ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിച്ച നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. മധ്യപ്രദേശ്, രാജസ്ഥാന്, ന്യൂദല്‍ഹി, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പരാജയം സംഭവിച്ചേക്കാമെന്ന കോണ്‍ഗ്രസ് ഹൈക്കമാന്റ് വിലയിരുത്തലിനു പിന്നാലെയാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. ഉച്ചയോടെ എല്ലാ സംസ്ഥാനങ്ങളിലേയും ഫലം പൂര്‍ണ്ണമായും വ്യക്തമാകും.
നാലു സംസ്ഥാനങ്ങളിലും ബിജെപി ഭരണത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഹാട്രിക് വിജയവും അഞ്ചുവര്‍ഷം മുമ്പ് കൈവിട്ട രാജസ്ഥാനും 15 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ദല്‍ഹിയും ബിജെപി തിരിച്ചു പിടിക്കുമെന്ന് ഉറപ്പാണ്. തോല്‍വി ഉറപ്പായ കോണ്‍ഗ്രസ് നേതൃത്വം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് പാര്‍ട്ടിയെന്ന പ്രതികരണമാണ് ഇന്നലെ നടത്തിയത്.
നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പുകളെന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ് ഇന്ന് ഉച്ചയോടെ പുറത്തുവരുന്ന ഫലങ്ങള്‍. മോദിയുടെ വ്യക്തിപ്രഭാവവും സംഘടനാ മികവും മാറ്റുരയ്ക്കുന്ന ഫലം തന്നെയാണ് പുറത്തുവരുകയെന്ന് ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. വന്‍ഭൂരിപക്ഷത്തോടെ സംസ്ഥാനങ്ങളുടെ ഭരണം ലഭിക്കുമെന്നാണ് ബിജെപി ക്യാമ്പിന്റെ കണക്കുകൂട്ടല്‍. രാജസ്ഥാനില്‍ 30 യോഗങ്ങളിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ഇരുപതോളം റാലികളിലും ദല്‍ഹിയില്‍ പതിനഞ്ച് റാലികളും പങ്കെടുത്ത നരേന്ദ്രമോദി ആയിരങ്ങളെയാണ് ആകര്‍ഷിച്ചത്. ഇതു തെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ സ്വാധീനം സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
രാഹുല്‍ ഗാന്ധി എഐസിസി വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ചുമതല ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായതിനാല്‍ ഫലം രാഹുലിന്റെ രാഷ്ട്രീയ ഭാവിക്കും നിര്‍ണ്ണായകമാണ്. മദ്ധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് മോദി-രാഹുല്‍ ഏറ്റുമുട്ടലായി ചിത്രീകരിക്കപ്പെട്ടതിനാല്‍ പരാജയം രാഹുലിന് വലിയ തിരിച്ചടി തന്നെയാകും.
ഉയര്‍ന്ന പോളിംഗ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. മിസോറാമില്‍ നാളെയാണ് വോട്ടെണ്ണല്‍.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: