പത്തനംതിട്ട: നിലവിലുള്ള പാരിസ്ഥിതിക വസ്തുതകള്‍ പരിഗണിക്കാതെയാണ് ആറന്മുള വിമാനത്താവളത്തിന് താല്‍ക്കാലിക പാരിസ്ഥിതികാനുമതി നല്‍കിയതെന്ന് പമ്പാ പരിരക്ഷണസമിതി. ആറന്മുള പുഞ്ചയും പമ്പാ നദിയുമായി ബന്ധപ്പെടുത്തുന്ന കോഴിത്തോടിന്റെ നാശം പ്രദേശത്തെ ആവാസ വ്യവസ്ഥയെ തകിടം മറിച്ചിട്ടുണ്ട്. ഇതുകൂടാതെ കോഴിത്തോടും പുഞ്ചയുമായി ബന്ധിച്ചു കിടന്നിരുന്ന കരിമാരം തോടും പൂര്‍ണ്ണമായി നികത്തപ്പെട്ടു. കരിമാരംതോട് പമ്പയില്‍ നിന്നുള്ള പുഴമത്സ്യങ്ങളുടെ പ്രജനന പര്യടനപാതയായിരുന്നു. ഈ തോടുവഴിയുള്ള നീരൊഴുക്കു നിലച്ചതിനാല്‍ പുഴ മത്സ്യങ്ങളുടെ വംശനാശത്തിനിടയാക്കി. ഇത് പരിഗണിക്കാതെയാണ് പാരിസ്ഥിതിക അനുവാദം നല്‍കപ്പെട്ടതെന്ന് പരിരക്ഷണസമിതി ജനറല്‍സെക്രട്ടറി എന്‍.കെ. സുകുമാരന്‍നായര്‍ വ്യക്തമാക്കി.
റണ്‍വേക്ക് ആവശ്യമുള്ള 1000 ഃ 150 മീറ്റര്‍ സ്ഥലം നികത്തപ്പെട്ടുവെന്നും 1 മീറ്റര്‍ ഉയര്‍ത്തിയാല്‍ മതിയെന്നും പറയുന്നത് വസ്തുതാവിരുദ്ധമാണ്. 800 മീറ്ററാണ് നികത്തപ്പെട്ടിട്ടുള്ളത്. ബാക്കി ഭാഗം നികത്തേണ്ടതുണ്ട്. ഇത് ചതുപ്പുനിലങ്ങളാണ്. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ 2010 ഡിസംബര്‍ 4-ലെ നോട്ടിഫിക്കേഷന്‍ അനുസരിച്ച് നീര്‍ത്തടങ്ങളോ നീര്‍ചാലുകളോ നികത്തപ്പെടുവാന്‍ കഴിയില്ല. 1000 ഃ 150 മീറ്റര്‍ റണ്‍വേ എന്നുള്ള നിര്‍ദ്ദേശം തികച്ചും അപ്രായോഗികമാണ്. അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് കുറഞ്ഞത് 4700ഃ 850 മീറ്റര്‍ വിസ്തൃതി ആവശ്യമാണ്. ഇവിടെ പണി ആരംഭിച്ച ശേഷം അവരുടെ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ സഹായത്തോടെ ബാക്കി ഭൂമി കൂടി ഏറ്റെടുക്കേണ്ടിവരും. 15-20 അടി ഉയരത്തില്‍ മണ്ണിട്ടു നികത്തുകയും വേണ്ടിവരും. 3 കോടി 99 ലക്ഷം ച.മീറ്റര്‍ സ്ഥലം ആവശ്യമുള്ള റണ്‍വേക്ക് ഒന്നരലക്ഷം ച.മീറ്റര്‍ സ്ഥലത്തു റണ്‍വേ പണിയാം എന്നുള്ള വാദം തികച്ചും തെറ്റാണ്. 4 ലക്ഷം ച.മീറ്റര്‍ സ്ഥലം മണ്ണിട്ടു നികത്തുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍, ജലവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, ജൈവ വൈവിധ്യശോഷണം തുടങ്ങിയവ പഠിക്കാതെ, ഇവയൊന്നും ഇല്ലന്നുള്ള വാദം നിലവിലുള്ള എല്ലാ പരിസ്ഥിതി നിയമങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ പരിസ്ഥിതി കമ്മറ്റിയുടെ ശുപാര്‍ശകള്‍ പരിസ്ഥിതി മന്ത്രാലയം പരിഗണിച്ചിട്ടില്ല. കരിമാരം തോടും കോഴിത്തോടും പൂര്‍വ്വ സ്ഥിതിയില്‍ ആക്കണമെന്നും അതു നികത്തുവാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ കര്‍ശനനടപടികളെടുക്കണമെന്നും നിയമസഭാ പരിസ്ഥിതി കമ്മറ്റി ശുപാര്‍ശ ചെയ്തിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വിദഗ്ദ്ധന്മാര് ആറന്മുളയില് സ്ഥലപരിശോധനയ്ക്കു വന്നപ്പോള്‍, വിമാനത്താവളം വരുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെ സംബന്ധിച്ച പരാതിപ്പെട്ടവരെയൊ, നാട്ടുകാരെയോ അറിയിച്ചിരുന്നില്ല. ജിയോളജിയിലും, വാട്ടര്‍ മാനേജ്മെന്റിലും, ജൈവ വൈവിധ്യത്തിലും വിദഗ്ദ്ധന്മാര് ഉള്‍പ്പെട്ട ഒരു സംഘത്തെ നിയോഗിച്ചു വസ്തുതാ പഠനം നടത്തിയ ശേഷം മാത്രമെ ആറന്മുള വിമാനത്താവളം സംബന്ധിച്ച് അവസാന പാരിസ്ഥിതികാനുമതി നല്‍കാവൂ എന്നാണ് പമ്പാ പരിരക്ഷണസമിതിയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: