ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് ബിജെപി എംഎല്‍എമാരുടെ യോഗം. പണ്ഡിറ്റ് പന്ത് മാര്‍ഗ്ഗിലെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന 31 ബിജെപി എംഎല്‍എമാരുടേയും ഒരു ശിരോമണി അകാലിദള്‍ എംഎല്‍എയുടേയും യോഗം ഡോ.ഹര്‍ഷവര്‍ദ്ധനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്കാവില്ലെന്നും ഭൂരിപക്ഷം തികയ്ക്കുന്നതിനായി എംഎല്‍എമാരുടെ കുതിരക്കച്ചവടത്തിനില്ലെന്നും ബിജെപി നിയമസഭാകക്ഷി യോഗം വ്യക്തമാക്കി. അതിനിടെ ബിജെപിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ് രംഗത്തെത്തിയത് ആ പാര്‍ട്ടിയിലെ ഭിന്നത പരസ്യമാക്കി.
വ്യക്തമായ ഭൂരിപക്ഷം ബിജെപിക്കു ലഭിക്കാത്ത സാഹചര്യം ദല്‍ഹിയിലെ ജനങ്ങള്‍ക്കും പാര്‍ട്ടിക്കും വിഷമകരമായ അവസ്ഥയാണെന്ന് ഡോ.ഹര്ഷവര്ദ്ധന് പറഞ്ഞു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാന്‍ ആയെങ്കിലും കേവല ഭൂരിപക്ഷം എത്തിക്കാന്‍ കഴിഞ്ഞില്ല. ഏതെങ്കിലും തെറ്റായ വഴികളിലൂടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി തയ്യാറല്ല. സര്‍ക്കാര്‍ രൂപീകരിച്ചാലും ഇല്ലെങ്കിലും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി തയ്യാറാണെന്നും ഹര്ഷവര്ദ്ധന് പറഞ്ഞു. കുതിരക്കച്ചവടത്തിലൂടെ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ തയ്യാറാവില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വിജയ് ഗോയലും പറഞ്ഞു. ഏതു പാര്‍ട്ടി ദല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കിയാലും സന്തോഷമാണെന്നും വിജയ് ഗോയല്‍ പറഞ്ഞു. വീണ്ടും തെരഞ്ഞെടുപ്പ് നടന്നാല്‍ സര്‍ക്കാരിനുള്ള ഭൂരിപക്ഷം ബിജെപിക്കുണ്ടാകുമെന്നും നിലവിലെ സാഹചര്യത്തില്‍ മറ്റാരുടെയെങ്കിലും പിന്തുണയ്ക്കായി ശ്രമിക്കുന്നില്ലെന്നും സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ബിജെപിക്കു പിന്തുണ നല്കാന് തയ്യാറാണെന്ന പ്രശാന്ത് ഭൂഷന്റെ നിലപാടിനെതിരെ അരവിന്ദ് കെജ്രിവാള് രംഗത്തെത്തിയത് തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ആം ആദ്മി പാര്‍ട്ടിയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന് തെളിയിച്ചു. ബിജെപിയെ പിന്തുണയ്ക്കുന്ന പ്രശ്നമില്ലെന്നു പറഞ്ഞ അരവിന്ദ് കെജ്രിവാള് പ്രശാന്ത് ഭൂഷന്റെ അഭിപ്രായം വ്യക്തിപരമാണെന്നും പറഞ്ഞു. ബിജെപി ലോക്പാല്‍ ബില്‍ പാസാക്കാന്‍ തയ്യാറായാല്‍ പിന്തുണയ്ക്കുമെന്നായിരുന്നു പ്രശാന്ത്ഭൂഷന്റെ പ്രസ്താവന. ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ചു കയറിയ 28 എംഎല്‍എമാരില്‍ ഭൂരിപക്ഷത്തിനും നരേന്ദ്രമോദി അനുകൂല നിലപാടാണെന്നതും പാര്‍ട്ടിക്കു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ ഇടപെടലുണ്ടാകുന്നതോടെ ദല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുമെന്ന വിലയിരുത്തലുകള്‍ ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: