ന്യൂദല്‍ഹി: ചക്കിട്ടപ്പാറ ഖനനവിഷയത്തില്‍ സര്‍ക്കാരിന് മൃദുസമീപനമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. വിവാദം ഉണ്ടായപ്പോള്‍ തന്നെ വ്യവസായ വകുപ്പ് അനുമതി റദ്ദാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം കൃത്യമായി പഠിക്കാന്‍ വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കുറ്റക്കാരെ ആരെയും വെറുതേ വിടില്ല. അതേസമയം നിരപരാധികളെ ശിക്ഷിക്കുകയുമില്ല. അന്വേഷണം സംബന്ധിച്ചുള്ള കാര്യം വ്യവസായ വകുപ്പ് പരിശോധിച്ചു വരികയാണ്. മന്ത്രിസഭയിലും മറ്റും ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ആര് എന്നുള്ളതല്ല പ്രശ്നം, എന്തു ചെയ്തു എന്നതിനാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി ദല്‍ഹിയില്‍ പറഞ്ഞു.
എളമരം കരീമിനെതിരെ അന്വേഷണം നടത്തുന്നതിന് സര്‍ക്കാര്‍ വിമുഖത കാണിക്കുന്നു എന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.ചക്കിട്ടപ്പാറയിലെ ഖനന വിവാദത്തില്‍ അന്വേഷണമില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ്. എളമരം കീരിമിനെതിരെ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.
യുഡിഎഫിനെ തകര്‍ക്കാമെന്നത് സിപിഐഎമ്മിന്റെ വ്യാമോഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎമ്മിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് യാഥാര്‍ത്ഥ്യബോധമില്ല. ജനകീയ വിഷയങ്ങളില്‍ ഇടതുമായി ഒരുമിക്കാന്‍ തയ്യാറാണ്. സിപിഎം പ്ളീനത്തില്‍ കെ.എം മാണി പങ്കെടുത്തതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോജിക്കാനാവുന്ന മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് നന്മ ചെയ്യാന്‍ കഴിയും. ജനസമ്പര്‍ക്ക പരിപാടിയിലേക്ക് സി.പി.എമ്മിനെയും ക്ഷണിച്ചിരുന്നു. അവര്‍ മാറി നിന്നെങ്കിലും പാര്‍ട്ടി അനുയായികള്പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: