ചേര്‍ത്തല: ദമ്പതികള്‍ തെങ്ങു കയറുകയാണ്; ഡോക്ടര്‍ പഠനത്തിന് പണം സ്വരൂപിക്കാന്‍. ഭര്‍ത്താവ് ഒറ്റയ്ക്ക് തെങ്ങു കയറിയാല്‍ കുടുംബം പുലര്‍ത്താന്‍ കഴിയും. എന്നാല്‍ തങ്ങളുടെ സ്വപ്നം അവിടെ നില്ക്കുന്നില്ല. അതിനാലാണ് അപ്സര തെങ്ങുകയറാന്‍ തീരുമാനിച്ചത്. മണ്ണഞ്ചേരി പഞ്ചായത്ത് 15-ാം വാര്‍ഡ് കലവൂര്‍ തോട്ടുചിറ രമേശന്, ഭാര്യ അപ്സര എന്നിവരാണ് നാട്ടുകാര്‍ക്ക് ആശ്വാസമാകുന്നത്.
ദമ്പതികള്‍ ഈ കര്‍മ്മ മേഖലയില്‍ സജീവസാന്നിധ്യമായിട്ട് മൂന്നു വര്‍ഷത്തിലധികമായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന സൗജന്യ തെങ്ങ് കയറ്റ പരിശീലന പരിപാടിയിലൂടെയാണ് രമേശന് ഈ മേഖലയിലേക്ക് കടന്ന് വന്നത്. ഭര്‍ത്താവ് പരിശീലനം പൂര്‍ത്തിയാക്കിയ സമയത്ത് തന്നെ അപ്സര പരിശീലന കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയും പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള ഭാര്യ അപ്സരയെ ആദ്യം വിലക്കിയെങ്കിലും പിന്നീട് നിര്‍ബന്ധത്തിന് ഒടുവില്‍ രമേശന് വഴങ്ങുകയായിരുന്നു.
എന്നാല്‍ പരിശീലന സമയത്ത് തന്നെ വളരെ നിഷ്പ്രയാസം ഇവര്‍ തെങ്ങില്‍ കയറി തേങ്ങയിട്ടത് പരിശീലകരുടെ പ്രശംസ പിടിച്ചുപറ്റി. പരിശീലനത്തിന് ധാരാളം സ്ത്രീകള്‍ എത്തിയിരുന്നെങ്കിലും ഭര്‍ത്താവിനൊപ്പം ഈ മേഖലയില്‍ ജോലി ചെയ്യുന്ന ആദ്യത്തെ സ്ത്രീ എന്ന ബഹുമതി അപ്സരയ്ക്ക് മാത്രം സ്വന്തം. ജോലി തുടങ്ങിയപ്പോള്‍ ആദ്യം നാട്ടുകാര്‍ കളിയാക്കി. പിന്നീട് ഇതെല്ലാം സഹിച്ച് കഴിവ് തെളിയിക്കുകയായിരുന്നു. ഭര്‍ത്താവ് രമേശന് തെ ഉപകരണ സഹായം ഇല്ലാതെയും തെങ്ങ് കയറാറുണ്ട്.
അപ്സര ഉപകരണത്തിന്റെ സഹായത്തോടെ മാത്രമാണ് തെങ്ങ് കയറുന്നത്. ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് 22 കാരിയായ യുവതി പറയുന്നു.
പ്ലസ് ടുവിന് ഉന്നത വിജയം നേടിയ അപ്സരക്ക് ഡോക്ടറാകാനാണ് ആഗ്രഹം. അടുത്തവര്‍ഷം വീട്ടു കാര്യങ്ങള്‍ മറ്റും മാറ്റിവച്ച് തൃശൂരില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് ചേരാനാണ് പദ്ധതി. ഇതിനായി പണം സ്വരൂപിക്കുകയാണു ദമ്പതികളുടെ ലക്ഷ്യം.
മനോജ് കുശാക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: