തിരുവനന്തപുരം: ചേരിപ്പോരും ആസൂത്രണത്തിലെ പാളിച്ചയും പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തെ താളം തെറ്റിക്കുന്നു. മേള മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ പാളിച്ചകളുടെ ഘോഷയാത്രയാണ് സംഭവിക്കുന്നത്. ഷെഡ്യൂളുകള്‍ മാറിമറിയുന്നതും തിരക്ക് നിയന്ത്രിക്കാന്‍ വ്യക്തമായ പദ്ധതിയില്ലാത്തതും പ്രേക്ഷകരെയും സംഘാടകരെയും ഒരു പോലെ കുഴയ്ക്കുന്നുണ്ട്. തിരക്ക് കൂടിയതിനാല്‍ പല തീയറ്ററുകളിലും സംഘര്‍ഷം പതിവായിരിക്കുന്നു. ഇന്നലെ മത്സരവിഭാഗം ചിത്രങ്ങളുടെ പ്രദര്‍ശനം നടന്ന കൈരളി തീയറ്ററില്‍ ബാരിക്കേടും വാതിലുകളും ചവിട്ടിപ്പൊളിച്ചാണ് പ്രേക്ഷകര്‍ സിനിമ കാണാന്‍ കയറിയത്. സഹികെട്ട പ്രേക്ഷകര്‍ പ്രതിഷേധിക്കുന്നത് സംഘര്‍ഷമായി മാറുമ്പോള്‍ മേളയുടെ തിളക്കം കെടുന്ന അവസ്ഥയുണ്ടാകുന്നു.
ഓരോ വര്‍ഷവും മികച്ചതായി മാറുന്ന ചരിത്രമാണ് തിരുവനന്തപുരത്തു നടക്കുന്ന കേരളാ രാജ്യാന്തര ചലച്ചിത്രോത്സവത്തിനുള്ളത്. സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 2.25 കോടിരൂപയും സ്പോണ്സര്ഷിപ്പുമെല്ലാം ഉപയോഗിച്ചാണ് മേള നടത്തുന്നത്. നല്ല സിനിമയെ പരിപോഷിപ്പിക്കാനും മികച്ച സിനിമകളെ നമ്മുടെ പ്രേക്ഷകര്‍ക്ക് അടുത്തറിയാനുമുള്ള അവസരം സൃഷ്ടിക്കലുമാണ് മേളയുടെ ലക്ഷ്യം. മുന്‍ വര്‍ഷങ്ങളില്‍ ഇത് ഏറെക്കുറെ ഭംഗിയായി നിര്‍വ്വഹിക്കപ്പെട്ടിട്ടുണ്ട്.
സംഘാടകരുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് അതിന് സഹായിച്ചത്. അതിനാല്‍ ഓരോ വര്‍ഷവും മേളയ്ക്കെത്തുന്ന പ്രേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം 7500 പേര് പ്രതിനിധികളായി എത്തിയ സ്ഥാനത്ത് ഇത്തവണ 9000 പ്രതിനിധികളും 1200 മാധ്യമപ്രവര്‍ത്തകരുമുണ്ട്. എന്നാല്‍ ഇത്രയും കൂടുതല്‍ പേര്‍ക്ക് സിനിമാ കാണാന്‍ സൗകര്യമൊരുക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു. ചെറിയ തീയറ്ററുകളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. തലസ്ഥാനത്തെ വലിയ തീയറ്ററായ ന്യൂ ഇത്തവണ മേളയ്ക്കില്ല. ഇതു മൂലം സിനിമയ്ക്ക് സീറ്റ് കിട്ടാതെ മേളയ്ക്കു പുറത്താകുന്നവരാണ് കൂടുതലും. മുന്‍കാലത്തുണ്ടായിരുന്ന മുന്‍കൂട്ടി സീറ്റ് റിസര്‍വ്വു ചെയ്യാനുള്ള സംവിധാനവും താളം തെറ്റി.
സിനിമാ മന്ത്രിയായിരുന്ന കെ.ബി.ഗണേശ്കുമാര്‍ സ്ഥാനമൊഴിഞ്ഞ ശേഷം മുഖ്യമന്ത്രിക്കാണ് വകുപ്പിന്റെ ചുമതല. അദ്ദേഹത്തിന് സിനിമാക്കാര്യം ശ്രദ്ധിക്കാന്‍ ഒട്ടും നേരവുമില്ല. താനില്ലാത്ത മേള അത്ര ഭംഗിയായി നടക്കേണ്ടതില്ലെന്ന നിലപാടിലാണ് ഗണേശ്കുമാര്‍. മുന്‍നിര സിനിമാക്കാരാരും മേളയുമായി സഹകരിക്കുന്നില്ല. മേളസ്ഥലത്ത് കറങ്ങി നടക്കുന്ന ചില സിനിമാക്കാര് പേരിനുമാത്രം വന്നു പോകുന്നവരാണ്. ഗണേശ്കുമാറുമായി അടുപ്പു പലുര്ത്തുന്നവരാണ് ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷനിലെ മിക്ക ഉദ്യോഗസ്ഥരും. അവരെല്ലാം നിസ്സഹരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ചലച്ചിത്ര അക്കാദമിയിലും ഗണേശന്റെ അടുപ്പക്കാരെല്ലാം മേളയുടെ നടത്തിപ്പിനെ അലങ്കോലമാക്കാന്‍ ശ്രമിക്കുകയാണെന്ന പരാതി അക്കാദമിയിലെ പലര്‍ക്കുമുണ്ട്. ചലച്ചിത്രമേള നടത്തിപ്പിന്റെ ചുമതല മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സ്റ്റാഫംഗത്തെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍, അദ്ദേഹം ആദ്യ സംഘാടക സമിതി യോഗത്തില്‍ പോലും പങ്കെടുത്തില്ല.
ചലച്ചിത്ര അക്കാദമി സെക്രട്ടറിയായിരുന്ന മനോജ് കുമാര്‍ ഒന്നരമാസം മുന്‍പു രാജിവച്ചിരുന്നു. പിആര്ഡിയിലേക്കു പോയ അദ്ദേഹത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ മാധ്യമ പ്രചാരണ ചുമതല. ഡല്‍ഹി കേരള ഹൗസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയ രാജേന്ദ്രനാണ് ഇപ്പോള്‍ അക്കാദമി സെക്രട്ടറി. പരിചയക്കുറവ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
അക്കാദമി ചെയര്മാന് പ്രിയദര്ശന് കൈരളിതീയറ്ററിലെ ഫെസ്റ്റിവല്‍ ഓഫീസില്‍ വന്നു പോകുന്നതല്ലാതെ ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും അദ്ദേഹത്തിന് കാര്യമായ റോളില്ല. എത്ര സിനിമകളെത്തിയെന്നു പോലും അദ്ദേഹത്തിനറിയില്ല. എല്ലാം ബീനാപോളിനോടു ചോദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഉത്തരം. ഇത്തരത്തിലാണ് ചലച്ചിത്രമേള മുന്നോട്ടു പോകുന്നതെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് പോകുമെന്നാണ് സംഘാടകരില്‍ ചിലരുടെ അഭിപ്രായം. പ്രശ്നങ്ങള്‍ പരിഹരിക്കാനോ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനോ കഴിവുള്ളവരാരും ഇപ്പോള്‍ നേതൃത്വത്തിലില്ലെന്നും അവര്‍ക്കഭിപ്രായമുണ്ട്. ഫലത്തില്‍ ലോക പ്രശസ്തമായ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള താളപ്പിഴകളുടെ മേളയായി മാറുകയാണ്.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: