ബാലി: ലോകവ്യാപാര സംഘടന(ഡബ്ല്യുടിഒ)യുടെ ഇന്നു മുതല്‍ ഡിസംബര്‍ ആറുവരെ ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ഡബ്ല്യുടിഒ മന്ത്രിതല യോഗത്തിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും സാമ്പത്തിക-വാണിജ്യ നീരീക്ഷകരും അനുസ്മരിക്കുന്നത് അടല്‍ബിഹാരി വാജ്പേയിയുടെ ഭരണകാലത്തെക്കുറിച്ച്.
അന്ന് ഡബ്ല്യുടിഒയുടെ മുട്ടുവിറച്ചു, ഇന്ന് ഡബ്ല്യുടിഒയ്ക്കു മുന്നില്‍ ഇന്ത്യ മുട്ടിലിഴയുന്നു. വാജ്പേയി-മുരശൊലി മാരന് ടീമിന്റെ ദൃഢനിശ്ചയവും രാഷ്ട്രീയ തന്റേടവും ഇന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗിനും വാണിജ്യമന്ത്രി ആനന്ദ്ശര്മ്മക്കുമില്ലെന്നു പറയുമ്പോള്‍ അതില്‍ രാഷ്ട്രീയമില്ല; വാസ്തവം മാത്രം. 2001-ല്‍ ഇന്ത്യ നിശ്ചയിച്ചിടത്ത് ഡബ്ല്യുടിഒയുടെ ദോഹാ റൗണ്ട് യോഗത്തെ എത്തിക്കാന്‍ വാജ്പേയ്-മാരന് കൂട്ടുകെട്ടിനായി. ഡബ്ല്യുടിഒ എന്ന സംവിധാനത്തിന്റെ പ്രസക്തിപോലും ചോദ്യം ചെയ്യപ്പെടുമെന്ന നിലവന്നു. ഒടുവില്‍ വന്‍ രാജ്യങ്ങള്‍ ഇടപെട്ട് ഇന്ത്യക്കു മുമ്പില്‍ യാചന നടത്തിയപ്പോഴാണ് വാജ്പേയി അയഞ്ഞത്. അന്ന് തോറ്റതിന് ഇന്നു പകരം വീട്ടാന്‍ കച്ചകെട്ടി ഇറങ്ങിയവര്ക്കുമുന്നില് ആശയവും ആശയും ഇല്ലാത്ത അവസ്ഥയിലാണ് മന്മോഹന്-ശര്‍മ്മ ടീം.
ഇന്ത്യയിലെ 70 ശതമാനം വരുന്ന കര്‍ഷകരുടെ താല്പര്യങ്ങള് ബലികഴിച്ചുള്ള ഒരു തീരുമാനത്തിലും ഇന്ത്യ ഒപ്പുവെക്കില്ലെന്നു മാത്രമല്ല, ആ വിഷയം ചര്‍ച്ചചെയ്യുന്ന യോഗത്തില്‍ ഇരിക്കുകപോലും ചെയ്യില്ലെന്ന കര്‍ക്കശ നിലപാടെടുത്തു ദോഹയില്‍ മാരന്.വാജ്പേയിയുടെയും അന്നത്തെ എന്‍ഡിഎ സര്‍ക്കാരിന്റെയും ഔദ്യോഗിക നിലപാടായിരുന്നു അത്. ഉറുഗ്വേയില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൈക്കൊണ്ട നപുംസക നിലപാടാണ് കര്‍ഷകരുടെ കഴുത്ത് അമേരിക്കന്‍ കക്ഷത്തില്‍ വെച്ചുകൊടുക്കാന്‍ ഇടവരുത്തിയിരുന്നത്. അന്ന് മാരന് പറഞ്ഞു,”ഉറുഗ്വേ നമുക്ക് തന്ന ചെക്കു മടങ്ങി; ഇനി ദോഹയില്‍ എത്ര വലിയ തുക എഴുതിത്തന്നാലും ആ ചെക്കിനു വിലയില്ല….”
ഇന്ത്യ ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് സാമ്പത്തിക-വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തി അന്താരാഷ്ട്ര സമൂഹം ഇന്ത്യയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച കാലത്തായിരുന്നു വാജ്പേയിയുടെ ഈ ദൃഢ നിലപാടെന്ന് ഓര്‍മ്മിക്കണം. ഭരണത്തലവന് നിശ്ചയിച്ചു, സഹപ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്തു, ഉദ്യോഗസ്ഥ സമൂഹത്തെ ഒപ്പം നിര്‍ത്തി. എല്ലാവര്ക്കും ഒറ്റ സ്വരമായിരുന്നു. പക്ഷേ ഇന്നോ? രാജ്യത്തിന്റെ ആശങ്ക തീര്‍ക്കേണ്ട സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രധാനമന്ത്രി മിണ്ടുന്നില്ല. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മക്ക് ആശയ വ്യക്തതയില്ല. ഉദ്യോഗസ്ഥര്‍ക്കാണെങ്കില്‍ കടുത്ത നിരാശയും.
ബാലിയില്‍ ഇന്നു തുടങ്ങുന്ന മന്ത്രിതല യോഗത്തിനു മുമ്പു ജെയിനെവയില്‍ നടന്ന നയതന്ത്രതല ചര്‍ച്ചകളില്‍ ഇന്ത്യക്ക് നയ വ്യക്തതയില്ലായിരുന്നു. ബാലിയില്‍ വികസ്വര രാജ്യങ്ങളുടെ ഇന്ത്യാ വിരുദ്ധ ലോബി കൊണ്ടുവന്നിരിക്കുന്ന വ്യവസ്ഥകളില്‍ പ്രധാനം സബ്സിഡി നിയന്ത്രണമാണ്. ഗ്രീന്‍ ബോക്സ്, റെഡ്ബോക്സ് എന്നീ വ്യവസ്ഥകളും ട്രേഡ് ഫെസിലിറ്റേഷന്‍ എന്ന സംവിധാനവും പീസ് ക്ലോസ് വ്യവസ്ഥയും മറ്റും എന്താണെന്നു പിടികിട്ടാത്ത അവസ്ഥയിലാണ് ഇന്നു വകുപ്പു മന്ത്രി ശര്‍മ്മ യോഗത്തില്‍ പങ്കെടുക്കുന്നത്. മന്ത്രിമാര്‍ മാത്രമുള്ള ഈ യോഗത്തില്‍ സാങ്കേതിക വിദഗ്ദ്ധരുടെ സഹായവും ലഭിക്കില്ല. ഡബ്ല്യുടിഒയുടെ ബാലി യോഗം തീരുമാനിക്കാന്‍ പോകുന്നത് സര്‍ക്കാര്‍ നേരിട്ടു കര്‍ഷകരില്‍നിന്നു ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പാടില്ലെന്നാണ്. സബ്സിഡികള്‍ ആകെ ഉല്‍പ്പാദന ചെലവിന്റെ 10 ശതമാനത്തിലേറെ ആകരുത്. തുറമുഖങ്ങള്‍ സമ്പന്ന രാജ്യങ്ങള്‍ക്ക് ആവശ്യാനുസരണം ഇറക്കുമതി ചെയ്യാനായി തുറന്നുകൊടുക്കണം… ഇങ്ങനെ പോകുന്ന വിഷയങ്ങള്‍. 33 രാജ്യങ്ങളെ സംഘടിപ്പിച്ച് ഇന്ത്യ തയ്യാറാക്കിയ രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പീസ്ക്ലോസെന്ന താല്കാലിക പ്രശ്ന പരിഹാര വ്യവസ്ഥ പ്രകാരം സബ്സിഡി ഇല്ലാതാക്കലിനു നാലുവര്‍ഷം സാവകാശം ലഭിക്കും. എന്നാല്‍ ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ നിയമം നാലുവര്‍ഷം കഴിഞ്ഞാല്‍ നാട്ടില്‍ നടപ്പാക്കാനാകാത്ത അവസ്ഥവരും.
വാണിജ്യ വകുപ്പു മന്ത്രി ഡബ്ല്യുടിഒ തലവന്‍ റോബര്‍ട്ടെ അസെവേഡോയെയുമായി ഇക്കഴിഞ്ഞ ഒക്ടോബര്‍ ആദ്യവാരം ചര്‍ച്ചചെയ്തപ്പോള്‍ നാലുവര്‍ഷ സാവകാശം എന്ന വ്യവസ്ഥ അംഗീകരിക്കാന്‍ സന്നദ്ധത മൂളിയിട്ടുമുണ്ട്. ബാലിയില്‍ ചര്‍ച്ചകളൊന്നുമില്ല, തീരുമാനങ്ങളേ ഉള്ളുവെന്നാണ് ഡബ്ല്യുടിഒ തലവന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക നിലപാട് ഇതാണെന്നു തീരുമാനമെടുക്കുന്ന മന്ത്രിസഭാ യോഗ നോട്ടു പോലും തയ്യാറായിരുന്നു. പക്ഷേ, ആ വിവരം ചില എന്‍ജിഒകള്‍ ചോര്‍ത്തി പുറത്തുവിട്ടതോടെ സര്‍ക്കാര്‍ മന്ത്രിസഭാ യോഗ തീരുമാനമെടുക്കാനുള്ള നീക്കത്തില്‍നിന്നു പിന്മാറുകയായിരുന്നു.
ബാലിയില്‍ ഡബ്ല്യുടിഒയുടെ നിര്‍ദ്ദിഷ്ട തീരുമാനങ്ങള്‍ നടപ്പിലായാല്‍ ഇന്ത്യന്‍ കര്‍ഷകരും ദരിദ്രരും കൂട്ട ആത്മഹത്യ ചെയ്യേണ്ടിവരും. തീരുമാനങ്ങള്‍ എടുക്കാതെ യോഗം പിരിഞ്ഞാല്‍ അതിന്റെ നേട്ടം രാജ്യസ്നേഹികളായ ചില എന്ജിഒകളുടേതായിരിക്കും, അതാണ് വാജ്പേയി-മാരന് ടീമും മന്മോഹന്-ശര്‍മ്മ ടീമും തമ്മിലുള്ള വ്യത്യാസവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: