ഗുരുവായൂര്‍: അഖില ഭാരത ഗുരുവായൂരപ്പ ഭക്തസമിതിയുടെ ഈ വര്‍ഷത്തെ മയില്‍പ്പീലി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
സംഗീതമേഖലയില്‍ കലാരത്നം കെ.ജി.ജയനും (ജയവിജയ), വേദ ശാസ്ത്ര ആചാര്യനായ എം.ആര്.രാജേഷിനും മാധ്യമരംഗത്തെ മികച്ച പ്രവര്‍ത്തകനുള്ള പുരസ്കാരം ദീപക് ധര്‍മ്മടത്തിനും ആതുര സേവനരംഗത്തെ മികച്ച സേവനം കാഴ്ചവെക്കുന്ന ഡോ.വി.വേണുഗോപാലിനും സിനിമാരംഗത്തെ സംവിധായകനായ രഞ്ജിത്ത് ശങ്കറിനും അഭിനയത്തിന് ഭാമക്കുമാണ് പുരസ്കാരങ്ങള്‍.
കേരള സംസ്ഥാനത്തെ വിവിധ കര്‍മ്മ മണ്ഡലങ്ങളില്‍ മികവ് തെളിയിച്ച ഭഗവദ് ഭക്തന്മാരേയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുക്കുന്നതെന്ന് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. എസ്.രമേശന്‍നായര്‍, ആലങ്കോട് ലീലാകൃഷ്ണന്, ജയരാജ് വാര്യര്‍ തുടങ്ങിയവരാണ് ജഡ്ജിങ്ങ് കമ്മിറ്റിയില്‍.
പതിനായിരത്തൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഏകാദശി ദിനമായ ഡിസംബര്‍ 13ന് മൂന്നുമണിക്ക് ഗോകുലം വനമാലയില്‍ വെച്ച് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാല്‍ ഗുരുവായൂരില്‍ സമര്‍പ്പിക്കും.
ജയരാജ് വാര്യര്‍, ഭാഗവതാചാര്യന്‍ പി.സി.സി.ഇളയത്, ഭക്തസമിതി പ്രസിഡണ്ട് എം.സി.ലീലാധരന്, ജനറല്‍ സെക്രട്ടറി ബാബുരാജ് ഗുരുവായൂര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: