കണ്ണൂര്‍/പയ്യന്നൂര്‍: മാര്‍ക്സിസ്റ്റ് അറുകൊല രാഷ്ട്രീയത്തിനിരയായി വീരാഹൂതി ചെയ്യപ്പെട്ട ആര്‍എസ്എസ് പയ്യന്നൂര്‍ ശാഖാ കാര്യവാഹും യുവമോര്‍ച്ചാ പ്രവര്‍ത്തകനുമായിരുന്ന സി.എം.വിനോദ്കുമാറിന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ ഉച്ചക്ക് 12 മണിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ. കെ.കെ.ബാലറാം, പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, വൈസ്പ്രസിഡന്റ് എം.ടി.രമേശ്, ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, ജില്ലാ പ്രസിഡന്റ് കെ.രഞ്ചിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ വിനോദ്കുമാറിന്റെ ഭൗതിക ദേഹത്തില്‍ കാവി പട്ട് പുതപ്പിച്ചശേഷം പ്രത്യേകമൊരുക്കിയ വാഹനത്തില്‍ നേതാക്കളടക്കം നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിലാപയാത്രയായി ഉച്ചക്ക് 12.30 മണിയോടെയാണ് പയ്യന്നൂരില്‍ പൊതുദര്‍ശനത്തിനായെത്തിച്ചത്. ഹര്‍ത്താല്‍ ദിനമായിട്ടും ആയിരങ്ങളാണ് പ്രിയ സഹോദരന് അന്തിമോപചാരമര്‍പ്പിക്കാനായി പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റ് പരിസരത്തെത്തിയത്.
സംഘപരിവാര്‍ നേതാക്കളായ പി.സുധീര്‍, പി.ഉണ്ണിക്കൃഷ്ണന്, വത്സന് തില്ലങ്കേരി, എസ്.സുദര്ശന്, വി.കെ.സജീവന്, സി.വി.രാജേഷ്, വി.വി.രാജന്, പി.പി.സുരേഷ്ബാബു, വി.ശശിധരന്, പി.കെ.വേലായുധന്, മടിക്കൈ കമ്മാരന്, പി.പി.കരുണാകരന് മാസ്റ്റര്‍, ബിജു ഏളക്കുഴി, എം.പി.രാജീവന്, പി.സത്യപ്രകാശ്, എസ്.കെ.കുട്ടന്, എം.മഹേഷ്, എ.പി.ഗംഗാധരന്, സി.വി.തമ്പാന്, വിഷ്ണു, എം.തമ്പാന്, ടി.ബിജു, കെ.പി.അരുണ്‍, കെ.ബി.പ്രജില്‍, കെ.പ്രമോദ്, കോണ്‍ഗ്രസ് നേതാക്കളായ കെ.സുരേന്ദ്രന്, എം.നാരായണന്‍കുട്ടി, എം.പി.ഉണ്ണിക്കൃഷ്ണന്, മുസ്ലീംലീഗ് നേതാവ് കെ.കെ.അഷ്റഫ് തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ പരിയാരത്തും പയ്യന്നൂരിലും കീച്ചേരിക്കുന്നിലെ വീട്ടിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
സംഘപരിവാര്‍ പ്രവര്‍ത്തകനെന്ന നിലയിലും ഫോട്ടോഗ്രാഫറായും ഏറെക്കാലം പയ്യന്നൂരില്‍ പ്രവര്‍ത്തിച്ച വിനോദ്കുമാറിന് നാടൊന്നടങ്കമാണ് അശ്രുപൂര്‍ണ മിഴികളോടെ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വിലാപയാത്രയായി വഴിയിലുടനീളം നിരവധി കേന്ദ്രങ്ങളില്‍ വന്‍ജനാവലിയുടെ ആദരാഞ്ജലികളേറ്റ് വാങ്ങി വൈകുന്നേരം 3.30 ഓടെ കീച്ചേരിയിലെ വീട്ടിലെത്തിച്ചു. മാര്‍ക്സിസ്റ്റ് കേന്ദ്രമായിട്ടും ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ടവനെ ഒരു നോക്കുകാണാന്‍ അവിടെ തടിച്ചുകൂടിയിരുന്നത്. പൊന്നുമോന്റെ ചേതനയറ്റ ശരീരം അവസാനമായൊന്ന് കാണാനും അന്ത്യചുംബനമര്പ്പിക്കാനുമെത്തിയ മാതാപിതാക്കളായ ചന്ദ്രശേഖരനും ശോഭയും സഹോദരങ്ങളായ വിജിന്, വിപിന്‍ എന്നിവരും ദുഃഖം സഹിക്കാന്‍ കഴിയാതെ വിതുമ്പുമ്പോള്‍ കണ്ടുനിന്നവരും കണ്ണീരടക്കാന്‍ പാടുപെടുകയായിരുന്നു. അന്ത്യപ്രണാമത്തിനും പ്രാര്‍ത്ഥനക്കും ശേഷം വിനോദ്കുമാറിന്റെ ഭൗതികദേഹം കീച്ചേരിക്കുന്നിലെ സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു. അനുജന്മാരായ വിജിന്, വിപിന്‍ എന്നിവര്‍ ചിതക്ക് തീ കൊളുത്തി.
അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകരായ ലക്ഷ്മണന്, നാരായണന് എന്നിവര്‍ക്കും അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരും മംഗലാപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
വിനോദ്കുമാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷ മേഖലകളിലെല്ലാം വന്‍ പോലീസ് സേനയെ വിന്യസിപ്പിച്ചിരിക്കുകയാണ്. തളിപ്പറമ്പ്, കണ്ണൂര്‍, താലൂക്കുകളിലെ 50 ഓളം വില്ലേജുകളില്‍ ഡിസംബര്‍ 6 വരെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ സിപിഎം നടത്തിയ അറുംകൊല സമാധാന പ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കൊലപാതകത്തെ തുടര്‍ന്ന് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങളും സര്‍ക്കാരോഫീസുകളും അടഞ്ഞുകിടന്നു. വാഹനങ്ങള്‍ക്ക് ഹര്‍ത്താല്‍ ബാധകമല്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും സ്വമേധയാ ഓട്ടം നിര്‍ത്തി ഹര്‍ത്താലുമായി സഹകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: