ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ മോഹിച്ച് വീണ്ടും യുദ്ധക്കൊതി നിറഞ്ഞ പ്രസ്താവനയുമായി രംഗത്തെത്തിയ പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് ഒരു കാലത്തും യുദ്ധം ചെയ്ത് ജയിക്കാനാവില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മറുപടി. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നാലാമതൊരു യുദ്ധത്തിന് കാശ്മീര്‍ വിഷയം കാരണമായേക്കുമെന്നും പ്രശ്നത്തില്‍ എത്രയും പെട്ടെന്ന് പരിഹാരമുണ്ടായില്ലെങ്കില്‍ ഇരു ആണവ രാജ്യങ്ങളും തമ്മില്‍ ഏതു സമയവും യുദ്ധം സംഭവിച്ചേക്കാമെന്നുമുള്ള പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് അതിലും കടുത്ത ഭാഷയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മറുപടി നല്കി.
തന്റെ ജീവിതകാലത്ത് ഇന്ത്യയോട് യുദ്ധം ചെയ്തു ജയിക്കാന്‍ പാക്കിസ്ഥാനാവില്ലെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് പറഞ്ഞു. ഇന്ത്യയുടെ കൈവശമുള്ള കാശ്മീര്‍ സ്വതന്ത്രമാകുന്നതാണ് ഏറ്റവും വലിയ സ്വപ്നമെന്നും ഈ ജീവിത്തില്‍ തന്നെ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും നവാസ് ഷെരീഫ് പറഞ്ഞിരുന്നു. നാവിക ദിനാചരണ പരിപാടിക്കു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, നവാസ് ഷെരീഫ് നടത്തിയ പ്രകോപനപരമായ പ്രസ്താവനക്കെതിരെ അതിശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.
പാക് അധീന കാശ്മീരിലെ ആസാദ് ജമ്മു കാശ്മീര്‍ കൗണ്‍സിലിന്റെ ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് പാക് പ്രധാനമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. പാക്കിസ്ഥാനിലെ ഡോണ്‍ ദിനപ്പത്രമാണ് ഷെരീഫിന്റെ പ്രകോപനപരമായ പ്രസ്താവന പുറത്തുവിട്ടത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ ഈ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഡോണ്‍ പുറത്തുവിട്ട വാര്‍ത്ത പാക് പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിക്കുകയും അത്തരത്തിലുള്ള യാതൊരു പ്രതികരണങ്ങളും നടത്തിയിട്ടില്ലെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയെയും പാകിസ്ഥാനെയും സംബന്ധിച്ച് കാശ്മീര്‍ എന്നും വൈകാരിക ഘടകമാണെന്ന് നവാസ് ഫെരീഫ് പറഞ്ഞു. ഈ വിഷയത്തിന്റെ പേരില്‍ ആണവ ശക്തികളായ ഇരു രാജ്യങ്ങളും തമ്മില്‍ എപ്പോള്‍ വേണമെങ്കിലും നാലാമത് ഒരു യുദ്ധമുണ്ടായേക്കാം. കാശ്മീര്‍ പ്രശ്നം പാകിസ്ഥാനിലെ ജനങ്ങളുടെ ആഗ്രഹപ്രകാരം പരിഹരിക്കുമെന്നും പ്രശ്നത്തിന് പരിഹാരം കാണാതെ ഇന്ത്യ-പാക് മേഖലയില്‍ സമാധാനം ഉണ്ടാകില്ല. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ വ്യത്യസ്ത നിലപാടുകളില്‍ തങ്ങള്‍ക്ക് എതിര്‍പ്പാണ് ഉള്ളത്. ഐക്യരാഷ്ട്ര പ്രമേയവും ജനങ്ങളുടെ അഭിലാഷവും പരിഗണിച്ച് കാശ്മീര്‍ വിഷയം പരിഹരിക്കണം. ഇന്ത്യ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനെത്തുടന്നാണ് പാക്കിസ്ഥാന് പ്രതിരോധത്തിന് തയ്യാറാവുന്നത്. അതിര്‍ത്തിയില്‍ നിലവിലുള്ള സാഹചര്യം തൃപ്തികരമാണെന്ന് പറഞ്ഞ ഷെരീഫ് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഇന്ത്യയുമായി നിരന്തരം മത്സരം നിലനില്‍ക്കുന്നുണ്ടെന്നും തങ്ങള്‍ക്ക് മറ്റൊരു മാര്‍ഗമുണ്ടായിരുന്നെങ്കില്‍ ആയുധങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന പണം അടിസ്ഥാന സൗകര്യ വികസനത്തിനും പട്ടിണി മാറ്റുന്നതിനും ഉപയോഗിക്കുമായിരുന്നുവെന്നും ഷെരീഫ് പറഞ്ഞു.
യുഎന്‍ പ്രമേയം നടപ്പിലാക്കുന്നതില്‍ ഇന്ത്യ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും വിഷയത്തില്‍ ഇന്ത്യയുടെ ആത്മാര്‍ത്ഥതക്കുറവാണ് പ്രകടമാകുന്നതെന്നും കാശ്മീര്‍ വിഷയം പരിഹരിക്കുന്നതില്‍ അന്താരാഷ്ട്ര ഇടപെടലുകള്‍ ഉണ്ടാകണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. പാക് ഭരണചരിത്രത്തില്‍ എന്നും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള വിഷയമാണ് കാശ്മീര്‍. ഭരണമാറ്റം ഉണ്ടായിട്ടും കാശ്മീര്‍ വിഷയത്തില്‍ നിന്നും പാക്കിസ്ഥാന് പിന്നോട്ടില്ലെന്നു തന്നെയാണ് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പുതിയ പ്രസ്താവനയും തെളിയിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: