കൊച്ചി: ബിഎസ്എന്‍എല്‍ മൊബെയില്‍ സര്‍വ്വീസുകള്‍ താളം തെറ്റിയതിനു പിന്നില്‍ ദുരൂഹത. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് ഇന്നലെ ബിഎസ്എന്‍എല്‍ വലച്ചത്. തൃപ്പൂണിത്തുറയിലെ പവര്‍ പ്ലാന്റിലുണ്ടായ തകരാറാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ നല്കുന്ന വിവരം. വൈകിട്ട് ആറുമണിയോടെ ഈ തകരാറ് പരിഹരിച്ചതായും ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്ന സൂചനയാണ് ഉപഭോക്താക്കളില്‍ നിന്നും ചില ജീവനക്കാരില്‍ നിന്നു തന്നെയും ഉയരുന്നത്. സ്വകാര്യ മൊബെയില്‍ കമ്പനികള്‍ക്കു വേണ്ടി ബിഎസ്എന്‍എല്ലിനെ തകര്‍ക്കാന്‍ അണിയറയില്‍ ശക്തമായ നീക്കം നടക്കുന്നതായി ചില ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. ചില ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇതിന് കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുണ്ട്. മൊബെയില്‍ സേവനത്തില്‍ ഇടക്കിടെയുണ്ടാകുന്ന തകരാറുകളും മറ്റും ഇത്തരം നീക്കത്തിന്റെ ഭാഗമായാണെന്നും ഇതെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യമുയരുന്നുണ്ട്.
സ്വകാര്യ മൊബെയില്‍ കമ്പനികളില്‍ നിന്ന് വന്‍തുക പ്രതിഫലം പറ്റിക്കൊണ്ടാണ് ബിഎസ്എന്‍എല്ലിനെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്. സംസ്ഥാനത്ത് പണി പൂര്‍ത്തിയായ മൊബെയില്‍ ടവറുകള്‍ കമ്മീഷന് ചെയ്യാന്‍ പോലും ഉത്തരവാദപ്പെട്ടവര്‍ താല്‍പ്പര്യം കാണിക്കാത്തതിന് പിന്നില്‍ ഇത്തരം ഇടപാടുകളാണെന്നാണ് വിവരം. 70ലേറെ ടവറുകളാണ് ഇത്തരത്തില്‍ അനാഥമായി അവഗണിക്കപ്പെട്ടു കിടക്കുന്നതെന്നാണ് വിവരം.
മുന്‍പ് കേരളത്തിലെ എല്ലാ ഗ്രാമ പ്രദേശങ്ങളിലും കവറേജ് കിട്ടിയിരുന്ന ബിഎസ്എന്‍എല്‍ മൊബെയില്‍ സര്‍വ്വീസുകള്‍ ഇപ്പോള്‍ കവറേജിന്റെ കാര്യത്തില്‍ മറ്റു സ്വകാര്യ കമ്പനികളെക്കാള്‍ ഏറെ പിന്നിലാണ്. ബിഎസ്എന്‍എല്ലിന് സ്വന്തമായുള്ള ടവറുകളും സാങ്കേതിക സംവിധാനങ്ങളും പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിയാല്‍ തന്നെ ഈ രംഗത്ത് വന്‍ കുതിച്ചു ചാട്ടം സൃഷ്ടിക്കാന്‍ കഴിയും. പക്ഷേ സ്വകാര്യ മൊബെയില്‍ കമ്പനികള്‍ക്കു വേണ്ടി ഇത്തരം നീക്കങ്ങളെല്ലാം തടയപ്പെടുകയാണ്. മാസം തോറും ശമ്പളമായി ലഭിക്കുന്നതിനേക്കാള്‍ ഭീമമായ തുകയും പാരിതോഷികങ്ങളുമാണ് സ്വകാര്യ മൊബെയില്‍ കമ്പനികള്‍ ഇത്തരം അട്ടിമറിക്കാര്ക്കു വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും താത്പര്യം ബിഎസ്എന്‍എല്‍ സര്‍വ്വീസുകള്‍ ആണെങ്കിലും ഇത്തരം പ്രശ്നങ്ങള്‍ മൂലം ഉപഭോക്താക്കള്‍ പിന്‍വാങ്ങുന്ന അവസ്ഥയാണ്. 2000-ല്‍ ആണ് ബിഎസ്എന്‍എല്‍ കമ്പനിയായി മാറുന്നത്. രാജ്യത്തെ ടെലഫോണ്‍ സേവനത്തിന്റെ 75 ശതമാനവും ആ സമയത്ത് ബിഎസ്എന്‍എല്ലിന് അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തെ മൊബെയില്‍ ഫോണ്‍ സേവനത്തിന്റെ കാര്യത്തില്‍ ബിഎസ് എന്‍എല്ലിന് 13 ശതമാനം ഷെയര്‍ മാത്രമേ അവകാശപ്പെടാനുള്ളൂ. കമ്പനിയെന്ന നിലയില്‍ സ്വതന്ത്ര പ്രവര്‍ത്തനം ആരംഭിച്ച ശേഷം ബിഎസ്എന്‍എല്‍ വന്‍ നഷ്ടത്തിലേക്കാണ് കൂപ്പുകുത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം കൊണ്ടു മാത്രമാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. ഉപഭോക്താക്കള്‍ കയ്യൊഴിയാന്‍ തുടങ്ങിയാല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനികളിലൊന്നായ ബിഎസ്എന്‍എല്‍ അടച്ചുപൂട്ടേണ്ടി വരും. സ്വകാര്യ മൊബെയില്‍ കമ്പനികള്‍ രാഷ്്ട്രീയ നേതൃത്വത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് ടുജി കേസില്‍ വ്യക്തമായതാണ്. ബിഎസ്എന്‍എല്ലിനെ തകര്‍ക്കാന്‍ നടക്കുന്ന ഈനീക്കത്തിനു പിന്നിലും ഇത്തരം ബന്ധങ്ങളുണ്ടെന്ന് വ്യക്തമാണ്. ഉന്നതതല അന്വേഷണം വേണമെന്ന് ശക്തമായ ആവശ്യം ഉയരുന്നത് ഈ സാഹചര്യത്തിലാണ്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: