ന്യൂദല്‍ഹി: കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരായ പ്രക്ഷോഭങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു സൃഷ്ടിക്കുന്ന തലവേദന എ.കെ. ആന്റണിയുടെമേല് ചാര്‍ത്തി രക്ഷപ്പെടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രമം. കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ എ.കെ. ആന്റണി ഇടപെടണമെന്ന് ഇന്നലെ പ്രതിരോധമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പ്രശ്നത്തില്‍നിന്നും കൈകഴുകുന്ന നിലപാട് സ്വീകരിച്ചുകൊണ്ട് കേരളത്തിലെ ക്രൈസ്തവ സഭകളുടെ രോഷത്തില്‍ നിന്നും സമര്‍ത്ഥമായി രക്ഷപ്പെടുന്നതിനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടി നടത്തിയിരിക്കുന്നത്.
കസ്തൂരി രംഗന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റേയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും നിലപാട് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്നും ഇനി കോണ്‍ഗ്രസ് നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ഇക്കാര്യം ഇന്നലെ പലതവണ ഉമ്മന്‍ചാണ്ടി ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കുകയും ചെയ്തു. ക്രൈസ്തവ സഭകളെ പിണക്കി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പരാജയം സുനിശ്ചിതമാണെന്നും ഉമ്മന്‍ചാണ്ടി ആന്റണിയോട് പറഞ്ഞതായാണ് സൂചന.
ഹൈക്കമാന്റിനു മേലുള്ള ഉമ്മന്‍ചാണ്ടിയുടെ സ്വാധീനം നഷ്ടപ്പെട്ടതും ആന്റണിയുടെ സ്വാധീനവുമാണ് കസ്തൂരിരംഗന്‍ വിഷയത്തില്‍ ആന്റണി ഇടപെടണമെന്ന നിലപാടിലേക്ക് മുഖ്യമന്ത്രിയെ എത്തിച്ചിരിക്കുന്നത്. ഇതിനു പുറമേ റിപ്പോര്‍ട്ട് നടപ്പാകുമ്പോഴുണ്ടാകുന്ന പഴി പൂര്‍ണ്ണമായും എ.കെ.ആന്റണിയുടെ മേല്‍ ചാരാനും ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും സാധിക്കും. വിവാദമായ ന്യൂനപക്ഷ പ്രസ്താവന നടത്തി കേരളത്തില്‍ നിന്നും സ്ഥാനഭ്രഷ്ടനായ ആന്റണിയെ കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വവും ഏല്‍പ്പിക്കുന്നതിനുള്ള നീക്കമാണ് ഉമ്മന്‍ചാണ്ടി നടത്തിയിരിക്കുന്നതെന്ന് വ്യക്തം.
നിലവിലെ സാഹചര്യത്തില്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ടുമായി മുന്നോട്ടുപോയാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാരിന്റെ ഭാവിയെപ്പോലും തുലാസിലാക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. യാതൊരു വിധത്തിലും കേന്ദ്രസര്‍ക്കാര്‍ തീരുമാനം ക്രൈസ്തവസഭകളെ അംഗീകരിപ്പിക്കാനാവാത്ത സ്ഥിതി സംജാതമായിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനോട് വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി വിജ്ഞാപനം ഇറക്കിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും സര്‍ക്കാരിനും ഏറ്റ കനത്ത ആഘാതമാണെന്ന നിലപാടും ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നു.
എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നീക്കത്തോട് എ.കെ.ആന്റണി അനുകൂലമായി പ്രതികരിക്കാനുള്ള സാധ്യത കുറവാണ്. കേരളത്തിലെ വിഷയങ്ങളില്‍ നിന്നും കുറച്ചുകാലമായി വിട്ടുനില്‍ക്കുന്ന ആന്റണി നിലപാടു മാറ്റി പരസ്യ പ്രതികരണം നടത്തുന്നതിനുള്ള സാധ്യത കുറവാണ്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: