മട്ടാഞ്ചേരി: ഇസ്രായേലില്‍നിന്ന് അതിഥിയായി കൊച്ചിയുടെ പുത്രി ഡോ. എസ്സി സാസണ് ജൂതഭവനങ്ങളിലെത്തി. ജൂതസമൂഹം ‘ഹൗക്ക’ ആഘോഷലഹരിയിലമരുമ്പോള് വാഗ്ദത്തഭൂമിയില്നിന്നുമെത്തിയ ഡോ. എസ്സിയുടെ ആതിഥ്യം കൊച്ചിയിലെ ജൂതഭവനങ്ങളില്‍ ആഹ്ലാദമുണര്‍ത്തി. നാല് പതിറ്റാണ്ടിനുശേഷം കൊച്ചിയിലെത്തിയ ഡോ. എസ്സിക്ക് ജൂതത്തെരുവും ഭവനങ്ങളുടെയും മാറ്റങ്ങള്‍ ആശ്ചര്യവും ആനന്ദവുമുണര്ത്തി.
മലയാളി മണ്ണിന്റെ മായാത്ത ഓര്‍മ്മകളുമായാണ് ഭിഷഗ്വരയായ 77കാരി എസ്സി സാസണ് കൊച്ചിയിലെത്തിയത്. ജനിച്ചുവളര്‍ന്ന മലയാളക്കരയിലെ വിദ്യാഭ്യാസക്കാലവും സുഹൃത് ബന്ധങ്ങളും നാട്ടുകാരും രോഗിപരിപാലനവും മലയാള ഭാഷയുമെല്ലാം ഡോ. എസ്സിക്ക് കേരനാടിന്റെ കോരിത്തരിപ്പിക്കുന്ന സ്മൃതികളാണ്.
കൊച്ചി ജൂതത്തെരുവിലെ വ്യാപാരി ഡേവിഡ് സാസണ്-ക്വിറ്റി ദമ്പതികളുടെ മകളാണ് എസ്സി. കൊച്ചിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് മെഡിസിന് ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കവെ വാഗ്ദത്തഭൂമിയില്നിന്ന് സന്നദ്ധസേവന ആഹ്വാനമുയര്‍ന്നു. 1973ല്‍ യുദ്ധക്കെടുതികള്ക്കിടയിലാണ് ഇസ്രായേല്‍ ലോക ജൂതസമൂഹത്തോട് രാജ്യസന്നദ്ധ സേവനത്തിനുള്ള ആഹ്വാനം നല്‍കിയത്. വാഗ്ദത്തഭൂമിയുടെ ആഹ്വാനത്തെത്തുടര്‍ന്ന് താല്‍ക്കാലിക സേവനത്തിന് ഇസ്രായേലിലെത്തിയ ഡോക്ടര്‍ എസ്സി തുടര്‍ന്ന് അവിടെതന്നെ ഡോക്ടറായി തുടരുകയും ചെയ്തു. 2012ല്‍ വിരമിച്ച എസ്സി സാസണ് മലയാളനാട്ടിലെ പൂര്‍വ്വകാല സുഹൃത് ബന്ധങ്ങളും മലയാള നാടിനെയും കണ്ടറിയുവാനാണ് കൊച്ചിയിലെത്തിയത്.
കോഴിക്കോട് സേവനത്തിനിടയില്‍ ഒപ്പമുണ്ടായിരുന്ന ഡോ. രമയെയും തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് സഹപാഠികളെയും ആലുവയിലെ ഉറ്റസുഹൃത്ത് ഡോ. സൈനബയെയും കുടുംബത്തെയും നേരില്‍ക്കണ്ട് കൂട്ടായ്മയുമൊരുക്കി സൗഹൃദം പുതുക്കലാണ് ലക്ഷ്യമെന്ന് ഡോ. എസ്സി പറഞ്ഞു.
മലയാളനാടും മലയാളികളും മലയാള ഭാഷയുമെല്ലാം തനിക്കിന്നും പ്രിയങ്കരമാണ്. ഇസ്രായേലിലാണെങ്കിലും ആഴ്ചയിലൊരിക്കല്‍ മലയാളചിത്രം കാണും. ആഘോഷവേളകളില്‍ മലയാളി ഭക്ഷണവിഭവങ്ങളിലൊന്ന് തയ്യാറാക്കും. ഓണാഘോഷ വേളയില്‍ ആശംസകള്‍ നേരും, ഡോ. എസ്സി പറഞ്ഞു.
നവംബര്‍ മധ്യത്തില്‍ കൊച്ചിയിലെത്തിയ ഡോ. എസ്സി ബന്ധുവായ ക്വിനിഹലേഗ്വയോടൊത്താണ് താമസം. “ജൂതസമൂഹത്തിന് അഭയവും ആദരവും സ്നേഹവും പകര്‍ന്നുനല്‍കിയ ഇന്ത്യയെ ഞങ്ങള്‍ മറക്കില്ല” ഇന്നും ഇന്ത്യയെ സ്നേഹിക്കുന്നു, കൊച്ചിയെ ഇഷ്ടപ്പെടുന്നു, ശുദ്ധമായ മലയാളഭാഷയില്‍ ഡോ. എസ്സി സാസണ് പറഞ്ഞു. കൊച്ചിയിലെ ജൂതഭവനങ്ങള്‍ വ്യാപാരകേന്ദ്രങ്ങളായതും ജൂതസമൂഹത്തിന്റെ കുറഞ്ഞ അംഗങ്ങളും വേദനിപ്പിക്കുന്നുണ്ടെങ്കിലും ജൂതപ്പള്ളിയും ജൂതത്തെരുവും ശ്മശാനവുമെല്ലാം കാത്തുസൂക്ഷിക്കുന്നതില്‍ ഡോ. എസ്സി ആനന്ദിക്കുകയും ചെയ്യുന്നു. ഡിസംബര്‍ അവസാനവാരം മടങ്ങുന്ന ഡോ. എസ്സി സാസണിന്റെ ആഗമനം കൊച്ചിയിലെ ജൂതഭവനങ്ങളില്‍ പഴയകാല സ്മൃതികളാണുയര്ത്തുന്നത്.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: