മൂവാറ്റുപുഴ: അന്നദാനം മഹാദാനം എന്ന വാക്യം അന്യര്‍ത്ഥമാക്കുകയാണ് വെള്ളൂര്‍കുന്നം മഹാദേവ ക്ഷേത്രത്തിലെ അന്നദാന സമിതി. മൂവാറ്റുപുഴയാറിന്റെ തീരത്ത് കര്‍മ്മനിരതരാണ് സേവാഭാരതിയുടെയും വള്ളൂര്കുന്നം അന്നദാന സേവാസമിതിയുടേയും പ്രവര്‍ത്തകര്‍.
മണ്ഡലക്കാലത്ത് ക്ഷേത്രത്തില്‍ എത്തുന്ന അയ്യപ്പന്മാര്ക്കുള്ള അന്നദാനം എന്ന ആശയം ഉടലെടുക്കുന്നത് വെള്ളൂര്‍കുന്നം മഹാദേവ ക്ഷേത്രത്തിന്റ പടിക്കെട്ടില്‍ വൈകുന്നേരങ്ങളില്‍ ഒത്തൊരുമിക്കുന്ന ഒരുകൂട്ടം ഭക്തരുടെ കൂട്ടായമയില്‍ നിന്നുമാണ്. 2004 ല്‍ അന്നദാന പരിപാടി തുടങ്ങുമ്പോള്‍ ക്ഷേത്രത്തില്‍ എത്തുന്നത് വളരെകുറച്ച് അയ്യപ്പന്മാരായിരുന്നു. അന്നദാനത്തിനുള്ള ഇവിടെ സൗകര്യക്കുറവുമുണ്ടായിരുന്നു. 2006 ല്‍ ഈ കൂട്ടായ്മ ഒരു ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്ത് 51 അംഗങ്ങളുടെ സമിതി പ്രവര്‍ത്തനം തുടങ്ങി. മഹാദേവന്റെ അനുഗ്രഹത്താല്‍ സമിതിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയായിരുന്നു. മണ്ഡല മകരവിളക്ക് കാലം മുഴുവനും തുടര്‍ന്ന് മകരവിളക്ക് ദര്‍ശനം കഴിഞ്ഞു വരുന്ന മുഴുവന്‍ അയ്യപ്പന്മാര്ക്കും രാവിലെ മുതല്‍ ഭക്ഷണം നല്കുവാനുള്ള ശ്രമം ആരംഭിച്ചു.
വെള്ളൂര്‍ക്കുന്നം ക്ഷേത്ര ട്രസ്റ്റിന്റെ പൂര്‍ണ്ണ സഹകരണത്തോടെ 62 ദിവസങ്ങളില്‍ വൈകിട്ട് ക്ഷേത്രത്തില്‍ എത്തുന്ന എല്ലാ അയ്യപ്പന്മാര്ക്കും അന്നദാനം നല്‍കുന്നതിനും വിരിവെച്ച് വിശ്രമിക്കുന്നതിനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സമിതിക്ക് ഇന്ന് കഴിയുന്നുണ്ട്. ഓരോ ദിവസവും അന്നദാനം നടത്തുന്നതിന് ധാരാളം ഭക്തജനങ്ങള്‍ മുന്നോട്ട് വരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നും എത്തുന്ന അയ്യപ്പന്മാര്ക്ക് വെള്ളൂര്‍കുന്നം മഹാദേവ ക്ഷേത്രം ഒരു ഇടത്താവളമാണ്. ഇവിടെ എത്തിച്ചേരുന്ന അയ്യപ്പന്മാര്ക്ക് വൈദ്യസഹായവും സമിതിയുടെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്, മണ്ഡലക്കാലത്തെ സേവനനത്തിന് പുറമേ എല്ലാമാസവും മഹാദേവന്റെ തിരുനാളായ തിരുവാതിര നാളില്‍ ഭക്തര്‍ വഴിപാടായി നടത്തുന്ന പ്രസാദമൂട്ട് സമിതിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. അതുപോലെ ക്ഷേത്രത്തില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പ്, സപ്താഹം തുടങ്ങിയ അവസരങ്ങളിലും പ്രസാദഊട്ട് നടത്തിവരുന്നു. വിശ്വഹിന്ദുപരിഷത്ത്, ക്ഷേത്ര സംരക്ഷണസമിതി, വിവിധ ഹൈന്ദവ സംഘടനകളുടെ പരിപാടികളില്‍ ഭക്ഷണത്തിന്റെ നെടുനായകത്വം സമിതിയ്ക്കാണ്. കൂടാതെ സാമൂഹ്യ- സേവന രംഗത്തും സമിതി പ്രവര്‍ത്തിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പഠന സഹായം , രോഗികളായുള്ളവര്‍ക്ക് വൈദ്യസഹായത്തിന് സാമ്പത്തികസഹായം തുടങ്ങിയവ സേവാസമിതി ഏറ്റെടുത്ത് നടത്തിവരുന്നു. ടി.കെ.വിജയകുമാര്‍ പ്രസിഡന്റും, സി.ആര്.രാജഗോപാല്‍ നായര്‍ സെക്രട്ടറിയുമായുള്ള ഭരണസമിതിയാണ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. ശബരിമല തീര്‍ത്ഥാടര്‍ക്ക് വിരിവെക്കാനും വിശ്രമിക്കാനും ഏറെ സൗകര്യപ്രദമായ ഒരിടത്താവളമാണ് വെള്ളൂര്‍കുന്നം മഹാദേവന്റെ സന്നിധി.
സി.എസ്. ഭരതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: