ന്യൂദല്‍ഹി: റായല്തെലങ്കാനയിലെ കര്‍ണൂലും അനന്തപുരും കൂടി തെലങ്കാനയിലേക്ക് ചേര്‍ത്ത് പുതിയ സംസ്ഥാന രൂപീകരണ ബില്ലുമായി മുന്നോട്ടു പോകാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചെങ്കിലും തെലങ്കാന രൂപീകരണ ബില്ല് അവതരിപ്പിക്കാനുള്ള നീക്കം പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കും. തെലങ്കാന രൂപീകരണ ബില്‍ പാസാക്കാന്‍ ശ്രമിക്കുമെന്ന് ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം പാര്‍ലമെന്റിലെത്തിയ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് പറഞ്ഞു.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. ഭൂരിപക്ഷ സമുദായത്തിനെതിരായ വകുപ്പുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് പാസാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ കലാപ വിരുദ്ധ ബില്‍ അനുവദിക്കില്ലെന്ന ബിജെപി നിലപാടും പാര്‍ലമെന്റിനെ ബഹളമയമാക്കിയേക്കും.
പതിനഞ്ചാം ലോക്സഭയുടെ അവസാന സമ്പൂര്‍ണ്ണ സമ്മേളനത്തിനാണ് ഇന്നലെ തുടക്കമായത്. മെയില്‍ തെരഞ്ഞെടുപ്പിനു മുമ്പായി ബജറ്റ് സമ്മേളനം ഉണ്ടെങ്കിലും വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയുക മാത്രമാണ് മാര്‍ച്ചിലെ സമ്മേളനം. മുപ്പതോളം ബില്ലുകള്‍ സമ്മേളന കാലയളവില്‍ സഭയുടെ പരിഗണനയ്ക്കെത്തുന്നുണ്ട്. ലോക്പാല്‍ ബില്‍, ചരക്കു സേവന നികുതി ബില്‍, ഇന്‍ഷുറന്‍സ് നിയമഭേദഗതി എന്നിവ സഭയില്‍ അവതരിപ്പിക്കും. എന്നാല്‍ സമവായമുണ്ടാകാത്തതിനാല്‍ വനിതാ സംവരണ ബില്ല് അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി. വിവാദമായ വര്‍ഗ്ഗീയ കലാപ വിരുദ്ധ ബില്ലിന്മേലുള്ള കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ ഇതുവരെയും കേന്ദ്രസര്‍ക്കാരിനു ലഭിച്ചിട്ടില്ലാത്തതിനാല്‍ ബില്ല് അവതരിപ്പിക്കുമോയെന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ഇതിനു പുറമേ ബില്ലിനെ അതിശക്തമായി എതിര്‍ത്തുകൊണ്ട് നരേന്ദ്രമോദി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.
അന്തരിച്ച സാമാജികര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പാര്‍ലമെന്റ് ഇന്നലെ പിരിഞ്ഞു. ലോക്സഭാംഗവും ബിജെപി നേതാവുമായിരുന്ന മുരാരി ലാല്‍ സിങ്, രാജ്യസഭാംഗം മോഹന്‍സിങ് എന്നിവര്‍ക്ക് പാര്‍ലമെന്റ് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുന്‍ സാമാജികരായ ഏഴുപേരുടെ നിര്യാണത്തില്‍ അനുശോചിച്ച സഭ ഫൈലാന്‍ ചുഴലിക്കാറ്റില്‍ മരിച്ചവര്‍ക്കും മുംബൈയില്‍ കെട്ടിടാപകടത്തില്‍ മരിച്ചവര്‍ക്കും കെനിയയിലെ ഷോപ്പിംഗ് മാളിലെ വെടിവെയ്പ്പില്‍ മരിച്ച ഇന്ത്യാക്കാരുള്പ്പെടെയുള്ളവര്ക്കും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായതും കോണ്‍ഗ്രസിനു വലിയ തിരിച്ചടി ലഭിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടതും പാര്‍ലമെന്റ് സമ്മേളനത്തിലും പ്രതിഫലിക്കും. പ്രതിപക്ഷ സഹകരണത്തോടെ ബില്ലുകള്‍ പാസാക്കുന്നതിനു മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ സഭയില്‍ കേന്ദ്രസര്‍ക്കാരിനു മുന്നിലുള്ള വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: