പാലക്കാട്: പിഎസ്സി പരീക്ഷയെഴുതാന്‍ ജില്ലകള്‍ താണ്ടി ഉദ്യോഗാര്‍ത്ഥികള്‍ നട്ടം തിരിഞ്ഞു. തൃശൂര്‍ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്ന് ജില്ലകള്‍ വരെ അപ്പുറത്തായിരുന്നു പരീക്ഷ സെന്ററുകള്‍ കിട്ടിയത്. ജില്ലയില്‍ 13 ലക്ഷത്തോളം പേരാണ് ഇന്നലെ വിവിധ ജില്ലകളിലെ പരീക്ഷ സെന്ററുകളില്‍ പരീക്ഷയെഴുതിയത്. തൃശൂരിന് പുറമേ പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിലായിരുന്നു മറ്റ് പരീക്ഷാകേന്ദ്രങ്ങള്‍. ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നേകാല്‍ വരെയായിരുന്നു പരീക്ഷ. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് രാവിലെത്തന്നെ പരീക്ഷയെഴുതാന്‍ വീട്ടില്‍നിന്നും പുറപ്പെട്ടത്. പാലക്കാട് ജില്ലയിലെ കെഎസ്ആര്‍ടിസി സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനുകളിലും വന്‍തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത്. പലര്‍ക്കും അന്യജില്ലകളില്‍ വളരെ ഉള്‍പ്രദേശങ്ങളിലായിരുന്നു പരീക്ഷ കേന്ദ്രം കിട്ടിയിരുന്നത്. ഇക്കൂട്ടര്‍ ലക്ഷ്യസ്ഥാനത്തെത്തിപ്പെടാന് പാടുപെട്ടു.
പി.എസ്സി പരീക്ഷ ദിവസം വന്തിരക്കുണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ട് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കരുതിയവര്‍ക്കും തെറ്റി. തൃശൂര്‍ ജില്ലയിലെ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് തസ്തികയിലേക്കാണ് പരീക്ഷ നടന്നത്. അപൂര്‍വം ബസ് സര്‍വീസുകള്‍ ഉള്ള കാട്ടുമുക്കില് പോലും പരീക്ഷ സെന്റര്‍ അനുവദിച്ചതായി ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ഒറ്റ ദിവസം കൊണ്ട് പരീക്ഷ നടത്തുന്നതിനെയും ഉദ്യോഗാര്‍ത്ഥിയുടെ ജില്ലയില്‍ തന്നെ പരീക്ഷകേന്ദ്രം നല്‍കാത്ത അധികൃതരുടെ നടപടിയെയും ഉദ്യോഗാര്‍ത്ഥികള്‍ വിമര്‍ശിച്ചു. പരീക്ഷയെഴുതുന്നില്ലെന്ന് വെച്ച് ഉപേക്ഷിച്ചവരും നിരവധിയാണ്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: