കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന് സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡിസംബര്‍ 12ലെ പാര്‍ലമെന്റ് മാര്‍ച്ചും ദേശവ്യാപകമായി നടക്കുന്ന ജില്ലാ കേന്ദ്രങ്ങളിലെ മാര്‍ച്ചും ധര്‍ണ്ണയും വന്‍ വിജയമാക്കുന്നതിന് തൊഴിലാളികള്‍ മുന്നോട്ടുവരണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ബിഎംഎസ്, ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു, എച്ച്എംഎസ്, യുടിയുസി തുടങ്ങിയ പതിമൂന്നോളം കേന്ദ്ര തൊഴിലാളി സംഘടനകളും പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകളും ചേര്‍ന്നാണ് പ്രക്ഷോഭം നടത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ദേശവ്യാപകമായി നിരവധി പ്രക്ഷോഭ പരിപാടികള്‍ നടത്തിയിട്ടുണ്ട്. 2013 ഫെബ്രുവരി 21, 22 ലെ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്, സെപ്റ്റംബര്‍ 25ലെ സംസ്ഥാന കേന്ദ്രങ്ങളിലെ മാര്‍ച്ചും ധര്‍ണ്ണയും ഉള്‍പ്പെടെ ശക്തമായ പ്രതിഷേധങ്ങള്‍ തൊഴിലാളികള്‍ നടത്തിയിട്ടും സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചുവരുന്നത്. അനിയന്ത്രിതമായ വിലക്കയറ്റം പിടിച്ചുനിര്‍ത്തുക, ചുരുങ്ങിയ മിനിമം വേതനം പതിനായിരം രൂപയാക്കുക, എല്ലാവര്ക്കും പെന്ഷന് നല്‍കുക, തൊഴില്‍ നിയമങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുക, പൊതുമേഖലകളുടെ ഓഹരിവില്‍പ്പനയില്‍ നിന്നും പിന്തിരിയുക, കരാര്‍ തൊഴില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക, ഇപിഎഫ്, ഇഎസ്ഐ എല്ലാവര്ക്കും ബാധകമാക്കുക തുടങ്ങിയ പത്തോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം നടന്നുവരുന്നത്.
വിവിധ ജില്ലകളില്‍ നടക്കുന്ന പരിപാടികളില്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് എം.പി. ഭാര്ഗവന് (ആലപ്പുഴ), സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് (തിരുവനന്തപുരം), ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.രാജീവന് (പാലക്കാട്), സംസ്ഥാന ഖജാന്‍ജി വി.രാധാകൃഷ്ണന് (തൃശൂര്‍), സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.ഗംഗാധരന് (കോഴിക്കോട്) എം.എസ്.കരുണാകരന് (ഇടുക്കി), കെ.കെ.വിജയകുമാര്‍ (കൊല്ലം), അഡ്വ. എന്‍.നഗരേഷ് (എറണാകുളം), അഡ്വ. പി.മുരളീധരന് (കാസര്‍കോഡ്), വേണാട് വാസുദേവന്‍ (കണ്ണൂര്‍), സംസ്ഥാന സെക്രട്ടറിമാരായ പി.ശശിധരന് (മലപ്പുറം), എ.എന്‍.പങ്കജാക്ഷന് (പത്തനംതിട്ട), സംസ്ഥാന സമിതി അംഗം ഉണ്ണികൃഷ്ണന് ഉണ്ണിത്താന് (കോട്ടയം), പി.ആര്.സുരേഷ് (വയനാട്) എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: