കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് കേസിലെ പ്രതികള്‍ക്ക് കോഴിക്കോട് ജില്ലാ ജയിലില്‍ സുഖജീവിതം. സ്മാര്‍ട്ട് ഫോണുകളും സോഷ്യല്‍ മീഡിയകളും കൈകാര്യം ചെയ്ത് ഇവര്‍ ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചത് ജയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്ന് ആരോപണമുയര്‍ന്നു. 9847562679, 9946691814 എന്നീ നമ്പറുകളുള്ള സിംകാര്‍ഡ് ഉപയോഗിച്ച് ചന്ദ്രശേഖരന് കൊലക്കേസിലെ പ്രതികള്‍ നിരന്തരമായി ജയിലിന് പുറത്തേക്ക് ഫോണ്‍ വിളിച്ചിരുന്നു. മറ്റു കേസുകളില്‍ റിമാന്റ് തടവ് അനുഭവിക്കുന്ന പ്രതികള്‍ക്കും ഇവര്‍ ഫോണ്‍ വിളിക്കാന്‍ സൗകര്യം കൊടുത്തതായും വിവരമുണ്ട്. എണ്ണൂറിലധികം വിളികളാണ് ഈ നമ്പറുകളില്‍ നിന്നും പോയത്. ജയിലിനകത്ത് ഇവര്‍ ഉപയോഗിച്ചത് അത്യന്താധുനിക സ്മാര്‍ട്ട് ഫോണുകളായിരുന്നുവെന്ന് പ്രതികളുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകളും വ്യക്തമാക്കുന്നു. ജയിലില്‍ നിന്ന് അപ്ലോഡ് ചെയ്ത നിരവധി ജയിലറ ദൃശ്യങ്ങളാണ് ഫെയ്സ് ബുക്കിലുള്ളത്. പ്രതി ഷിനോജിന്റെ കൂടെയുള്ള മുഹമ്മദ് ഷാഫിയുടെ ചിത്രത്തില്‍ ഷാഫി മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യവും ഉണ്ട്.
ജയിലധികൃതരുടെ ഒത്താശയില്ലാതെ പ്രതികള്‍ക്ക് ജയിലിനുള്ളില്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കാനാവില്ല. പ്രതികള്‍ ജയിലിനുള്ളില്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നതും ജയിലിനകത്ത് ഫോട്ടോയെടുക്കുന്നതും ഗുരുതരമായ ജയില്‍ ചട്ടലംഘനമാണ്. കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, എം.സി. അനൂപ് എന്നിവരൊക്കെ ഫെയ്സ് ബുക്കില്‍ സജീവമാണ്. കഴിഞ്ഞവര്‍ഷം മെയ്, ജൂണ്‍ മാസങ്ങളിലാണ് ഫെയ്സ് ബുക്ക് അക്കൗണ്ട് തുടങ്ങിയതെങ്കിലും പ്രതികള്‍ ജയിലിനകത്ത് എത്തിയപ്പോഴാണ് ഫെയ്സ് ബുക്ക് അപ്ലോഡ് സജീവമായത്. നിരവധി ഡിവൈഎഫ്ഐ യൂണിറ്റുകള്‍ ഫെയ്സ്ബുക്കുകളില്‍ സുഹൃത്തുക്കളായി ചേര്‍ന്നിട്ടുണ്ട്. ലാവ്ലിന് കേസില്‍ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട പിണറായി വിജയന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചിത്രവും സന്ദേശങ്ങളും അപ്ലോഡ് ചെയ്തിട്ടുണ്ട്. ഓണാഘോഷത്തിന് മാവേലി വേഷം കെട്ടിയ ഫോട്ടോയും ഈ ഫേസ്ബുക്കിലുണ്ട്. ജയിലിനകത്തെ ഓണാഘോഷത്തിനിടയില്‍ ഫോട്ടെയെടുത്തത് അധികൃതരുടെ കണ്ണില്‍ പെട്ടില്ലെന്നത് ഗുരുതരമായ ചട്ടലംഘനാണ്.
സംഭവം വിവാദമായതോടെ ജയില്‍ ഡിഐജി ശിവദാസ് തൈപ്പറമ്പില്‍ ഇന്നലെ വൈകീട്ട് നാല് മണിയോടെ ജയിലില്‍ സന്ദര്‍ശനം നടത്തി. രാത്രി വൈകി ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് ജയിലിലെത്തി പരിശോധന നടത്തി. ഇന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജയില്‍ സന്ദര്‍ശിക്കുന്നുണ്ട്. ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് നേരത്തെയും നിയമവിരുദ്ധമായി സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിരുന്നു. കേസില്‍ പ്രതിയായ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനും ഭാര്യ കെ.കെ. ലതിക എം.എല്‍.എയും മെഡിക്കല്‍ കോളേജിന് സമീപത്തെ ഹോട്ടലില്‍ രഹസ്യചര്‍ച്ച നടത്തിയിരുന്നു.
ജയിലിനുള്ളില്‍ ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ചട്ടം ലംഘിച്ച് സൗകര്യങ്ങള്‍ ചെയ്തു കൊടുത്ത ജയിലധികൃതര്‍ക്കെതിരെ ആര്‍എംപി പ്രവര്‍ത്തകര്‍ ജില്ലാ ജയിലിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോണുകള്‍ കണ്ടെത്താനായില്ല എന്നാണ് ജയിലധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: