കൊച്ചി: മുസ്ലീം സമൂഹം വിവേകപൂര്‍വം ചിന്തിച്ച് അയോദ്ധ്യയിലെ രാമജന്മഭൂമിയിലെ അവകാശവാദം ഉപേക്ഷിക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ കെ.കെ. മുഹമ്മദ്.
അയോദ്ധ്യയില്‍ ബാബറിമസ്ജിദിന് താഴെയും ഹനുമാന് ഘടിയിലും ഉദ്ഖനനം നടത്തിയ സംഘത്തില്‍ താനും അംഗമായിരുന്നു. അവിടെ നിന്ന് ഒരു ക്ഷേത്രത്തിന്റേതെന്ന് ന്യായമായും ഊഹിക്കാവുന്ന ശിലാസ്തംഭങ്ങളും കൊത്തുപണികളും കിട്ടിയിട്ടുണ്ട്. പള്ളിക്കുതാഴെ അമ്പലത്തിന്റേതെന്നു കരുതാവുന്ന ഒരു സ്ട്രക്ച്ചര്‍ കണ്ടെത്തിയിരുന്നു. ഒരു ആര്‍ക്കിയോളജിസ്റ്റ് എന്ന നിലയില്‍ തന്റെ അഭിപ്രായം തകര്‍ന്നുകിടന്ന ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ നിലവിലുണ്ടായിരുന്ന ഒരു ക്ഷേത്രം തകര്ത്തുതന്നെയോ, 1528 ല്‍ ബാബറിന്റെ സൈന്യാധിപന്മാരില് ഒരാളായ മിര്‍ബാക്കി നിര്‍മിച്ചതാണ് ബാബറിമസ്ജിദ് എന്നാണ്.
ഹിന്ദുക്കള്‍ക്ക് വിശ്വാസപരമായി ഒരു പവിത്രസ്ഥലമാണ് അയോദ്ധ്യ. ബാബറിമസ്ജിദിന് ബാബറുമായി മാത്രമേ ബന്ധമുള്ളൂ. ഏതെങ്കിലും ഔലിയാക്കന്മാരുമായോ സാലിഹിങ്ങളുമായോ അതിന് യാതൊരു ബന്ധവുമില്ല. അതുകൊണ്ട് കാര്യങ്ങളെ വിവേകപൂര്‍വം മനസിലാക്കി മുസ്ലീങ്ങള്‍ ഈ പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞ് മാറേണ്ടതായിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പിന് നല്കിയ അഭിമുഖത്തിലാണ് കെ.കെ. മുഹമ്മദ് തന്റെ സുവ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.
ഉത്തരേന്ത്യയില്‍ സുല്‍ത്താനത്ത് – മുഗള്‍ ഭരണ കാലഘട്ടങ്ങളില്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. മധ്യകാലത്ത് സംഭവിച്ച ഈ തെറ്റുകളെ അംഗീകരിക്കുന്നതില്‍ മുസ്ലീം സമൂഹം വൈമനസ്യം പ്രകടിപ്പിക്കേണ്ടതില്ല എന്നും അദ്ദേഹം പറയുന്നു. മുസ്ലീങ്ങള്‍ക്ക് മക്കയും മദീനയും പോലെ ഹിന്ദുക്കള്‍ക്ക് വിശ്വാസപരമായി പവിത്രമാണ് അയോദ്ധ്യ . ഇക്കാര്യങ്ങള്‍ പറയുന്നതുമൂലം മുസ്ലീം മൗലികവാദികള്‍ തനിക്കെതിരായി പലപ്പോഴും നിലപാട് എടുത്തിട്ടുള്ളതായും കെ.കെ. മുഹമ്മദ് പറയുന്നു. സര്വീസില്നിന്ന്് വിരമിച്ച മുഹമ്മദ് ഇപ്പോള്‍ ഹൈദരാബാദില്‍ ഖുത്തുബ്ഷാഹി ശവകുടീരങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തിയുടെ മേല്‍നോട്ടം വഹിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: