കൊല്‍ക്കത്ത: ലൈംഗികാരോപണം നേരിടുന്ന സുപ്രീംകോടതി മുന്‍ ജഡ്ജി എ.കെ ഗാംഗുലിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് സ്ഥാനത്ത് നിന്നും ജസ്റ്റിസ് ഗാംഗുലി രാജി വയ്ക്കണമെന്ന ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.
മനുഷ്യാവകാശ കമ്മിഷന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ ജസ്റ്റിസ് ഗാംഗുലിയുടെ രാജി അത്യാവശ്യമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവും എംപിയുമായ ഡെറക് ഒബ്രിയന്‍ ചൂണ്ടിക്കാട്ടി. യുവ അഭിഭാഷക ലൈംഗികാരോപണം ഉന്നയിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ജസ്റ്റിസ് ഗാംഗുലിയുടെ പേര് സുപ്രീംകോടതി പുറത്തുവിട്ടത്.
കോടതി നിയോഗിച്ച മൂന്നംഗ സമിതി സംഭവം അന്വേഷിക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് ഗാംഗുലിയെ ചെയര്മാന് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികളും സാമൂഹിക സംഘടനകളും ആവശ്യപ്പെട്ട് വരികയാണ്. ബിജെപി നേതാവ് സുഷമ സ്വരാജ്, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിംഗ് എന്നിവര്‍ ഇതേ ആവശ്യവുമായി രംഗത്ത് വന്നിരുന്നു.
എന്നാല്‍ സമ്മര്‍ദ്ദം ശക്തമായിട്ടും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ജസ്റ്റിസ് ഗാംഗുലി തയാറായില്ല. രാജിയെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ജസ്റ്റിസ് ഗാംഗുലി പ്രതികരിച്ചത്. പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് യുവതി പറഞ്ഞ സാഹചര്യത്തില്‍ പോലീസ് കേസെടുക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: