കണ്ണൂര്‍: പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. കൊലയ്ക്കായി വ്യക്തമായ ആസൂത്രണമുണ്ടായി രുന്നെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ക്സിസ്റ്റുകാരാല്‍ കൊലചെയ്യപ്പെട്ട ജയകൃഷ്ണന്മാസ്റ്ററുടെ ബലിദാനദിനം തന്നെ പയ്യന്നൂരിലെ വിനോദ്കുമാറിനെ കൊലപ്പെടുത്താന്‍ തെരഞ്ഞെടുത്തതും ആസൂത്രണത്തിന്റെ ഭാഗമാണ്.
ബലിദാനദിന ചടങ്ങുകള്‍ക്കു പോയ പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പയ്യന്നൂരിലും പരിസരത്തും ഉച്ചയോടെ തന്നെ സിപിഎം ഇതിന്റെ ഭാഗമായി സംഘര്‍ഷം അഴിച്ചുവിട്ടിരുന്നു. സിപിഎം ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ പ്രവര്‍ത്തകരെ പിന്തുടര്ന്നാക്രമിച്ചാണ് വിനോദിനെ വെട്ടിവീഴ്ത്തിയത്. കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കും മാരകമായി വെട്ടേറ്റു. ആസൂത്രണത്തിന്റെ ഭാഗമായി നേരത്തെ കരുതിവച്ച മാരകായുധങ്ങളുമായാണ് സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചത്. ഇവരെ കാട്ടിക്കൊടുക്കാനായി എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ജില്ലാതല നേതാക്കളും അവിടെയുണ്ടായിരുന്നു.
ജയിലില്‍ നിന്ന് കൊടിസുനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റും ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്നതാണ്. ഡിസംബര്‍ ഒന്ന് തങ്ങള്‍ മറക്കില്ലെന്നാണ് കൊടിസുനി ഫെയ്സ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്. കൊടിസുനി നടത്തിയ കൊലപാതകങ്ങള്‍ക്കു പിന്നില്‍ സിപിഎം ഉന്നത നേതാക്കളായിരുന്നു. ഈ കൊലപാതകത്തിനു പിന്നിലും കൊടിസുനിയെയും അക്രമികളെയും സംരക്ഷിച്ചുകൊണ്ടിരിക്കുന്ന സിപിഎമ്മിന്റെ ഉന്നത നേതാക്കളാണ്.
പയ്യന്നൂര്‍ കൊലപാതകത്തിന് ആസൂത്രണം ചെയ്ത ഉന്നത നേതാക്കളെയും ചൂണ്ടിക്കാട്ടിയവരെയും കൊലപാതകികളെയും അറസ്റ്റ് ചെയ്യണമെന്നും വി.മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: