കാസര്‍കോട്: വ്യവസായ മന്ത്രിയായിരിക്കേ എളമരം കരീം കാസര്‍കോട്ട് ബോക്സൈറ്റ് ഖാനനത്തിന് ബഹുരാഷ്ട്ര കമ്പനിയായ ആഷാപുരയ്ക്ക് നല്കിയ അനുമതിയും അഴിമതി നിഴലില്‍. അനുമതിക്കെതിരെ പ്രതിഷേധമുയരുകയും മുഖ്യമന്ത്രിയായിരുന്ന വി.എസ് ഇടപെട്ട് തുടര്‍നടപടികള്‍ താത്കാലികമായി നിര്ത്തിവയ്പ്പിക്കുകയുമായിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖാനനത്തിന് സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കുന്നതിനായി എളമരം കരീം അഞ്ച് കോടി കൈപ്പറ്റിയതായി അടുത്തിടെ വെളിപ്പെടുത്തലുണ്ടായിരുന്നു. ഇതേകാലത്താണ് കാസര്‍കോട് കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖാനനത്തിന് ആഷാപുരയ്ക്ക് വ്യവസായ വകുപ്പ് അനുമതി നല്‍കിയത്. നേരത്തെ ലഭിച്ച അനുമതി ചൂണ്ടിക്കാട്ടി ഖാനനത്തിന് കമ്പനി വീണ്ടും നീക്കം തുടങ്ങിയിട്ടുണ്ട്.
ജൈവ വൈവിധ്യക്കലവറയായ കിനാനൂര്‍ കരിന്തളത്തെ കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖാനനത്തിനായി 2006ലാണ് ആഷാപുര നീക്കം തുടങ്ങിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം പ്രദേശവാസികളില്‍ നിന്നും ഉയര്‍ന്നുവന്നു. മേധാപട്കര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക പ്രവര്‍ത്തകര്‍ പിന്തുണയുമായി കടലാടിപ്പാറയില്‍ എത്തിയിരുന്നു. സിപിഎം ജില്ലാ നേതൃത്വം നേരിട്ട് സമരരംഗത്തിറങ്ങുകയും ചെയ്തു. എന്നാല്‍ സിപിഎമ്മിനെ പോലും ഞെട്ടിച്ച് 2007ല്‍ ഖാനനത്തിന് അനുവാദം നല്കി വ്യവസായ വകുപ്പ് ഉത്തരവിറക്കി. ഇത് രാഷ്ട്രീയമായി സിപിഎമ്മിന് ഏറെ തിരിച്ചടി ഉണ്ടാക്കി. ആഷാപുരക്കെതിരായ പ്രതിഷേധം ഇടത് സര്‍ക്കാറിനെതിരെ തിരിഞ്ഞതോടെ ജില്ലാ നേതാക്കളും പി.കരുണാകരന് എംപിയും വിഎസിനെ സമീപിച്ച് തുടര്‍ നടപടികള്‍ നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.
പാര്‍ട്ടി ജില്ലാ ഘടകം നടത്തുന്ന സമരത്തെപ്പോലും അവഗണിച്ചാണ് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ആഷാപുരയ്ക്ക് അനുമതി നല്‍കിയത്. സാധ്യതാ പഠനം നടത്താതെയും പാരിസ്ഥിതിക പ്രത്യാഘാതം കണക്കിലെടുക്കാതെയും തിടുക്കപ്പെട്ടായിരുന്നു നടപടി. പൊതുമേഖലാ സ്ഥാപനത്തെ പരിഗണിച്ചില്ല.
വ്യവസായ വകുപ്പിന്റെ അനുമതി നിലനില്‍ക്കുന്നതിനാല്‍ ഖാനനത്തിന് ആഷാപുര വീണ്ടും നീക്കം തുടങ്ങിയിട്ടുണ്ട്. കടലാടിപ്പാറയില്‍ സമരപ്പന്തലും ഉയര്‍ന്നു.
ഖാനനത്തിനായി സാധ്യതാ പഠനത്തിനും ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കുന്നതിനുമായി പരിസ്ഥിതി മന്ത്രാലയം ഡയറക്ടര്‍ക്ക് കമ്പനിയുടെ റിസോഴ്സ് വിഭാഗം വൈസ് പ്രസിഡണ്ട് രജനീകാന്ത് പജ്വാനി അപേക്ഷ നല്കി. ഇരുന്നൂറ് ഏക്കര്‍ സ്ഥലത്ത് ഖാനനം നടത്താനാണ് നീക്കം. 2007ലെ ഗവണ്മെന്റ് ഉത്തരവ് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തെയും ആഷാപുര സമീപിച്ചിട്ടുണ്ട്. തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങളാണ് കേന്ദ്രസര്‍ക്കാറിന് മുന്നില്‍ ഇപ്പോള്‍ കമ്പനി സമര്‍പ്പിച്ചിരിക്കുന്നത്. പട്ടികജാതി കോളനി ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന കടലാടിപ്പാറ വിജന പ്രദേശമെന്നാണ് കമ്പനിയുടെ വാദം. ഖാനനം ആരംഭിച്ചാല്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയുമുണ്ട്. പാറയില്‍ നിന്നാല്‍ കടല്‍ കാണാന്‍ കഴിയുമെന്ന പ്രദേശമായതിനാലാണ് കടലാടിപ്പാറയെന്ന പേര് വന്നത്. ഖാനനം നടന്നാല്‍ ഈ പച്ചത്തുരുത്ത് വെറുമൊരു ഓര്‍മ്മയായി അവശേഷിക്കും. ആശങ്കകള്‍ സിപിഎം തന്നെ പങ്കുവെക്കുമ്പോഴും എളമരം കരീം അനുമതി നല്‍കിയതെന്തിനെന്ന ചോദ്യം ദുരൂഹമായി അവശേഷിക്കുന്നു. തുടര്‍നടപടികള്‍ നിര്‍ത്തിവെക്കുന്നതിന് വി.എസ്.അച്ചുതാനന്ദനാണ് ഇടപെട്ടതെന്നതും ശ്രദ്ധേയമാണ്.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: