ശബരിമല: ശബരീശ സന്നിധാനത്ത് നാദവസന്തമായി പുല്ലാങ്കുഴല്‍ ഗാനമഞ്ജരി അരങ്ങേറി. വൈക്കം ബിജുവും സംഘവുമാണ് തുടര്‍ച്ചയായ നാലാം തവണയും ഗാനാര്‍ച്ചനയുമായി രംഗത്തെത്തിയത്. നവരാഗ വര്‍ണ്ണത്തോടെ ഗണപതിസ്തുതിയുമായി ആരംഭിച്ച ഗാനമഞ്ജരിയില്‍ ഭക്തിഗാനങ്ങള്‍, സെമി ക്ലാസിക്കല്‍ ഗാനങ്ങള്‍ എന്നിവ ഗാനമഞ്ജരി ഫ്യൂഷനില്‍ ഉണ്ടായിരുന്നു.
തരംഗ് മ്യൂസിക് വിഷന്‍ എന്ന ട്രൂപ്പിന്റെ ബാനറില്‍ കേരളത്തിനകത്തും പുറത്തും ഇവര്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. നാഗസ്വര വിദ്വാന്മാരുടെ കുടുംബത്തില്‍ ജനിച്ച ബിജുവിന് കലാവാസന പരമ്പരാഗതമായി ലഭിച്ചതാണ്. പതിനെട്ട് വയസ്സുമുതല്‍ പുല്ലാങ്കുഴല്‍ വാദ്യരംഗത്തും പ്രവര്‍ത്തിക്കുന്നു. ജോലി സംബന്ധമായി പാലക്കാട് കഞ്ചിക്കോടെത്തിയ അദ്ദേഹത്തിന് അവിടെയുള്ള സൗഹൃദമാണ് ട്രൂപ്പ് രൂപീകരണത്തിന് കാരണമായത്. ഗാനമഞ്ജരിയില്‍ ബിജുവിനൊപ്പം വിനു കൊച്ചിന്(വയലിന്), ചേര്‍ത്തല പാര്‍ത്ഥസാരഥി (മൃദംഗം), കണ്ണന് മണ്ണാര്‍ക്കാട് (റിഥംപാസ്), ശ്രീരാം കൊച്ചി(ചെണ്ട), രാജു തച്ചാറുകുളം (ഇടയ്ക്ക) എന്നിവരും പങ്കുചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: