കൊല്ലം: പാലക്കാട് നടന്ന സിപിഎം സംസ്ഥാന പ്ളീനത്തിl കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം.മാണിയെ പങ്കെടുപ്പിച്ചത് ശരിയായില്ലെന്ന് ആര്‍എസ്പിയുടെ വിമര്‍ശനം. ഘടകക്ഷികളെ തഴഞ്ഞ ശേഷം മാണിയെ പ്ളീനത്തില്‍ പങ്കെടുപ്പിക്കേണ്ടിയിരുന്നില്ലെന്നും ആര്.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന് പറഞ്ഞു.
വിവാദ വ്യവസായിയുടെ പരസ്യം സി.പി.എം മുഖപത്രമായ ‘ദേശാഭിമാനി’യില്‍ സ്വീകരിച്ചതിലും ചന്ദ്രചൂഡന് അതൃപ്തി രേഖപ്പെടുത്തി. സിപിഎമ്മിന്റെ വാക്കിലും പ്രവൃത്തിയിലും വൈരുദ്ധ്യമുണ്ടന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടവരുത്തുന്നതാണ് പരസ്യമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് ആര്‍എസ്പി. ആവശ്യപ്പെടുമെന്നും ചന്ദ്രചൂഡന് കൂട്ടിച്ചേര്‍ത്തു. ആര്‍എസ്പിയുടെ നേതൃക്യാമ്പിലാണ് ചന്ദ്രചൂഡന്റെ വിമര്‍ശനം. ദേശാഭിമാനിയിലെ വിവാദ പരസ്യത്തിനെതിരെ സിപിഎം നേതാക്കള്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. അതിന് പിന്നാലെ ആര്‍എസ്പിയും വിവാദ പരസ്യത്തിനെതിരെ രംഗത്തെത്തിയത്.
പ്ളീനത്തിനോടനുബന്ധിച്ച് ഉദാരവത്കരണവും ബദല്‍ നയങ്ങളും എന്ന വിഷയത്തിലാണ് ധനകാര്യ മന്ത്രി കെ എം മാണി പ്രസംഗിച്ചത്. ആദ്യദിവസം നടത്തേണ്ടിയിരുന്ന പ്രസംഗം മാണിയുടെ സൗകര്യാര്‍ത്ഥം രണ്ടാമത്തെ ദിവസത്തേക്ക് മാറ്റുകപോലും ചെയ്തിരുന്നു. പ്ളീനത്തില്‍ പങ്കെടുത്ത കെ എം മാണിക്ക് ലഭിച്ച സ്വീകാര്യതയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: