കൊച്ചി: മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ചിത്രമായി അറിയപ്പെടുന്ന ജ്ഞാനാംബികയിലെ ഗാനം ഇപ്പോഴത്തെ തലമുറയിലെ ആരെങ്കിലും കേട്ടിട്ടുണ്ടാകുമോ? അതേപോലെ ഇതുവരെ ഇറങ്ങിയിട്ടുള്ള സിനിമകളിലെ ഗാനങ്ങളെക്കുറിച്ച് എന്തെങ്കിലും സംശയം? അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ പള്ളുരുത്തി സ്വദേശി എ.എം.അഷറഫിന്റെ വീട്ടിലെത്തിയാല്‍ മതി. ഉത്തരം കിട്ടും. ഒപ്പം ഇന്നേവരെ കേള്‍ക്കാത്ത പഴയ ഗാനങ്ങള്‍ മുതല്‍ ഏറ്റവും പുതിയ ചിത്രങ്ങളിലെ പാട്ടുകള്‍ വരെ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കും. ഇദ്ദേഹത്തിന്റെ പക്കലുള്ള ഈ ഗാനശേഖരത്തെപ്പറ്റി കേട്ടറിഞ്ഞ് ഗാനഗന്ധര്വ്വന് യേശുദാസ് വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് അഷറഫ് ഇപ്പോള്‍. താന്‍ പാടിയ ഗാനങ്ങളില്‍ പലതും ഇപ്പോള്‍ കൈവശം ഇല്ലെന്ന് പറഞ്ഞ യേശുദാസ് അഷറഫിന്റെ ഗാനശേഖരം കണ്ട് ആശ്ചര്യപ്പെട്ടു.
ഇതൊരു സ്വകാര്യ ശേഖരമാണ്. വില്ക്കുവാനോ പകര്പ്പെടുക്കുവാനോ ഉള്ളതല്ല എന്ന് വീട്ടിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മനസ്സിലാകും വിധത്തില്‍ എഴുതിവച്ചിരുന്നുവെങ്കിലും ഗാനഗന്ധര്‍വ്വനെ അഷറഫ് നിരാശനാക്കിയില്ല. കാല്പാടുകളിലെ പാട്ടുകള്‍ മുതല്‍ 1980 വരെ ദാസേട്ടന് ഹിന്ദിയിലും തമിഴിലും ആലപിച്ച മുഴുവന്‍ ഗാനങ്ങളും അഷറഫ് കൈമാറി. ബാക്കി ഗാനങ്ങള്‍ ഉടന്‍ യേശുദാസിന് സമര്‍പ്പിക്കുമെന്നും പറയുന്നു. യേശുദാസ് തന്റെ സുഹൃത്തായ ആര്.തങ്കരാജില് നിന്നാണ് ഈ ഗാനശേഖരത്തെപ്പറ്റി അറിയുന്നത്. ഇത്ര വിശാലമായ പാട്ടുകളുടെ ശേഖരം താന്‍ ആദ്യമായി കാണുകയാണെന്ന് ദാസേട്ടനും സമ്മതിച്ചതായി അഷറഫ് പറയുന്നു.
35 വര്‍ഷം മുമ്പാണ് തനിക്ക് ഈ ഭ്രമം തുടങ്ങിയതെന്ന് അഷറഫ്. തന്റെ വല്യമ്മയും ഇത്തരത്തില്‍ റിക്കാര്ഡുകളടങ്ങിയ ഡിസ്ക് വാങ്ങിക്കൂട്ടുമായിരുന്നെന്നും ആ ശീലമാവാം തനിക്കും കിട്ടിയതെന്നും അഷറഫ് പറയുന്നു. കൊച്ചിയിലെ ഒരു കടയില്‍ നിന്നാണ് അന്ന് റിക്കാര്‍ഡുകള്‍ വാങ്ങിയിരുന്നത്. കാസറ്റിന്റെ രംഗപ്രവേശത്തോടെ ഇവ അപ്രത്യക്ഷമായി. തന്റെ പക്കലുള്ള എല്ലാ ഗാനങ്ങളും കമ്പ്യൂട്ടറിലേക്കും സിഡിയിലേക്കും പകര്ത്തിയിരിക്കുകയാണിപ്പോള്. സിനിമ ഗാനങ്ങളും നാടക ഗാനങ്ങളും ആല്‍ബം ഗാനങ്ങളും അടക്കം ഏകദേശം അഞ്ചര ലക്ഷത്തോളം പാട്ടുകളുടെ ശേഖരമാണ് അഷറഫിന്റെ പക്കലുള്ളത്.
ഗാനരചയിതാക്കള്‍, സംഗീത സംവിധായകര്‍, ഗായകര്‍, വര്‍ഷം, ബാനര്‍ തുടങ്ങി എല്ലാ വിവരങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ ശേഖരത്തെ വ്യത്യസ്തമാക്കുന്നത്. 1943 മുതലുള്ള ഹിന്ദി ചലച്ചിത്ര ഗാനങ്ങളും 1950 ന് ശേഷമുള്ള തമിഴ് ഗാനങ്ങളുടെ ശേഖരവും തരംഗിണിയുടെ ഒട്ടുമിക്ക ഗാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. മുകേഷ് ആലപിച്ച എല്ലാ ഹിന്ദി ഗാനങ്ങളും മുഹമ്മദ് റാഫിയുടെ 17,000 ത്തോളം ഗാനങ്ങളും ഈ ശേഖരത്തെ വ്യത്യസ്തമാക്കുന്നു. യേശുദാസിന് പുറമെ ചിത്രയും ഈ ഗാനശേഖരം കാണാന്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എം.കെ.അര്ജ്ജുനന് മാഷും താന്‍ ചിട്ടപ്പെടുത്തിയ എല്ലാ ഗാനങ്ങളുടെയും കോപ്പി അഷറഫില്‍ നിന്നും സ്വന്തമാക്കിയിരുന്നു. ജോണ്സണ് മാഷിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മകള്‍ മാഷിന്റെ ഗാനം തേടിയെത്തിയിരുന്നതായും അഷറഫ് പറയുന്നു.
ഗാനങ്ങള്‍ക്ക് പുറമെ മൂവായിരത്തോളം സിനിമകളുടെ വീഡിയോ ശേഖരവും ബാലന് മുതല്‍ അവസാനം ഇറങ്ങിയ പാട്ടുപുസ്തകങ്ങളുടെ ശേഖരവുമുണ്ട് അഷറഫിന്റെ പക്കല്‍. ആദ്യകാലങ്ങളില്‍ വീട്ടുകാരില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിട്ടതായി അഷറഫ് പറയുന്നു. കാരണം ജോലിക്ക് പോകാതെ കിട്ടുന്ന കാശ് മുഴുവന്‍ പാട്ട് ശേഖരത്തിനായി ചെലവാക്കുന്നു എന്നതിന്റെ പേരില്‍ തന്നെ. കച്ചവടത്തിനായി ലോണ്‍ എടുത്ത തുക പോലും ഇങ്ങനെ പോയി. എന്നാലും അതിലൊന്നും അഷറഫിന് പരാതിയില്ല. ഇപ്പോള്‍ രണ്ട് ആണ്മക്കളാണ് കുടുംബം നോക്കുന്നത്. ഒരു മകളും ഉണ്ട്. തന്റെ കാലശേഷം ഈ അമൂല്യശേഖരം അന്യാധീനപ്പെടുമോ എന്ന ആശങ്കയൊന്നും അഷറഫിന് ഇല്ല. വരുന്ന തലമുറയ്ക്ക് വേണ്ടി ഈ പാട്ട്ശേഖരം സര്‍ക്കാരിന്റെ കീഴിലുള്ള ഫിലിം അക്കാദമിക്ക് കൈമാറാനാണ് അഷറഫിന്റെ തീരുമാനം.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: