ന്യൂദല്‍ഹി: നഗരവികസന മാതൃക പഠിക്കുന്നതിനായി കേരളത്തിലെ മന്ത്രിമാരും എംഎഎല്‍എമാരും കൂട്ടത്തോടെ ഗുജറാത്തിലേക്ക്. ധനമന്ത്രി കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ മന്ത്രിമാരായ എം.കെമുനീര്‍, മഞ്ഞളാംകുഴി അലി, കെ.സി ജോസഫ് എന്നിവരും ഇടതുപക്ഷ എംഎല്‍എമാരും ഉണ്ട്.
നാലു മന്ത്രിമാരും 7 എംഎല്‍എമാരും അടങ്ങുന്ന 11 അംഗ കേരളാ സംഘം ഡിസംബര്‍ 12ന് ഗുജറാത്തിലെ സൂറത്തില്‍ എത്തുമെന്നാണ് നഗരവികസന മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന വിവരം. നരേന്ദ്ര മോദിയുടെ വികസന മാതൃകയെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ കോണ്‍ഗ്രസ്സും സിപിഎമ്മും ഗുജറാത്ത് സന്ദര്‍ശന വിവരം പുറത്തായതോടെ പ്രതിരോധത്തിലായി. പ്ലേഗ് ബാധിത സൂറത്തിനേപ്പറ്റിയുള്ള പഠനത്തിനായാണ് യാത്രയെന്ന ദുര്‍ബ്ബലമായ വാദമാണ് സിപിഎം എംഎല്‍എമാര്‍ ഉയര്‍ത്തുന്നത്.
പി.ശ്രീരാമകൃഷ്ണന്, വി.ശിവന്‍കുട്ടി, കെ.വി വിജയദാസ്, കെ.അച്യുതന്, സി.മമ്മൂട്ടി, ഇ.കെ വിജയന്, പി.ടി.എ റഹീം എന്നീ എംഎല്‍എമാരാണ് സംഘത്തിലുള്ളത്. കേരളാ കോണ്‍ഗ്രസ്, മുസ്ലീംലീഗ് പാര്‍ട്ടികളുടെ പ്രതിനിധികളും സംഘത്തിലുണ്ട്. നരേന്ദ്രമോദിയുടെ ഗുജറാത്ത് വികസനമാതൃകയെ എതിര്‍ത്തുകൊണ്ട് 32 പേജുള്ള റിപ്പോര്‍ട്ട് പുറത്തിറക്കി കേന്ദ്രമന്ത്രി കപില്‍ സിബല്‍ രംഗത്തെത്തിയതിനു പിന്നാലെ ഗുജറാത്ത് വികസനം കണ്ടുപഠിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തു നിന്നും മന്ത്രിതല സംഘം പോകുന്നത് കൗതുകകരമാണ്. ഇതിനു പുറമേ ഈവര്‍ഷം ഏപ്രിലില്‍ തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് സന്ദര്‍ശിച്ച് മോദിയെ കണ്ടതിന്റെ പേരില്‍ മാപ്പു പറയേണ്ടിയും വന്നിരുന്നു. ഗുജറാത്തില്‍ നടന്ന സ്കില്‍ ഡെവലപ്മെന്റ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിനെ കക്ഷിരാഷ്ട്രീയഭേദമെന്യെ വിവാദമാക്കിയതോടെയാണ് ഷിബു ബേബി ജോണിന് മാപ്പു പറയേണ്ടി വന്നത്.
നരേന്ദ്രമോദിയെ പ്രശംസിച്ചു സംസാരിച്ചതിന്റെ പേരില്‍ എ.പി അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയ സിപിഎം, എംഎല്‍എമാര്‍ കൂട്ടത്തോടെ ഗുജറാത്ത് സന്ദര്ശിക്കുന്നതിനേപ്പറ്റി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേപോലെ സ്വീകരിക്കുന്ന മോദി വിരുദ്ധ നിലപാടില്‍ നിന്നും വ്യതിചലിച്ചു ഗുജറാത്തു സന്ദര്‍ശനം നടത്തുന്നത് ചര്‍ച്ചയാവുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: