിന്ന് ചൈതന്യത്തെ ശ്രീകോവിലിലേക്ക് ആവാഹിച്ചുകൊണ്ടുപോയി. അക്ഷതം, പൂവ്, താലത്തില്‍ വിളക്ക് എന്നിവ വച്ച് കിണ്ണം കൊട്ടി ബ്രാഹ്മണിയമ്മ അകമ്പടി സേവിച്ചു. ശ്രീകോവിലില്‍ ചെന്ന് മേല്‍ശാന്തി വിളക്കുകൊളുത്തി നടയടച്ചതോടെ ഈ വര്‍ഷത്തെ നട തുറപ്പുത്സവത്തിന് സമാപനമായി.
നട അടയ്ക്കുന്നതിന്റെ മുന്നോടിയായി അകവൂര്‍, വെടിയൂര്‍, വെണ്മണി മനക്കാരും സമുദായ തിരുമേന ചെറുമുക്ക് നമ്പൂതിരിയും ദേവിയുടെ തോഴിയായി സങ്കല്‍പ്പിക്കുന്ന പുഷ്പിണിയും അന്തര്‍ജനങ്ങളും നടയ്ക്കല്‍ സന്നിഹിതരായിരുന്നു. ‘എല്ലാവരും തൃക്കണ്‍ പാര്‍ത്തു കഴിഞ്ഞുവോ’ എന്ന് പുഷ്പിണി മൂന്നുതവണ ചോദിച്ചപ്പോള്‍ ഉവ്വ് എന്ന് ശാന്തിക്കാരന് മറുപടി നല്കി. തുടര്‍ന്ന് രാത്രി 8 ന് നട അടയ്ക്കുകയും ചെയ്തു.
ഇത്തവണ ഭക്തര്‍ സമര്‍പ്പിച്ച പുതിയ ആഭരണങ്ങള്‍ ദേവിക്ക് ചാര്‍ത്തിയിരുന്നു. ഒപ്പം പഴയ ആഭരണങ്ങളായ താലിക്കൂട്ടം, മൂന്നിഴമണി, കാശാലി, പൂത്താലി, കെട്ടരമ്പ്, താലി എന്നിവയും ദേവിക്ക് ചാര്‍ത്തി. സര്‍വാഭരണ വിഭൂഷിതയായ ദേവിക്ക് ഭക്തരും ആഭരണങ്ങളും പുതുവസ്ത്രങ്ങളുമണിഞ്ഞ് പ്രസന്ന വദനരായിത്തന്നെ കാണാന്‍ വരണമെന്നതാണ് സങ്കല്‍പ്പം. കുടിവെള്ള വിതരണം, പാര്‍ക്കിംഗ്, ക്യൂ സംവിധാനം, പോലീസ്, സെക്യൂരിറ്റി വിഭാഗങ്ങള്‍, കെഎസ്ആര്‍ടിസി ആരോഗ്യവകുപ്പ് എന്നീ മേഖലകളിലെല്ലാം പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. കാലടി സായികേന്ദ്രം ഉള്‍പ്പെടെ നിരവധി സന്നദ്ധ സംഘടനകളും ഭക്തരെ സഹായിക്കാന്‍ എത്തിയിരുന്നു.
നടതുറപ്പ് ദിനങ്ങളില്‍ രാഷ്ട്രീയ, സാംസ്കാരിക, ആദ്ധ്യാത്മിക രംഗത്തെ നിരവധി പേര് ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്നു. വരും വര്‍ഷങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ക്യൂ സംവിധാനം പരിഷ്കരിച്ച് നടപ്പാക്കാന്‍ ക്ഷേത്ര ട്രസ്റ്റ് പദ്ധതി തയ്യാറാക്കുന്നുണ്ട്.
അന്നദാനത്തിന് ഏതാണ്ട് രണ്ടുലക്ഷത്തോളം ഭക്തരാണ് പങ്കെടുത്തത്. രാവിലെ പത്തുമണിക്കാരംഭിച്ച അന്നദാനം ചില ദിവസങ്ങളില്‍ നാല് മണിവരെ നീണ്ടു. ഞായറാഴ്ച കൂടുതല്‍ തിരക്കനുഭവപ്പെട്ടപ്പോള്‍ ക്യൂവില്നില്ക്കുന്ന കുട്ടികള്‍ക്ക് ക്ഷേത്ര ട്രസ്റ്റിന്റെ വക ലഘുഭക്ഷണവും വിതരണം ചെയ്തു.2015 ജനുവരി 4 ന് ധനുമാസത്തില്‍ തിരുവാതിര നാളിലാണ് അടുത്ത നടതുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: