ശബരിമല: അയ്യപ്പഭക്തരോട് മനുഷ്യത്വരഹിതമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അയ്യപ്പസേവാസമാജം ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു.
എരുമേലി വഴി കരിമലയിലൂടെ സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരുടെ പ്രധാന വിശ്രമത്താവളമായ കരിമലയില്‍ വെള്ളവും വെളിച്ചവുമെത്തിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ബജറ്റില്‍ നീക്കിവെച്ച തുകപോലും തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ചിലവാക്കാന്‍ കഴിഞ്ഞില്ല. ഇതിനെ നീതീകരിക്കാനാവില്ല. അപകടങ്ങളുടെ എണ്ണത്തിലും ഈവര്‍ഷം വര്‍ദ്ധനവുണ്ടായി. മതിയായ യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും അധികൃതര്‍ പരാജയപ്പെട്ടു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കേരളത്തിലെ നാലു റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും 200 ല്‍പരം കോടി രൂപയുടെ വരുമാനം ലഭിച്ചിട്ടുണ്ട്. ഈ അവസ്ഥയിലും ഇവിടെ സര്‍വ്വീസ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വേണ്ട നടപടിയുണ്ടായിട്ടില്ല.
സൗജന്യമായി ധര്‍മ്മശാലകള്‍ പണിതു നല്‍കുന്നതോടൊപ്പം മുഖ്യമന്ത്രി ശബരിമലയിലെത്തി തീര്‍ത്ഥാടകരുടെ അഭിപ്രായം ആരായുകയും അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുകയും വേണം. തീര്‍ത്ഥാടകരുടെ പ്രാഥമിക ആവശ്യം നിറവേറ്റല്‍, ഭക്ഷണം, കുടിവെള്ളം, താമസം, എന്നിവ സൗജന്യമായി ലഭ്യമാക്കുവാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജസ്റ്റിസ് ഹരിഹരന്‍നായര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കണം. പമ്പയില്‍വെച്ച് തിരക്കില്‍പെട്ട് തീര്‍ത്ഥാടകര്‍ മരിച്ചതുമായി ബന്ധപ്പെട്ട് അന്വേഷിച്ച ജസ്റ്റിസ് ചന്ദ്രശേഖരന് കമ്മീഷന് റിപ്പോര്‍ട്ടും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. സൗജന്യമായി അന്നദാനം നടത്തുകയും, തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കി സൗജന്യമായി വൈദ്യുതിയും വെള്ളവും നല്കാന് നടപടിയുണ്ടാകണം.
ആറന്മുള വിമാനത്താവളം ആ പ്രദേശത്തെ ഭൂപ്രകൃതിയെ മാറ്റിമറിക്കുന്നതിനൊപ്പം ആ ഗ്രാമത്തെയും പുണ്യനദിയായ പമ്പയെയും നശിപ്പിക്കും. ആറന്മുള ഒരു പൈതൃകഗ്രാമമാണ്. ഇവിടുത്തെ ക്ഷേത്രത്തിന് ആഘാതമുണ്ടാകുന്ന തരത്തില്‍ വിമാനത്താവളം പണിയാന്‍ പാടില്ല. 30.7 മീറ്റര്‍ ഉയരമാണ് കൊടിമരത്തിനുള്ളത്. ആയിരത്തി ഇരുനൂറ് വര്‍ഷത്തെ പഴക്കമുള്ളതാണ് ആറന്മുള ക്ഷേത്രമെന്നാണ് കണക്കാക്കുന്നത്. വിമാനത്താവളം വരുന്നത് പമ്പയെയും നശിപ്പിക്കും. വിമാനത്താവളം നിര്‍മ്മിക്കാന്‍ ജില്ലയില്‍ മറ്റിടങ്ങള്‍ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് മുറികള്‍ നല്‍കുന്നത് 24 മണിക്കൂറില്‍ നിന്ന് 12 ആയി ചുരുക്കുകയും വാടക വര്‍ദ്ധിപ്പിച്ചതും പ്രതിഷേധാര്‍ഹമാണ്. കേരളത്തില്‍ ഇടത്താവളങ്ങളൊന്നും തന്നെ വികസിപ്പിച്ചിട്ടില്ല. കേരളത്തിന്റെ സമ്പത്ത് ഘടന നിലനിര്‍ത്തുന്നത് ശബരിമല സീസണുള്ളതുകൊണ്ടാണെന്നുള്ള കാര്യം സര്‍ക്കാര്‍ ഓര്‍ക്കണം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് അയ്യപ്പസേവാസമാജം 50 അയ്യപ്പസേവാ കേന്ദ്രങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
അയ്യപ്പസേവാസമാജം അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ സുദര്‍ശന റെഡ്ഡി, സംസ്ഥാന സെക്രട്ടറി കെ.കെ.മൂര്‍ത്തി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: