കോഴിക്കോട്: ചെയ്ത തെറ്റിന് കുറ്റം ഏറ്റു പറഞ്ഞ് ബിഷപ്പിന് മുമ്പില്‍ കുമ്പസാരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. താമരശ്ശേരി രൂപതാ ആസ്ഥാനത്ത ഇന്നലെ കാലത്താണ് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയോടൊപ്പം പിണറായി ബിഷപ്പ് മാര്‍ റെമിഞ്ചിയോസ് ഇഞ്ചനാനിയലിനെ കാണാനെത്തിയത്. കൂടിക്കാഴ്ച 15 മിനിട്ട് നീണ്ടുനിന്നു.
2007ലെ വിവാദമായ നികൃഷ്ടജീവി പദപ്രയോഗത്തിന് ശേഷം ആദ്യമായാണ് പിണറായി താമരശ്ശേരി ബിഷപ്പിനെ കാണുന്നത്. സിപിഎം നേതാവായിരുന്ന മത്തായിചാക്കോയുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ടാണ് അന്നത്തെ താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിക്കെതിരെ പിണറായി വിജയന് നികൃഷ്ടജീവി പ്രയോഗം നടത്തിയത്. മത്തായിചാക്കോ മരിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഭാര്യയുടെ ആവശ്യപ്രകാരം രോഗിലേപനം നല്‍കിയിരുന്നുവെന്നും എന്നാല്‍ സഭാനിയമങ്ങള്‍ തള്ളിക്കളഞ്ഞ് മത്തായിചാക്കോയുടെ സംസ്കാരം പാര്‍ട്ടി മുന്‍കയ്യെടുത്ത് നടത്തിയെന്നും മാര്‍ ചിറ്റിലപ്പള്ളി പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് ചിറ്റിലക്കെതിരെ പിണറായി നികൃഷ്ടജീവിപ്രയോഗം നടത്തിയത്. കൂടിക്കാഴ്ചക്ക് ശേഷം നികൃതഷ്ടജീവിപ്രയോഗം നടത്തിയ പിണറായി വിജയനോട് വിരോധമില്ലെന്ന പ്രതികരണമാണ് ബിഷപ്പ് ഇഞ്ചനാനിയലില് നിന്നുണ്ടായത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കപ്പെട്ട കുടിയേറ്റക്കാരായ മലയോര ജനതയുടെ വോട്ട്ബാങ്ക് ലക്ഷ്യമാക്കിയുള്ള സിപിഎമ്മിന്റെ പുതിയ അടവ്നയമാണ് പിണറായി താമരശ്ശേരി രൂപതാ ആസ്ഥാനത്ത് എത്തിയതിന് പിന്നില്‍ എന്നാണ് പറയപ്പെടുന്നത്. ബിഷപ്പിന് മുന്നില്‍ വിനീതവിനയനായി നിന്ന് ഈ വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിന് ശക്തമായ നീക്കമാണ് സിപിഎം ആരംഭിച്ചിരിക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോരമേഖലയായ കോടഞ്ചേരിയില്‍ ഇന്നലെ ഇതിന്റെ ഭാഗമായി കണ്വെന്ഷന് നടത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: