ന്യൂദല്‍ഹി: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ ത്രിശങ്കുവിലായ ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. എന്നാല്‍ ആംആദ്മി പാര്‍ട്ടി നിയമസഭയിലേക്ക് എത്താതിരിക്കാന്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ശ്രമവുമായി കോണ്‍ഗ്രസ് മുന്നോട്ട് നീങ്ങുന്നുണ്ട്. ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ജനങ്ങള്‍ തെരഞ്ഞെടുത്ത ബിജെപിക്ക് സര്‍ക്കാരുണ്ടാക്കേണ്ട കടമയുണ്ടെന്നും ഹര്‍ഷവര്‍ദ്ധന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ബിജെപി മുന്‍ ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരി പറഞ്ഞു.
കൂടുതല്‍ സീറ്റുകള്‍ ലഭിച്ച ബിജെപിയാണ് സര്‍ക്കാര്‍ രൂപീകരിക്കേണ്ടതെന്നും തങ്ങള്‍ പ്രതിപക്ഷത്തിരിക്കുമെന്നും ഇന്നലെ നടന്ന ആംആദ്മി പാര്‍ട്ടി നേതൃയോഗം വ്യക്തമാക്കി. ദല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആംആദ്മി പാര്‍ട്ടിക്ക് സാധിക്കില്ലെന്ന് ആപ് നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. എന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റേയും കോണ്‍ഗ്രസിന്റേയും നീക്കത്തിനെതിരെ പ്രതിഷേധിക്കുമെന്നു ആപ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
എഴുപത് അംഗ നിയമസഭയില്‍ 31 സീറ്റുകള്‍ നേടി ഏറ്റവും വലിയ കക്ഷിയായ ബിജെപിയെ മന്ത്രിസഭാ രൂപീകരണത്തിനായി ക്ഷണിക്കുകയെന്നതാണ് കീഴ്വഴക്കം. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ എന്തുചെയ്യണമെന്നതിനായി ലഫ്.ഗവര്‍ണ്ണര്‍ നിയമോപദേശം സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി നേതാവ് ഹര്‍ഷവര്‍ദ്ധനെ ക്ഷണിക്കുകയാണ് ലഫ്.ഗവര്‍ണ്ണര്‍ക്കു മുന്നിലുള്ള വഴി. എന്നാല്‍ കേവല ഭൂരിപക്ഷമെന്ന 36ലേക്കെത്താന്‍ മതിയായ എണ്ണം കയ്യിലില്ലാത്ത ബിജെപി സര്‍ക്കാര്‍ രൂപീകരണ ക്ഷണം സ്വീകരിക്കാതിരുന്നാല്‍ ആംആദ്മി പാര്‍ട്ടിയെ രണ്ടാമത്തെ കക്ഷിയെന്ന നിലയില്‍ ക്ഷണിക്കാം. കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കിയ സാഹചര്യത്തില്‍ അവര്‍ക്കും സര്‍ക്കാര്‍ രൂപീകരണ ക്ഷണം സ്വീകരിക്കാനാവില്ല. ഇത്തരമൊരു സാഹചര്യം സംജാതമായാല്‍ ആറുമാസത്തേക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ലഫ്.ഗവര്‍ണ്ണര്‍ക്ക് ശുപാര്‍ശ ചെയ്യേണ്ടിവരും. ഇത് വേണമെങ്കില്‍ പിന്നീട് ഒരു വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയെന്ന നിര്‍ദ്ദേശം ആംആദ്മി പാര്‍ട്ടിക്കു മാത്രമാണ് ആത്യന്തികമായ നഷ്ടം നല്‍കുന്നത്. വിജയിച്ചു കയറിയ 28 എംഎല്‍എമാര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരം പോലും ലഭിക്കില്ല. 2014 മെയില്‍ നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പിനോടൊപ്പം ദല്‍ഹിയില്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് വന്നാല്‍ വിജയം ആവര്‍ത്തിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന വിലയിരുത്തലാണ് ഇന്നലെ നടന്ന ആംആദ്മി പാര്‍ട്ടി യോഗത്തിലുണ്ടായത്. നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിന്റെയും കേന്ദ്രഭരണത്തിനെതിരായ ജനവികാരത്തിന്റേയും ഉപഭോക്താക്കളായി ചില മണ്ഡലങ്ങളില്‍ ആംആദ്മി പാര്‍ട്ടി മാറിയതിനാല്‍ ലഭിച്ച നേട്ടങ്ങളെ നഷ്ടപ്പെടുത്തരുതെന്നും അവര്‍ വിലയിരുത്തി. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെയും വിശ്വാസവോട്ടു നേടുന്നതിനേയും എതിര്‍ക്കാതെ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുകയാണ് നല്ലതെന്ന തീരുമാനത്തിലാണ് ആംആദ്മി പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് സൂചന. കൂടാതെ നഷ്ടപ്പെട്ട വോട്ടുബാങ്ക് തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് തീവ്രശ്രമം നടത്തുന്നതും റീഇലക്ഷനില് തിരിച്ചടിയായേക്കും.
രാഷ്ട്രീയ കുതിരക്കച്ചവടത്തിനില്ലെന്നും ജനാധിപത്യ രീതിയില്‍ ഭരണത്തിലെത്താനാണ് ബിജെപിയുടെ ശ്രമമെന്നുമാണ് ദല്‍ഹി തെരഞ്ഞെടുപ്പ് ചുമതല വഹിച്ച നിതിന്‍ ഗഡ്കരി പറയുന്നത്. കുതിരക്കച്ചവടത്തിനില്ലെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഡോ.ഹര്‍ഷവര്‍ദ്ധനും പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: