ശബരിമല : അയ്യപ്പ സന്നിധിയില്‍ സ്വര്‍ണ്ണകിണ്ടി സമര്‍പ്പിച്ച സിപിഎം ജില്ലാസെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ പി.കെ കുമാരനെതിരെ പാര്‍ട്ടിക്കുള്ളില്‍ പട ഒരുക്കം. കഴിഞ്ഞ പാലക്കാട് പാര്‍ട്ടി പ്ലീനത്തിന്റെ തീരുമാനപ്രകാരം ഈശ്വരവിശ്വാസികളെ പ്രോത്സാഹിപ്പിക്കരുതെന്നും പാര്‍ട്ടിനിലപാടുകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന തീരുമാനം എടുത്തതിന് പിന്നാലെയാണ് പുതിയ സംഭവം.
വിശ്വാസത്തിനെതിരെ നേതാക്കന്മാര് മാതൃകയായി പ്രവര്‍ത്തിക്കണമെന്ന ശക്തമായ തീരുമാനം പ്ലീനം എടുത്തിരുന്നു. സിപിഎം സെക്രട്ടറിയേറ്റ് അംഗവും ദേവസ്വം ബോര്‍ഡ് പ്രതിനിധിയുമായ പി.കെ കുമാരന് മറ്റൊരു മെമ്പറായ സുഭാഷ് വാസുവിനൊപ്പമെത്തിയാണ് 598 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണകിണ്ടി നടയില്‍ സമര്‍പ്പിച്ചശേഷം കൂപ്പുകൈകളോടെ തിരുസന്നിധിയില്‍ പ്രാര്‍ത്ഥനാനിരതനായത്. ഇത് പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നിരീശ്വര വാദം പ്രോത്സാഹിപ്പിക്കണമെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയശേഷം നേതാക്കന്മാര് ക്ഷേത്രതിരുനടയില്‍ കാണിക്ക അര്‍പ്പിക്കുകയും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കാഴ്ചവെച്ച് നിര്‍വൃതി അടയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് പാര്‍ട്ടിയിലെ ചില അംഗങ്ങളും ഒരു വിഭാഗം നേതാക്കളും പറയുന്നു.
പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച കുമാരനെതിരെ നടപടി സ്വീകരിക്കണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യമുന്നയിച്ചിട്ടുണ്ട്. തഞ്ചാവൂര്‍ സ്വദേശി ചിദംബരമെന്ന ഭക്തനാണ് 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണകിണ്ടി ക്ഷേത്രത്തില്‍ നല്‍കിയത്. ദേവസ്വംബോര്‍ഡ് സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരുന്ന ഇത് തിങ്കളാഴ്ച രാത്രിയാണ് പി.കെ കുമാരന് തിരുനടിയില് സമര്‍പ്പിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏകപക്ഷീയമായി ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ പരിപാലിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെ സി.പി.എം നേതാവിന്റെ സ്വര്‍ണ്ണ കിണ്ടി സമര്‍പ്പണം വരും ദിവസങ്ങളില്‍ കൂടുതല്വിവാദങ്ങളിലേക്ക് നയിക്കും.നേരത്തെ കടുത്ത അച്ചുതാനന്ദന് ഗ്രൂപ്പുകാരനായ പി.കെ കുമാരന് പിന്നീട് പിണറായി ഗ്രൂപ്പിലേക്ക് മാറുകയായിരുന്നു.
പിണറായി ഗ്രൂപ്പിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കുമാരന് ദേവസ്വം ബോര്‍ഡ് മെമ്പര്‍ സ്ഥാനം ലഭിച്ചത്. വിശ്വാസത്തെ പരിപാലിച്ച് മുന്നോട്ട് പോകേണ്ട ദേവസ്വം ബോര്‍ഡ്അംഗം എന്ന സ്ഥാനവും സി.പി.എം നേതാവില്‍ നിന്ന് അന്യമാകുമോ എന്ന ചോദ്യവും ബാക്കി നില്‍ക്കുകയാണ്.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: