ന്യൂദല്‍ഹി/കോഴിക്കോട്/കണ്ണൂര്‍/: ടി.പി ചന്ദ്രശേഖരന് വധിക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖവാസമൊരുക്കിയ സംഭവത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രിക്കെതിരെ ഐ ഗ്രൂപ്പിന്റെ പരസ്യമായ യുദ്ധപ്രഖ്യാപനം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ രാജി ലക്ഷ്യമിട്ടു നടക്കുന്ന ഐ ഗ്രൂപ്പ് നീക്കത്തിന്റെ ഭാഗമായി കെ.സുധാകരന് എം.പി കണ്ണൂരില്‍ പത്രസമ്മേളനം നടത്തി ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. ഇതിനു തൊട്ടുപിന്നാലെ കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കെ.മുരളീധരന് എംഎല്‍എ തിരുവഞ്ചൂര്‍ രാജിവയ്ക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചു. പ്രതികള്‍ക്ക് ഫോണ്‍സൗകര്യം ലഭിച്ചതുള്‍പ്പെടെയുള്ള ആഭ്യന്തരവകുപ്പിന്റെ നടപടികള്‍ക്കെതിരെ രംഗത്തെത്തിയ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ് കെ.സുധാകരന് എം.പി നടത്തിയതെന്ന് ദല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഐ ഗ്രൂപ്പിന്റെ ഒറ്റക്കെട്ടായ ആക്രമണത്തില്‍ പ്രതിരോധത്തിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് തിരിച്ചെത്തിയാല്‍ പ്രശ്നത്തില്‍ ഇടപെടുമെന്ന് മാത്രം പ്രതികരിച്ചുകൊണ്ടാണ് ദല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സ്വന്തം പാരമ്പര്യം പറഞ്ഞുകൊണ്ട് പ്രതിരോധിക്കാനുള്ള ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ ശ്രമത്തെ പരാജയപ്പെടുത്തുന്നതിനായി കെപിസിസി പ്രസിഡന്റ് നേരിട്ട് ദല്‍ഹിയില്‍ തമ്പടിച്ച് എഐസിസി നേതൃത്വവുമായി ഇടപെടല്‍ നടത്തുന്നുണ്ട്. വിഷയത്തില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും ഇനിയില്ലെന്ന നിലപാടാണ് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും സ്വീകരിച്ചിരിക്കുന്നത്. ഇന്നു നടക്കുന്ന സംസ്ഥാന മന്ത്രിസഭാ യോഗവും ഇതോടെ നിര്‍ണ്ണായകമായിട്ടുണ്ട്.
അല്പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും എന്ന രീതിയിലാണ് തിരുവഞ്ചൂര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി സ്ഥാനം കുടുംബ സ്വത്തായി ലഭിക്കുന്നതല്ലെന്നും കെ.സുധാകരന് പത്രസമ്മേളനത്തില്‍ ആഞ്ഞടിച്ചു. ആഭ്യന്തര മന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിനെതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളാത്ത മന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും കെ. സുധാകരന് ആവശ്യപ്പെട്ടു.
സിപിഎമ്മിനെ സഹായിക്കുന്ന നിലപാടാണ് ആഭ്യന്തര മന്ത്രി തുടര്‍ച്ചയായി സ്വീകരിക്കുന്നത്. ടി.പി. ചന്ദ്രശേഖരന് വധക്കേസിന്റെ അന്വേഷണം സിപിഎം നേതൃത്വത്തിലേക്കെത്താതെ ഉദ്യോഗസ്ഥരെ നിയന്ത്രിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസും സിബിഐ അന്വേഷണത്തിന് വിട്ടില്ല. എംഎസ്എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ വധക്കേസും സിബിഐ അന്വേഷണമില്ലാതെ ഒതുക്കിയത് സിപിഎമ്മിനെ സഹായിക്കാനാണ്. സിപിഎമ്മിനെ രാഷ്ട്രീയമായി ദുര്‍ബലമാക്കാന്‍ ലഭിച്ച അവസരങ്ങളാണ് തിരുവഞ്ചൂര്‍ ഇല്ലാതാക്കിയതെന്നും സുധാകരന് പറഞ്ഞു. പി.ജയരാജന്റെ അറസ്റ്റിന് തുടര്‍ന്ന് നൂറ്റി നാല്പതോളം കോണ്‍ഗ്രസ്സ് ഓഫീസുകള്‍ സിപിഎമ്മുകാര്‍ തകര്‍ത്തപ്പോള്‍ പ്രതികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നാവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ അയച്ച ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ സിപിഎം ഓഫീസുകള്‍ക്ക് കാവലേര്പ്പെടുത്തുകയാണ് ആദ്യം ചെയ്തത്.
ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ജയിലില്‍ ആഡംബര ജീവിതം നയിക്കുന്നതും മൊബെയില്‍ ഫോണുകള്‍ ഉപയോഗിക്കുന്നതും സ്പെഷല്‍ ബ്രാഞ്ച് രേഖാ മൂലം ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍ തിരുവഞ്ചൂര്‍ ഇത് പരിഗണിച്ചില്ല. അധികാരത്തിന്റെ മത്ത് പിടിച്ച ആഭ്യന്തര മന്ത്രിക്ക് ഭ്രാന്തിളകിയിരിക്കുകയാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ അധ്യക്ഷന്‍ റിജില്‍ മാക്കുറ്റിയുടെ തന്തക്ക് വിളിക്കുകയും പട്ടിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തെന്നും സുധാകരന് പറഞ്ഞു. അതേസമയം തിരുവഞ്ചൂരിനെ അല്പ്പന് എന്നു വിളിക്കാന്‍ അല്പ്പന്മാര്ക്കേ കഴിയൂ എന്നും കെപിസിസി ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണന് പറഞ്ഞു. തിരുവഞ്ചൂരിന്റെ രാഷ്ട്രീയപ്രബുദ്ധതയും കോണ്‍ഗ്രസിനോടുള്ള പ്രതിബദ്ധതയും സുധാകരനില്ലെന്നും രാമകൃഷ്ണന് പറഞ്ഞു. തിരുവഞ്ചൂര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ വൈകുന്നേരം കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തുകയും ആഭ്യന്തരമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.
സ്വന്തം ലേഖകര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: