തെരഞ്ഞെടുപ്പു ഫലം വിരല്‍ ചൂണ്ടുന്നത് പുതിയ രാഷ്ട്രീയവഴിയിലേക്കാണ്. ഒറ്റയ്ക്ക് നിന്നു മത്സരിക്കുക, ഒന്നിച്ചു നിന്ന് നേരിടുക. ഈ തെരഞ്ഞെടുപ്പിലെ വിജയിച്ചവരുടെ ചരിത്രം പറയുന്നത് അതാണ്. കോണ്‍ഗ്രസിന്റെ കനത്ത പരാജയം, ബിജെപിയുടെ മികച്ച വിജയം, ആം ആദ്മി പാര്‍ട്ടിയുടെ തിളക്കമുള്ള ഉദയം-അതാണു ചുരുക്കിപ്പറഞ്ഞാല്‍ തെരഞ്ഞെടുപ്പു ഫലത്തിന്റെ രാഷ്ട്രീയം.
അതായത്, ഒന്ന്:പാരമ്പര്യമുള്ള പാര്‍ട്ടിയാണെങ്കിലും ആ കാരണം കൊണ്ടു മാത്രം ജനപിന്തുണ നിലനിര്‍ത്താനാവില്ല. രണ്ട്: അതേ സമയം ജനവികാരം മാനിക്കുന്നവര്‍ക്ക് പിന്തുണ നല്കാന് വോട്ടര്‍മാര്‍ തയ്യാറാകും. മൂന്ന്: പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് മദ്ധ്യവര്‍ഗ്ഗ വിഭാഗത്തിലെ വോട്ടര്‍മാര്‍ ഇപ്പോഴും തയ്യാറാണ്.
സദ്ഭരണം, വികസനം തുടങ്ങിയ വിഷയങ്ങള്‍ ആധാരമാക്കിയാലും ജനങ്ങളുടെ വൈകാരിക പ്രശ്നങ്ങള്‍ തന്നെയാണ് തെരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘടകം എന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ് തെരഞ്ഞെടുപ്പു ഫലം. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്കുണ്ടായ വിജയവും ഛത്തീസ്ഗഢില്‍ ബിജെപിക്കെതിരേ അവസാന റൗണ്ട് വോട്ടെണ്ണല്‍ വരെ കോണ്‍ഗ്രസ് പിടിച്ചു നിന്നതും രാജസ്ഥാനില്‍ കോണ്‍ഗ്രസ് അമ്പേ പരാജയമായതും അങ്ങനെയാണ്.
ലോക്പാല്‍ എന്ന നിയമമല്ല, മറിച്ച് സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തു എന്നതായിരുന്നു ആം ആദ്മിയെ തുണയ്ക്കാന്‍ ദല്‍ഹിക്കാരെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാരും അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതി വര്‍ഷങ്ങളായി നടപ്പാക്കിയിയിട്ടും ഇത്രയേറെ മികച്ച ഭരണം കാഴ്ചവെച്ചിട്ടും ജനങ്ങളുടെ ജീവന് സുരക്ഷാ വിഷയം എന്ന നക്സല്‍ പ്രശ്നം മുഖ്യ വിഷയമായി വന്നപ്പോള്‍ ബിജെപിയുടെ രമണ്സിംഗിനു പ്രതീക്ഷിച്ചപോലെ മിന്നിത്തിളങ്ങാനാകാതെപോയി. മൂന്നാം വട്ടത്തെ മേറ്റ്ന്തെല്ലാം നേട്ടം പ്രസംഗിച്ചിട്ടും ലൈംഗികാപവാദക്കേസുകളില്‍ പെട്ട രാജസ്ഥാനിലെ ഗെഹ്ലോട്ട് മന്ത്രിമാരും ഭരണവും കോണ്‍ഗ്രസും തറപറ്റിയതും അതുകൊണ്ടുതന്നെയാണ്.
പക്ഷേ, കൗതുകകരമായ കാര്യം രാഷ്ട്രീയത്തിലുണ്ടായ അടിസ്ഥാനപരമായ മാറ്റമാണ്. നാലു സംസ്ഥാനങ്ങളിലും പാര്‍ട്ടികള്‍ ഒറ്റയ്ക്കൊറ്റയ്ക്കാണു മത്സരിച്ചത്. മുന്നണികളുടെ രാഷ്ട്രീയക്കാലമായിട്ടും മുന്നണി ഉണ്ടാക്കിയില്ല, ചില സംസ്ഥാനങ്ങളിലെങ്കിലും അതിന് അവസരമുണ്ടായിട്ടും. മധ്യപ്രദേശില്‍ ബിഎസ്പിയും കോണ്‍ഗ്രസും ബിജെപിയും വെവ്വേറേ മത്സരിച്ചു. സിഖുകാര്‍ക്ക് ഏറെ സ്വാധീനമുള്ള ദല്‍ഹിയില്‍ എന്‍ഡിഎയില്‍ കക്ഷിയാണെങ്കിലും, ബിജെപിയും ശിരോമണി അകാലിദളും സഖ്യമില്ലാതെ മത്സരിച്ചു. സ്വന്തം അജണ്ടകളില്‍ മുന്നണികള്‍ക്കു വേണ്ടി ഒരു മാറ്റവും വരുത്താതെ മത്സരിക്കാന്‍ പാര്‍ട്ടികള്‍ക്കായി. അതൊരു പുതിയ സാധ്യതാ രാഷ്ട്രീയമാണു തുറന്നിരിക്കുന്നത്. സ്വാഭാവികമായും അകാലിദള്‍ സ്ഥാനാര്‍ത്ഥി ബിജെപിയെ തുണയ്ക്കും. ബിഎസ്പിയുടെ വിജയിച്ച സ്ഥാനാര്‍ത്ഥിയും ബിജെപിക്കൊപ്പം കൂടും. തെരഞ്ഞെടുപ്പു കഴിഞ്ഞുള്ള മുന്നണി രൂപീകരണം എന്ന പുതിയൊരു പരീക്ഷണത്തിലേക്കു മടങ്ങാന്‍ പ്രമുഖ പാര്‍ട്ടികളെ ഇതു പ്രേരിപ്പിച്ചേക്കും.
എന്നാല്‍, ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹിയിലെ ഉദയം ചെറിയ കാര്യമലെങ്കിലും വലിയ കാര്യവുമല്ല. പക്ഷേ, ഒന്ന്: ഒറ്റ വര്‍ഷംകൊണ്ട് അധികാരത്തിനടുത്തുവരെ എത്തിയെന്ന പ്രശംസ എഎപിക്ക് കൊടുക്കുന്നെങ്കിലും ആ പാര്‍ട്ടിയുടെ ഭാവി ഒരു വിഷയമാണ്. രണ്ട്: മാറ്റത്തിനും പുതുമയ്ക്കും എന്നും ഇന്ത്യന്‍ വോട്ടര്‍മാര്‍ തയ്യാറാണ്. മൂന്ന്: കോണ്‍ഗ്രസിനെതിരേയുള്ള വോട്ടുകള്‍ കൊടുക്കാന്‍ വിശ്വസ്തമായ പുതിയൊരു പാര്‍ട്ടിയെന്ന നിലയിലായിരുന്നു എഎപിക്കു കിട്ടിയ പിന്തുണ. എഎപി ഇല്ലായിരുന്നെങ്കില്‍ അതു ബിജെപിക്കു കിട്ടുമായിരുന്നു. അല്ലാതെ മൂന്നാമതൊരു മുന്നണിക്കോ പരീക്ഷിച്ചു പരാജയപ്പെട്ട മറ്റൊരു പാര്‍ട്ടിക്കോ ലഭിക്കുമായിരുന്നില്ല.
രാജീവ് ഗാന്ധിക്കാലത്ത് കോണ്‍ഗ്രസിനെ കാല് നൂറ്റാണ്ടിനു മുമ്പ് വി.പി.സിംഗിന്റെ നേതൃത്വത്തില്‍ അടിയറവു പറയിച്ചത് (1989) ജനതാദള്‍ രൂപം കൊണ്ട് ഏതാണ്ട് വെറും ഒന്നൊന്നരവര്‍ഷം കൊണ്ടായിരുന്നുവല്ലോ. പക്ഷേ, ബോഫോഴ്സ് എന്ന ഏകമുഖ അജണ്ടയായിരുന്നതിനാല് അതിനു തുടര്‍ പന്തുണ കിട്ടിയില്ല. ലോക്പാല്‍ നിയമത്തിനും അഴിമതി വിരുദ്ധമെന്ന ആശയത്തിനും ആം ആദ്മിക്കു കിട്ടിയ അവസരം അങ്ങനെ മറ്റൊരു പരീക്ഷണത്തോടെ അവസാനിക്കാനാണിട. അതായത്, കോണ്‍ഗ്രസിനെതിരേയുള്ള വികാരം ബിജെപിക്കു ഗുണമാകാതെ സ്വന്തമാക്കാന്‍ നിലവിലുള്ള പ്രാദേശികമായ ചെറു പാര്‍ട്ടികള്‍ക്കോ അവയുടെ തട്ടിക്കൂട്ടു മുന്നണികള്‍ക്കോ സാധിക്കില്ലെന്നര്‍ത്ഥം. അതു പുതിയൊരു രാഷ്ട്രീയ പാഠം ആകുകയാണ്.
ബിജെപിക്കുമുണ്ട് ഈ തെരഞ്ഞെടുപ്പില്‍നിന്നു പാഠിക്കാനേറെ. ഒന്ന്: ഒന്നിച്ചു നില്‍ക്കുകയെന്ന പാഠം. ദല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഡോ. ഹര്‍ഷവര്‍ദ്ധനെ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കില്‍ എഎപിക്കു മുന്നില്‍ വിയര്‍ക്കേണ്ടിവരില്ലായിരുന്നു. പക്ഷേ, ഒന്നിച്ചുനിന്നതിന്റെ നേട്ടമാണ് വിജയമുണ്ടാക്കിയതെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്. രാജസ്ഥാനില്‍ അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരിക്കേണ്ടിവന്നത് ഒന്നിച്ചു നില്ക്കാഞ്ഞതുതന്നെയാണെന്ന് ഒന്നിച്ചു നിന്നപ്പോഴത്തെ വിജയം അവരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
രണ്ട്: പാര്‍ട്ടിയുടെ അജണ്ടകളോട് ഒത്തുതീര്‍പ്പില്ലാതെ മുന്നോട്ടു പോവുകയാണ് മികച്ച തന്ത്രം. എന്‍ഡിഎയിലെ സ്വാഭാവികസഖ്യ കക്ഷികള്‍ക്കു വേണ്ടിയല്ലാതെ രാഷ്ട്രീയ ഒത്തുതീര്‍പ്പുകള്‍ക്കു തയ്യാറാകരുത്. അതായത്, നിര്‍ണയാക വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയം വേണം. വികസനം വിഷയമാക്കുമ്പോള്‍ വ്യവസ്ഥകള്‍ വെക്കാന്‍ മറ്റാര്‍ക്കും ഇടകൊടുക്കരുത്. പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിനുള്ള അവസരം മുന്നില്‍ വന്നിരിക്കുകയാണ്.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: