കണ്ണൂര്‍: അഞ്ചു മാസമായി കരാറുകാര്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ പൊതുമരാമത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നു. 1150 കോടി രൂപയോളം ഈ ഇനത്തില്‍ കരാറുകാര്‍ക്ക് നല്‍കാനുണ്ട്. ജൂലൈ മാസത്തിനു ശേഷം ബില്ലുകളൊന്നും പാസ്സാക്കിയിട്ടില്ലെന്ന് കരാറുകാര്‍ പറയുന്നു.
നേരത്തെ പ്രവൃത്തി പൂര്‍ത്തിയാക്കി വര്‍ക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനനുസരിച്ച് അതത് സമയത്ത് ഫണ്ട് അനുവദിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം ജൂലൈ മാസം വരെ കൃത്യമായി തുക അനുവദിച്ചിരുന്നു. പല സ്ഥലങ്ങളിലും റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം പാതി വഴിക്ക് നിലച്ച മട്ടാണ്. എന്നാല്‍ ഖജനാവില്‍ ആവശ്യത്തിന് പണമില്ലാത്തതാണ് ബില്‍ പാസ്സാക്കി അയക്കാത്തതിന് കാരണമായി പൊതുമരാമത്ത് വകുപ്പ് പറയുന്നത്.
സര്‍ക്കാര്‍ പുതിയ ടെണ്ടറുകള്‍ വിളിക്കുന്നുണ്ടെങ്കിലും ചെറുകിട കരാറുകാര്‍ക്ക് മാറിനില്‍ക്കേണ്ട അവസ്ഥയാണ്. ടെണ്ടറില്‍ പങ്കെടുക്കുന്ന ചില വന്‍കിട കരാറുകാരാകട്ടെ തുക കണ്ടെത്തി നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാന്‍ സാധിക്കാത്ത നിലയിലാണ്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രമേ ഉള്ളു. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് സമയ ബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കി ബില്ലുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിന്നീട് ഫണ്ട് അനുവദിക്കുന്നതിന് ഇത് തടസ്സമായേക്കും. പാതി വഴിക്കായ നിര്‍മ്മാണ പ്രവൃത്തികള്‍ തുടര്‍ന്ന് കൊണ്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് മിക്ക കരാറുകാരും.
ചെറുകിട കരാറുകാരാണ് ഫണ്ട് ലഭിക്കാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുന്നത്. ഫണ്ട് അനുവദിക്കുന്നതില്‍ കാല താമസം നേരിട്ടാലും ടെണ്ടറില്‍ അനുവദിച്ച തുക മാത്രമേ പൊതുമരാമത്ത് വകുപ്പില്‍ നിന്നും കരാറുകാരന് ലഭിക്കുകയുള്ളു. സ്വര്‍ണ്ണവും സ്ഥലവും ഈട് നല്കി വായ്പ വാങ്ങിയ തുകക്ക് ഭീമമായ പലിശയാണ് ചെറുകിട കരാറുകാര്‍ ഇപ്പോള്‍ നല്കി വരുന്നത്. ചില ചെറുകിട കരാറുകാര്‍ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് കേരളാ ഗവണ്മെന്റ് കോണ്‍ട്രാക്റ്റേര്‍സ് അസോസിയേഷന് ഭാരവാഹി ജന്മഭൂമിയോട് പറഞ്ഞു. എന്നാല്‍ ആവശ്യത്തിന് ഫണ്ട് കൈവശമുള്ളവര്‍ മാത്രം പൊതുമരാമത്തിന്റെ ടെണ്ടറെടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ മനോഭാവമെന്നാണ് ഒരു കരാറുകാരന് പറഞ്ഞത്.
എംപി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ തുകയും കൃത്യസമയത്ത് ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. എംപി ഫണ്ടിലുള്ള പ്രൊജക്ടുകള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഫണ്ട് അനുവദിച്ച് കിട്ടുമെന്നിരിക്കെ ഇത്തരം ഫണ്ടുകള്‍ അനുവദിക്കാന്‍ കാലതാമസമുണ്ടാകുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണ് കരാറുകാര്‍ പറയുന്നത്.
ആവശ്യത്തിന് മണലും മറ്റ് സാധന സാമഗ്രികളും ലഭിക്കാത്തതും നിര്‍മ്മാണ പ്രവൃത്തികളെ സാരമായി ബാധിക്കുന്നുണ്ട്. കമ്പിയുടെയും സിമന്റിന്റെയും വില വര്‍ദ്ധനവും ദൗര്‍ലഭ്യവും നിര്‍മ്മാണ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സമയബന്ധിതമായി പണി പൂര്‍ത്തിയാക്കിയാലും പണം അനുവദിക്കുന്നുമില്ല. ചെറുകിട കരാറുകാരെ ഒഴിവാക്കി വന്‍കിട കരാറുകാരെ സഹായിക്കാനുള്ള ഗൂഢാലോചനയും ഇതിലുണ്ടെന്ന ആക്ഷേപം ശക്തമാണ്.
കെ.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: