ന്യൂദല്‍ഹി: കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരായ സമരത്തിലും കേരളത്തിന് ഐക്യമില്ല. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഇന്നലെ പാര്‍ലമെന്റിനു മുന്നില്‍ യുഡിഎഫ് എംപിമാരുടെ സമരം അരങ്ങേറി. യുഡിഎഫ് സമരത്തോട് സഹകരിക്കാതിരുന്ന ഇടത് എംപിമാര്‍ ഇന്ന് പാര്‍ലമെന്റിനു മുന്നില്‍ വേറെ സമരം നടത്തുന്നുണ്ട്.
കേരളത്തിലെ പ്രശ്നങ്ങള്‍ ദേശീയ പരിഗണന ലഭിക്കാതെ പോകുന്നതിന്റെ പ്രധാന കാരണം ഭരണ-പ്രതിപക്ഷ നേതാക്കളുടെ അനൈക്യമാണെന്ന ആക്ഷേപത്തിനു ശക്തി പകരുന്നതാണ് എംപിമാരുടെ നടപടി. ജനങ്ങളെ വലിയ തോതില്‍ ബാധിക്കുന്ന വിഷയത്തിലുള്ള ഇടതു-വലതു മുന്നണികളുടെ അനൈക്യം എല്ലാക്കാലത്തും കേരളത്തിന് പ്രതിബന്ധമായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കായി രംഗത്തെത്തുമ്പോള്‍ കേരളം മാത്രം കൊടിയുടെ നിറമനുസരിച്ച് വെവ്വേറെയാണ് പ്രതികരിക്കുന്നത്.
ഇന്നലെ പാര്‍ലമെന്റിനു മുന്നല്‍ കോണ്‍ഗ്രസ് എംപിമാരായ കെ.പി ധനപാലനും ആന്റോ ആന്റണിയും കേരളാ കോണ്‍ഗ്രസ് എംപിമാരായ ജോസ്.കെ മാണിയും ജോയ് എബ്രഹാമും ആണ് പ്രതിഷേധിച്ചത്. ഇടതു പക്ഷ എംപിമാര്‍ ഇവരുടെ സമരം കണ്ടു രസിച്ചു. ഇന്ന് ഇടതുപക്ഷത്തിന്റെ സമരം പാര്‍ലമെന്റിനു മുന്നില്‍ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ടോം ജോസഫിന് അര്‍ജ്ജുന അവാര്‍ഡ് നിഷേധിച്ച സംഭവത്തിലും നടപടി ഉണ്ടാകാതിരുന്നത് കേരള എംപിമാരുടെ അനൈക്യം മൂലമാണ്. കായിക മന്ത്രിയെ ഒരുമിച്ചു കണ്ട് പ്രതിഷേധം രേഖപ്പെടുത്താന്‍ തയ്യാറാവാതിരുന്ന എംപിമാര്‍ ഇടതുപക്ഷ അംഗങ്ങള്‍ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അപേക്ഷിച്ചപ്പോള്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തി യുഡിഎഫ് എംപിമാര്‍ ആദ്യം കൂടിക്കാഴ്ച തരപ്പെടുത്തുകയായിരുന്നു. എന്നാല്‍ രണ്ടു കൂട്ടരും മത്സരിച്ചു കണ്ടെങ്കിലും തീരുമാനം ഉണ്ടായില്ലെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: