കട്ടപ്പന: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വ്യാപകമായി വനം മാഫിയയും ക്വാറി പ്രവര്‍ത്തനവും വ്യാപകമാകുന്നു. റിപ്പോര്‍ട്ട് നടപ്പായാല്‍ സ്വന്തം ഭൂമിയിലെ ചെറിയ മരങ്ങള്‍ പോലും മുറിക്കാന്‍ പറ്റില്ലെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തി ഉടമകളെ കബളിപ്പിച്ച് തുച്ഛമായ വിലയ്ക്ക് പ്ലാവ്, മരുത്, തേക്ക്, മഹാഗണി തുടങ്ങിയ വന്‍ മരങ്ങള്‍ വെട്ടിക്കടത്തുന്നത്. ഈ മാഫിയയുടെ വ്യാജ പ്രചാരണത്തെ തുടര്‍ന്ന് ഉടമക്ക് ലഭിക്കേണ്ട തുകയേക്കാളും പകുതിയിലധികം കുറച്ചാണ് നല്‍കുന്നത്. ഇത്തരം പ്രചരണം മൂലം ദിവസേന നൂറുകണക്കിന് ലോഡ് തടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിയയക്കുന്നത്.
ഇടുക്കിയില്‍ പ്രധാനമായും കട്ടപ്പന, വണ്ടന്മേട്, നെടുങ്കണ്ടം, കാഞ്ചിയാര്‍ മേഖലകളില്‍ നിന്നാണ് വ്യാപകമായി മരങ്ങള്‍ മുറിച്ചു കടത്തുന്നത്. നൂറുകണക്കിന് ലോഡു തടികള്‍ ഫോറസ്റ്റ് അധികൃതരുടെ കണ്മുന്നില് കൂടി കടന്നുപോകുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കാനേ അവര്‍ക്ക് കഴിയുന്നുള്ളു. അതുപോലെ തന്നെ ജില്ലയിലെ മലനിരകളെ കാര്‍ന്നുതിന്നുന്ന ക്വാറി പ്രവര്‍ത്തനങ്ങളും വ്യാപകമായിരിക്കുകയാണ്. റിപ്പോര്‍ട്ട് നടപ്പിലായാല്‍ കല്ലിന് പൊന്നിന്റെ വില നല്‍കേണ്ടിവരുമെന്ന് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് മലകള്‍ തുരന്ന് ക്വാറി പ്രവര്‍ത്തനം വ്യാപകമാക്കിയിരിക്കുകയാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് മുമ്പ് ജില്ലയില്‍ ഇരുന്നൂറോളം ക്വാറികളാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മുന്നൂറിന് മേല്‍ ക്വാറികളാണ് ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നത്.
മണല്‍ മാഫിയയുടെ പ്രവര്‍ത്തനവും തകൃതിയായി നടക്കുകയാണ്. ലോഡുകണക്കിന് മണല്‍ ലോറികളാണ് ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലൂടെ ചീറിപ്പായുന്നത്. റിപ്പോര്‍ട്ട് നടപ്പിലായാല്‍ സ്ഥലത്തിന് വിലയിടിയുമെന്ന് തെറ്റിദ്ധരിപ്പിച്ച് കൃഷിക്കാരുടെ ഭൂമി വാങ്ങിക്കൂട്ടുന്ന ഭൂമാഫിയയും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: